പത്തനംതിട്ട: 'കിലുക്കം' സിനിമയിലെ രേവതിയെ പോലെ ഓരോ സമയത്തും ഓരോ കാര്യങ്ങളാണ് സ്വപ്ന പറയുന്നത്. ഇതിനെല്ലാം വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ കഥാപാത്രത്തിന്റെ അവസ്ഥയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ്. ഇതിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

കേരളത്തിൽ കോൺഗ്രസ് കാതോർക്കുന്നത് 'കള്ളക്കടത്തുകാരി'യായ സ്വപ്നയുടെ വാക്കുകൾക്കാണെന്നും തട്ടിപ്പുകാരിയുടെ വാക്ക് കേട്ട് തല്ലു കൊള്ളേണ്ടിവന്ന നിർഭാഗ്യവാന്മാർ എന്ന് യൂത്ത്‌കോൺഗ്രസുകാരെ കാലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നോക്കിനിൽക്കുമ്പോൾ മാഞ്ഞുപോകുന്ന പാർട്ടിയായി കോൺഗ്രസ് മാറി. ഇന്നലെ നഗ്‌നനേത്രങ്ങൾകൊണ്ട് കാണാമായിരുന്ന കോൺഗ്രസിനെ ഇന്ന് ഭൂതകണ്ണാടി ഉപയോഗിച്ച് നോക്കിയാലെ കാണാനാകൂ. വസ്തുതാപരമായ ഒരു ആരോപണവും ഉയർത്താൻ യുഡിഎഫിന് കഴിയുന്നില്ല. എല്ലാ മേഖലയിലും വികസനം കൊണ്ടുവന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു

സ്വരാജിന് രാഹുൽ മാങ്കുട്ടത്തിലിന്റെ മറുപടി ഇങ്ങനെ:

എഫ്ബി പോസ്റ്റിന്റെ പൂർണ രൂപം:

രേവതി പറയുന്നതെല്ലാം വിശ്വസിക്കുന്ന കിലുക്കം സിനിമയിലെ മോഹൻലാൽ ആണ് പ്രതിപക്ഷ നേതാവ് എന്ന് സ്വരാജ് പറയുന്നത് കേട്ടു.ശ്രീ വി ഡി.സതീശൻ മോഹൻലാൽ ആണോ മമ്മൂട്ടിയാണോയെന്ന തർക്കം അവിടെ നിക്കട്ടെ.....

സ്വപ്ന രേവതിയാണെങ്കിൽ, പിണറായി വിജയനാണ് ജസ്റ്റിസ് പിള്ള എന്ന തിലകൻ കഥാപാത്രം. തിലകന്റെ മാനസപുത്രിയായ രേവതിയെ പഠിപ്പിച്ച് വളർത്തിയത് തിലകനാണ്. പിന്നീട് രേവതി തിലകന്റെ 'മീശ' എടുത്ത് കളയുന്നത് വരെ നമ്മൾ കണ്ടു.എന്തായാലും കിലുക്കത്തിലെ നിശ്ചൽ കുമാറാണ് സ്വരാജ്. വരുന്നവന്റെയും പോകുന്നവന്റെയും കൈയിൽ നിന്ന് ''തല്ല്' കൊള്ളുക, എന്നിട്ട് 'മുച്ഛേ മാലും നഹീന്ന് വിളിച്ചു കൂവുക' , അത് തൃപ്പൂണിത്തറയായാലും തൃക്കാക്കരയായാലും