കാസർഗോഡ്: ഫാഷൻ ഗോൾഡ് സാമ്പത്തിക തട്ടിപ്പിൽ 160 ഓളം കേസുകളിൽ പ്രതി സ്ഥാനത്തുള്ള പൂക്കോയ തങ്ങൾ ഒടുവിൽ കിഴടങ്ങി. ഒമ്പതു മാസം ഒളിവിൽ ഓടിത്തളർന്ന ശേഷമാണ് തങ്ങൾ കീഴടങ്ങിയത്. ഹൊസ്ദുർഗ് കോടതിയിലാണ് ഇന്ന് അഡ്വ. പി.വൈ അജയകുമാറിന്റെ പുതിയകോട്ട മുഖ്യ തപാലാപ്പിസിനെതിർവശത്തെ ഓഫീസിൽ നിന്ന് സ്വകാര്യ വാഹനത്തിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് കോടതിയിലേക്കെത്തിയത് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കരുണാകരന്റെ മുമ്പാകെയാണ് ഹാജരായത്.

എംഎ‍ൽഎയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്. ഫാഷൻ ഗോൾഡ് ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബർ 7 ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഫാഷൻ ഗോൾഡ് എം.ഡിയായിരുന്ന പൂക്കോയ തങ്ങൾ ഒളിവിൽ പോയത്. കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാതെ എം.സി കമറുദ്ദീൻ എംഎ‍ൽഎയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു.

നാലു ജില്ലകളിലായി വ്യാപിച്ചുകിടന്ന 148 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഫാഷൻ ഗോൾഡ് ചെയർമാനും അന്നത്തെ മഞ്ചേശ്വരം എംഎ‍ൽഎയുമായിരുന്ന എം.സി. ഖമറുദ്ദീൻ അറസ്റ്റിലായത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം മുസ്‌ലിം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസു കൂടിയാണിത്. മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംഎ‍ൽഎ പ്രതിയായ കേസായതിനാൽ തെരഞ്ഞെടുപ്പിൽ എതിർപക്ഷങ്ങൾ ഇത് പ്രചരണ വിഷയമാക്കിയിരുന്നു. ഫാഷൻ ഗോൾഡ് കേസ് അഴിമതിയല്ലെന്നും കച്ചവടം തകർന്നതാണെന്നുമാണ് മുസ്‌ലിം ലീഗ് വിശദീകരിച്ചിരുന്നത്.

148 കേസുകളിലായി സ്വർണനിക്ഷേപ തട്ടിപ്പിന്റെതായി 80ഓളം രേഖകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഇതിൽ മൂന്നുരേഖകളിൽ മാത്രമാണ് എം.സി. കമറുദ്ദീൻ ഒപ്പുവെച്ചത്. മറ്റുള്ള മുഴുവൻ രേഖകളിലും കമ്പനി എം.ഡി എന്നനിലയിൽ പൂക്കോയ തങ്ങളാണ് ഒപ്പുവെച്ചത്. കമറുദ്ദീനെ പിടികൂടിയതോടെ കേസിലെ അന്വേഷണതാൽപര്യങ്ങൾ സർക്കാർ അവസാനിപ്പിച്ചുവെന്ന തരത്തിൽ ആക്ഷേപമുണ്ടായിരുന്നു.

നിലവിൽ അന്വേഷണം ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. അന്വേഷണ ഉദ്യേഗസ്ഥർ ഇപ്പോൾ മറ്റു പല ചുമതലകളിലുമാണ്. അതിനിടയിലാണ് മുഖ്യപ്രതിയായ പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്.