തിരുവനന്തപുരം: കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം ചെന്നു തറയ്ക്കുന്നത് മുഖ്യമന്ത്രിയിലും സിപിഎമ്മിലുമാണ്. എം ടിയെ പോലൊരാൾ അപ്രതീക്ഷിതമായി പറഞ്ഞ കാര്യങ്ങളുടെ ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ല സിപിഎം. അളന്നു മുറിച്ചുള്ള അസ്ത്രം പോലെയായിരുന്നു അദ്ദേഹത്തന്റെ പ്രസംഗം. സിപിഎം ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ പതിവായി നടക്കാറുള്ള തിരുത്തൽ നടപടികൾ കുറച്ചു കാലമായി നടക്കാറില്ല. മറിച്ച് സ്തുതിഗീതം ആലപിക്കൽ മാത്രമാണ് നടക്കുന്നതും. അതുകൊണ്ടാണ് എംടിയെ പോലുള്ളവർക്ക് വിമർശിക്കേണ്ടി വരുന്നതെന്നുമാണ് ഇടതു അണികളിലും നേതാക്കളിലും അടക്കം പൊതുവിലയിരുത്തൽ.

അധികാരപ്രമത്തതയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾക്ക് ഇരുപതാണ്ടുകൾക്കുശേഷവും ഒരു മാറ്റവും വരത്തക്ക രീതിയിൽ സമൂഹമോ രാഷ്ട്രീയമോ മാറിയിട്ടില്ല എന്ന ബോധ്യമായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് സാഹിത്യോത്സവത്തിൽ എം ടി വാസുദേവൻ നായർ നടത്തിയ പ്രസംഗം. 12 വർഷം മുമ്പുള്ള പ്രസംഗം വീണ്ടും എംടി എന്തിനു വായിച്ചു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ സൈബറിടത്തിൽ ക്യാപ്‌സ്യൂൾ ഇറക്കിയാലും വിഷയം ചർച്ചയാകുന്നതും വഴിതിരിക്കുന്നതും എളുപ്പം സാധ്യമല്ല. ഈ ബോധ്യത്തിലാണ് സിപിഎമ്മും.

2003ൽ പുറത്തിറങ്ങിയ സ്‌നേഹാദരങ്ങളോടെ എന്ന പുസ്തകത്തിലെ, ഇ.എം.എസ്സിന് പ്രണാമർപ്പിച്ചുകൊണ്ടെഴുതിയ 'ചരിത്രപരമായ ഒരാവശ്യം' എന്ന ലേഖനത്തിൽനിന്നുള്ള ഭാഗങ്ങൾ സാഹിത്യോത്സവ വേദിയിൽ പ്രസംഗ രൂപത്തിൽ ആക്കുകയായിരുന്നു എംടി. എം ടിയുടെ 'സ്നേഹാദരങ്ങളോടെ' എന്ന പുസ്തകത്തിലാണ് 'ചരിത്രപരമായ ഒരാവശ്യം' എന്ന ലേഖനം അച്ചടിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, മേയർ ബീന ഫിലിപ് മറ്റ് രാഷ്ട്രീയ- സാംസ്‌കാരികപ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു എം ടിയുടെ പ്രസംഗം.

നേതൃപൂജയെക്കുറിച്ചും അധികാരാധിപത്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഏകാധിപത്യത്തെക്കുറിച്ചും പരാമർശിച്ച പ്രസംഗം നിമിഷനേരം കൊണ്ട് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അതേസമയം വിഷയത്തിൽ കാര്യമായ പ്രതികരണം നടത്താതെ അവഗണിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സിപിഎം ഇ.എം.എസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുമ്പ് എം ടി എഴുതിയ ലേഖനത്തിലും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്. അതിനാൽ ഇതുസംബന്ധമായ വിവാദത്തിൽ കക്ഷി ചേരേണ്ടെന്നും സിപിഎം വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയെ ആണ് എം ടി വിമർശിച്ചത് എന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം. പ്രതിപക്ഷം ഇത് സർക്കാരിനെതിരായ ആയുധമാക്കുകയും ചെയ്തു. എന്നാൽ എം ടിയുടെത് കേന്ദ്രസർക്കാരിന് എതിരായ വിമർശനമാണ് എന്നായിരുന്നു ഇ.പി. ജയരാജന്റെ പ്രതികരണം. എന്നാൽ 20 വർഷം മുമ്പ് എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളാണ് എം ടി വായിച്ചത് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

അതേസമയം എം ടിയുടെ വിമർശനം ഏറ്റെടുത്ത് പ്രതിപക്ഷനേതാക്കളും സാംസ്‌കാരികനായകരും രംഗത്തുവന്നിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കും ഏതിരേയാണ് എം ടിയുടെ വിമർശനമെന്ന് പ്രതിപക്ഷമടക്കം ഊന്നിപ്പറയുമ്പോഴും എം ടിയുടെ പരാമർശം കേന്ദ്ര സർക്കാരിനെതിരെയാണെന്ന മറുപടിയിൽ പ്രതിരോധം തീർക്കുകയാണ് സിപിഎം. സർക്കാരിനെതിരേ ഉയരുന്ന വിഷയങ്ങളിൽ പ്രതിരോധം തീർക്കുന്ന പല ഇടതുപക്ഷ പ്രൊഫൈലുകളും എം ടി. വിഷയത്തിൽ മൗനം തുടരുകയാണ്.

ഇപിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനുമാണ് വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധിച്ചു രംഗത്തുവന്നത്. പിണറായിയെ ഉദ്ദേശിച്ചല്ല വിമർശനമെന്ന് എം ടി.തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. അത്തരത്തിൽ ഉദ്ദേശിക്കേണ്ട കാര്യവും എം ടിക്ക് ഇല്ല. കേരളത്തിന്റെ മഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. എം ടി. പ്രസംഗത്തിൽ ഒരു പരാമർശം നടത്തി. അത് ആരെപ്പറ്റിയായി വേണമെങ്കിലും ആർക്കുവേണമെങ്കിലും എടുക്കാം. ഇഎംസും അങ്ങനെ ആയിരുന്നില്ല, പിണറായി വിജയനും അങ്ങനെ ആയിരുന്നില്ലെന്നായിരുന്നു സജിചെറിയാന്റെ പ്രതികരണം.

എന്നാൽ, എം ടിയുടെ വിമർശനങ്ങൾ കൃത്യവും വ്യക്തവും ആയിരുന്നെന്നും അത് മുഖ്യമന്ത്രിക്കും സർക്കാരിനെതിരേയുമാണെന്നും വ്യക്തമാക്കിക്കൊണ്ട് എഴുത്തുകാരൻ എൻ.ഇ. സുധീർ ഫേസ്‌ബുക്കിൽ രംഗത്തെത്തി. വിമർശിക്കുകയായിരുന്നില്ലെന്നും ചില യാഥാർഥ്യങ്ങളാണ് പറഞ്ഞതെന്നും എം ടി. തന്നോട് പറഞ്ഞതായി എൻ.ഇ. സുധീർ ഫേസ്‌ബുക്കിൽ കുറിച്ചു. വിമർശനം ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലതെന്ന് എം ടി. വ്യക്തമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.

എം ടി. പറഞ്ഞത് മൂർച്ചയേറിയ വാക്കുകളാണെന്നും ഒരു കാരണവശാലും അത് ബധിര കർണത്തിൽ പതിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. സർക്കാരിന് സ്തുതി ഗീതം പാടുന്നവർ അത് കേൾക്കണം. പ്രതിഷേധിക്കാനുള്ള അവകാശം അടിച്ചമർത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോൾ എം ടിയെ പോലെ ഒരാൾ പ്രതികരിച്ചതിൽ സന്തോഷം. അതിനെ വഴിതിരിച്ചുവിടാനല്ല നോക്കേണ്ടത്. വഴിതിരിച്ചുവിട്ടാൽ രാജ്യം അപകടത്തിലേക്ക് പോകും. സമകാലിക രാഷ്ട്രീയ സാഹചര്യമാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചതെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികരിക്കാൻ മറന്ന സാംസ്‌കാരിക പ്രവർത്തകർക്കുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം ടി. ഉദ്ദേശിച്ചത് കേരളത്തെക്കുറിച്ച് തന്നെയാണെന്നായിരുന്നു കെ. മുരളീധരൻ എംപിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായിയെ ആണ് വിമർശിച്ചത്. വായിക്കുന്നവർക്കും കേൾക്കുന്നവർക്കും കാര്യം മനസ്സിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസ്സിലാകാഞ്ഞിട്ടല്ല. കാര്യം പറഞ്ഞാൽ പണി പോകുമെന്ന് പേടിയാണ് ഇ.പിക്ക്. എം ടി. പറഞ്ഞത് മോദിക്കും പിണറായിക്കും ബാധകമാണെന്നും കെ. മുരളീധരൻ പറഞ്ഞു.

എം ടിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും കലാസാംസ്‌കാരിക രംഗത്തുള്ളവരും രംഗത്തെത്തി. എം ടിയുടേത് അധികാരത്തെപ്പറ്റിയുള്ള പൊതുവായ അഭിപ്രായമാണെന്നായിരുന്നു കവി കെ. സച്ചിദാനന്ദന്റെ പ്രതികരണം. വ്യാഖ്യാനങ്ങൾ പലതുണ്ടെന്നും ബാക്കിയെല്ലാം വിവക്ഷകളാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഒരാളെയോ സന്ദർഭത്തെയോ എം ടി. ചൂണ്ടിപ്പറഞ്ഞിട്ടില്ല. കേരള സാഹചര്യത്തെക്കുറിച്ചാണെന്നോ അല്ലെന്നോ പറയാനാകില്ല. ദാർശനിക പ്രസ്താവന എന്ന നിലയ്ക്ക് എം ടി. പറഞ്ഞത് ശരിയാണ്. അതൊരു വ്യക്തിയുമായി ബന്ധപ്പെട്ടതെന്ന് പറയാനാകില്ല. കേന്ദ്ര സാഹചര്യത്തെ പറ്റിയെന്നും വ്യാഖ്യാനിക്കാം. മുഖസ്തുതി കമ്മ്യൂണിസത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.

എം ടി. വാസുദേവൻ നായർ നടത്തിയത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രിയെക്കുറിച്ചല്ലെന്നും സിപിഎം സഹയാത്രികനും എഴുത്തുകാരനുമായ അശോകൻ ചരുവിൽ രംഗത്തെത്തി. എം ടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരെയെന്ന് വ്യാഖ്യാനിക്കാൻ നികൃഷ്ട മാധ്യമശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കിൽ കുറിച്ചു.

മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടിയാണെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. എം ടി. ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പിക്കൊണ്ടിരിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടിയും ഫേയ്‌സ്ബുക്കിൽ കുറിച്ചു. എം ടി. ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.