കണ്ണൂർ: പേരാവൂർ 'ഏലപ്പീടികയിൽ കാർ തടഞ്ഞു നിർത്തി രണ്ട് ബിജെപി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കോളയാട് സ്വദേശികളായ ഏഴ് സിപിഎം പ്രവർത്തകരെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോളയാട് പുത്തലം സ്വദേശികളായ കിഴക്കെ കുന്നുമ്മൽ ജോർജ് ജോസഫ് (25), ഊരാളിക്കണ്ടി വീട്ടിൽ യു.കെ. ഷൈജിത്ത് (29), കിഴക്കെകുന്നുമ്മൽ ആർ. ജിനീഷ് (25), പാട്ടക്ക വീട്ടിൽ പി. ദിവിനേഷ് (33), കിഴക്കെകുന്നുമ്മൽ അഖിൽ എന്ന അപ്പു (28), പാട്ടക്ക വീട്ടിൽ പി.രാഹുൽ (30), എടയാർ ചുണ്ടത്ത് വീട്ടിൽ സി.വി. സിബിൻ (23) എന്നിവരെയാണ് കേളകം പൊലീസ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റു ചെയ്തത്. എട്ടംഗ സംഘത്തിൽ ഒരാൾകൂടി പിടിയിലാവാനുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു കഴിഞ്ഞ തിരുവോണ ദിവസം രാത്രിയാണ് ഏലപ്പീടിക സ്വദേശികളും ബിജെപി പ്രവർത്തകരുമായ കൂരക്കൽ വിപിൻ വിൽസൺ (30), കുരുവിളാനിക്കൽ പ്രബീഷ് തോമസ് (38) എന്നിവരെ വാഹനം തടഞ്ഞ് ബൈക്കുകളിലും കാറിലുമായെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. അന്നേ ദിവസം വൈകീട്ട് കണ്ടംതോട് പുൽമേടിനു സമീപം പ്രദേശവാസികളുമായി പ്രതികളുൾപ്പെടുന്ന സംഘം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു.

രാത്രിയോടെ എത്തിയ പ്രതികൾ, വൈകുന്നേരത്തെ പ്രശ്‌നത്തിൽ ഉൾപ്പെട്ടവരെന്ന ധാരണയിലാണ് വിപിനെയും പ്രബീഷിനെയും ആളുമാറി അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിനു ശേഷം പ്രതികൾ പൊലീസിന്റെ അന്വേഷണം വഴിതിരിച്ചു വിടുവാനുള്ള ശ്രമവുമുണ്ടായി. അക്രമത്തിനുശഷം ഇവർ അക്രമത്തിന് ഉപയോഗിച്ച കാറിൽ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ഇത് വഴി യാത്ര ചെയ്തതായാണ് വിവരം.

ഇത് കാർ പിടിക്കപ്പെട്ടാലും വീട്ടുകാരുമായി ഇതുവഴി യാത്ര ചെയ്തതാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു നടന്നത്. എന്നാൽ പൊലീസിന്റെ നിരീക്ഷണത്തിൽ കാർ എത്തിയ സമയവും മറ്റും പരിശോധിച്ചതിൽ ഇതിനുമുൻപും കാർ ഇതുവഴി പോയതായി കണ്ടെത്തിയിരുന്നു.ഇതോടെയാണ് ഈ നീക്കം പൊളിയുകയും പ്രതികളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തത്.