ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. പ്രതിപക്ഷ നിരയെ ഒരുമിച്ചു കൊണ്ടുവരാനുള്ള തീവ്രശ്രമങ്ങൾ സജീവമായി നടക്കുന്നു. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ ഈ പ്രവർത്തനങ്ങൾക്ക് അടക്കം വേഗത കൂടുമെനനാണ് വിലയിരുത്തൽ. ഇക്കുറി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു തുടക്കമാകുമ്പോൾ, കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിനു മൂർച്ച കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാർട്ടികൾ. കടുത്ത ആക്രമണവുമായി കോൺഗ്രസ് രംഗത്തുവരുമ്പോൾ ആഞ്ഞടിക്കാൻ വിഷയങ്ങൾ കൈയിൽ കരുതി തൃണമൂൽ കോൺഗ്രസും ഡിഎംകെയും രംഗത്തുണ്ട് താനും.

കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്‌ച്ചകളും ഇന്ധനവില സെഞ്ച്വറി അടിച്ചതുമെല്ലാം പ്രധാന വിഷയങ്ങളായി മാറും. ഇന്ധന വിലക്കയറ്റം, കോവിഡ് വാക്‌സീൻ വിതരണത്തിലെ പോരായ്മകൾ, ഇന്ത്യ ചൈന അതിർത്തിത്തർക്കം, റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദം, കർഷക പ്രക്ഷോഭം എന്നിവ പാർലമെന്റിൽ കോൺഗ്രസ് ഉന്നയിക്കും. ലഡാക്കിലെ വിഷയം അടക്കം പ്രതിസന്ധിയായി നിലനിൽക്കുമെന്ന സൂചന നൽകിയാണ് രാഹുൽ ഗാന്ധി അടക്കം പാർലമെന്ററി കാര്യ സമിതിയിൽ നിന്നും ഇറങ്ങിപോയതിലൂടെ വ്യക്തമാകുന്നത്.

പല വിഷയങ്ങളിലും കൃത്യമായ മറുപടി നൽകാൻ കേന്ദ്രം തയാറായിട്ടില്ലെന്ന് ആരോപിക്കുന്ന കോൺഗ്രസ്, ഇക്കാര്യങ്ങളിൽ പാർലമെന്റിനകത്ത് കേന്ദ്രത്തിൽനിന്നു വിശദീകരണം ആവശ്യപ്പെടും. കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിൽ മറ്റു പ്രതിപക്ഷ കക്ഷികളെയും കോർത്തിണക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തും. പാർലമെന്റിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ലോക്‌സഭയിലും രാജ്യസഭയിലും മുതിർന്ന എംപിമാരുൾപ്പെട്ട പാർലമെന്ററി പാർട്ടി സമിതിക്കു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രൂപം നൽകി. ശശി തരൂർ, കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമിതിയിലുണ്ട്.

ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് അധീർ രഞ്ജൻ ചൗധരിയെ മാറ്റണമെന്ന ആവശ്യം ഏതാനും കോൺഗ്രസ് എംപിമാർ ഉന്നയിച്ചെങ്കിലും അതിന് സാധ്യത കുറവാണ്. ബംഗാളിൽനിന്നുള്ള അധീർ നേതൃസ്ഥാനത്തിരിക്കുമ്പോൾ സഭയ്ക്കകത്തു തൃണമൂലുമായി കൈകോർക്കുക എളുപ്പമാവില്ലെന്നാണ് ഇവരുടെ വാദം. ബംഗാളിലെ രാഷ്ട്രീയക്കളത്തിൽ തൃണമൂലിന്റെ ബദ്ധശത്രുവാണ് അധീർ. അതുകൊണ്ടാണ് അധീറിനെ മാറ്റാൻ ആവശ്യം ഉയരുന്നത്.

അധീറിനു പകരം രാഹുൽ ഗാന്ധി വരണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, നേതൃസ്ഥാനം ഏറ്റെടുക്കാൻ താനില്ലെന്ന നിലപാടിലാണു രാഹുൽ. ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, റവനീത് സിങ് ബിട്ടു, ഉത്തം കുമാർ റെഡ്ഡി എന്നിവരുടെ പേരുകളാണു പകരം പരിഗണനയിലുള്ളത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം സോണിയയ്ക്കു വിട്ടിരിക്കുകയാണു പാർട്ടി.

