കൊല്ലം: ട്രയിനുകളിലെ സ്ഥിരം മോഷ്ടാക്കളെ കുടുക്കി കൊല്ലം റെയിൽവേ പൊലീസ്. മലപ്പുറം തിരൂർ സ്വദേശികളായ ജുനൈദ് (26) നിഹാദ് (22) എന്നിവരെയാണ് എസ്എച്ച്ഒ ആർഎസ് രഞ്ജുവിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കൊല്ലം റെയിൽവേ സ്റ്റേഷനിൽ ദുരൂഹമായ സാഹചര്യത്തിൽ കാണപ്പെട്ട യുവാക്കളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദിക്കുന്ന കാര്യങ്ങൾക്ക് പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനെ തുടർന്ന് പ്ലാറ്റ്‌ഫോം ജീവനക്കാരാണ് റെയിൽവേ പൊലീസിനെ വിവരമറിയിച്ചത്. അർദ്ധബോധാവസ്ഥയിലായിരുന്ന ഇവരിൽ നിന്നും അഞ്ച് മൊബൈൽ ഫോണും പതിനായിരം രൂപയും ഒരു പേഴ്‌സും കണ്ടെടുത്തു. അതിലൊരു ഫോൺ ശബരിമല തീർത്ഥാടകനായ മംഗലാപുരം സ്വദേശിയുടെ ആയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സിൽ ഉണ്ടായിരുന്നത് ഇതരസംസ്ഥാന തൊഴിലാളിയുടെ ഐഡി കാർഡും.

വിശദമായ ചോദ്യം ചെയ്യലിൽ ഇവർ ട്രെയിനുകളിലെ സ്ഥിരം മോഷ്ടാക്കൾ ആണന്നും ഇവരുടെ പേരിൽ മലപ്പുറത്ത് നിരവധികേസുകളുണ്ടെന്നും മനസിലായതായി എസ്എച്ച്ഒ രഞ്ജു അറിയിച്ചു. മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നതിനാൽ ചോദ്യംചെയ്യലുമായി പൂർണമായും സഹകരിക്കാൻ അവർ തയ്യാറായിട്ടില്ല. മാനസികരോഗത്തിന് ഉപയോഗിക്കുന്ന നൈട്രോസൻ ഗുളികയാണ് ലഹരിക്ക് വേണ്ടി അവർ ഉപയോഗിക്കുന്നതെന്ന് അവർ പറഞ്ഞതായും എസ്എച്ച്ഒ പറഞ്ഞു.

ജുനൈദ് നിരവധി മോഷണക്കേസിലെ പ്രതിയാണ്. മലപ്പുറം ജില്ലയിലെ അഞ്ചോളം സ്റ്റേഷനുകളിൽ മോഷണക്കേസുകളും എൻഡിപിഎസ് കേസുകളും ഉള്ള ജുനൈദ് മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. പരവൂർ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇതിനിടെ കൊട്ടാരക്കര സബ് ജയിലിൽ എത്തിയപ്പോഴേയ്ക്കും വിലങ്ങിനുള്ളിൽ നിന്നും വിദഗ്ധമായി കൈ ഊരിയെടുത്ത നിഹാദ് പൊലീസുകാരെ ചവിട്ടി വീഴ്‌ത്തി രക്ഷപെടാൻ ശ്രമിച്ചത് നാടകീയരംഗങ്ങൾക്കിടയാക്കി. ജീപ്പിൽ നിന്നും ഇറങ്ങി ഓടിയ നിഹാദിനെ നാട്ടുകാരടക്കം ഓടിച്ചിട്ടുപിടിക്കുകയായിരുന്നു. പൊലീസിനെ അക്രമിച്ചതിനും രക്ഷപ്പെടാൻ ശ്രമിച്ചതിനും നിഹാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഇരുവരെയും രാത്രിയോടെ കൊട്ടാരക്കര സബ് ജയിലിലടച്ചു. എസ്എച്ച്ഒ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സിപിഒമാരായ ജിനദേവ്, രാജേഷ് കെആർ, ഷൈൻ മോൻ, ബിജു എസ്, അനിൽകുമാർ, സതീഷ് ചന്ദ്രൻ, ജോസ് ഡി, പ്രശാന്ത്, ഡയാന എന്നിവരുമുണ്ടായിരുന്നു.