കോൺഗ്രസ് പ്രസിഡന്റെന്ന നിലയിൽ ഒരുപക്ഷേ, സോണിയയുടെ അവസാന സമ്മേളനമായിരിക്കാം ഇത്തവണത്തേത് എന്നും കരുതുന്നവരുണ്ട്. പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടികൾ സമ്മേളനത്തിനു പിന്നാലെ കോൺഗ്രസ് ആരംഭിക്കും. സംഘടനാ തിരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാനുള്ള പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഓഗസ്റ്റ് രണ്ടാം വാരം സമ്മേളനം സമാപിച്ച ശേഷം ചേരുമെന്നാണു വിവരം.

അനാരോഗ്യം അലട്ടുന്ന സോണിയ എത്രയും വേഗം പ്രസിഡന്റ് പദം ഒഴിയാൻ ആഗ്രഹിക്കുന്നു. നവംബർ അവസാനത്തോടെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് കോൺഗ്രസിനു പുതിയ പ്രസിഡന്റ് വന്നേക്കും. പ്രസിഡന്റ് പദം ഒഴിഞ്ഞാലും കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ (സിപിപി) അധ്യക്ഷ പദവിയിൽ സോണിയ തുടരാനാണു സാധ്യത. പാർലമെന്റിൽ മറ്റു പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കാൻ സോണിയയുടെ നേതൃത്വം കോൺഗ്രസിന് ആവശ്യമാണ്. യുപിഎയുടെ നേതൃത്വത്തെ നയിക്കുന്നതിൽ നിർണായക റോളാണ് ഇപ്പോഴും സോണിയക്കുള്ളത്.

അതേസമയം കോൺഗ്രസിനെ കൂടാതെ ബംഗാളിൽ ബിജെപിയെ അട്ടിമറിച്ച ആവേശത്തിലാണ് തൃണമൂൽ കോൺഗ്രസ്. അവർക്കും പാർലമെന്റിൽ ബിജെപിക്കെതിരെ നീങ്ങാൻ നിരവധി കാരണങ്ങൾ ഉണ്ടകും. പാർലമെന്റിൽ കേന്ദ്രവുമായി നിരന്തരം കൊമ്പുകോർക്കുന്ന തൃണമൂൽ എംപിമാർ വർധിത വീര്യത്തോടെയായിരിക്കും ഇത്തവണ സഭയിലെത്തുക. ഈ മാസമവസാനം ഡൽഹിയിലേക്കുള്ള മമതയുടെ വരവും തൃണമൂൽ നിരയ്ക്ക് ഉണർവേകും. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ ഡൽഹിയിൽ മമത നടത്തുമെന്നാണൂ സൂചന.

അതേസമയം കേന്ദ്ര സഹകരണ മന്ത്രാലയത്തിനു രൂപം നൽകിയ മോദി സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതു കക്ഷികൾ. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രാലയ രൂപീകരണത്തെ പാർലമെന്റിൽ എതിർക്കുമെന്നും ഇതിനായി മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുമെന്നും സീതാറാം യച്ചൂരി വ്യക്തമാക്കി. മന്ത്രാലയത്തിനെതിരെ പ്രതിഷേധമുയർത്താൻ കോൺഗ്രസ്, എൻസിപി എന്നിവയും രംഗത്തിറങ്ങും.

തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാൻ കേന്ദ്രം നീക്കം നടത്തുന്നുവെന്ന പ്രചാരണം നിലനിൽക്കെ, അതിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ ഡിഎംകെ മുന്നിട്ടിറങ്ങും. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പാർട്ടി എംപിമാർക്കു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദ്ദേശം നൽകി. കൊങ്കുനാടിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള യുപിഎ കക്ഷികളുടെ പിന്തുണയും സ്റ്റാലിൻ തേടിയിട്ടുണ്ട്. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ പരസ്യമായി പാർലമെന്റിൽ പ്രതിഷേധിക്കാനാണ് ഡിഎംകെ ഒരുങ്ങുന്നത്.