തിരുവനന്തപുരം: ഇന്നലെ അജ്ഞാത വാഹനം ഇടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന് ആദാരാജ്ഞലി അർപ്പിച്ചു സൈബർ ലോകം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകൻ ദുരൂഹമായി കൊല്ലപ്പെട്ടിട്ടും മുഖ്യധാരാ മാധ്യമങ്ങളിൽ കാര്യമായ വാർത്തയായില്ല. മിക്ക മാധ്യമങ്ങളും അജ്ഞാത വാഹനമിടിച്ചു മധ്യമ പ്രവർത്തകൻ മരിച്ചുവെന്ന വിധത്തിൽ വാർത്ത നൽകിയത് അപ്പുറത്തേക്ക് സമഗ്രമായ റിപ്പോർട്ടുകൾ നൽകുന്നതിൽ മടിച്ചു നിന്നു. അതേസമയം മാധ്യമപ്രവർത്തകന്റെ ദുരൂഹ മരണം മാധ്യമങ്ങൾ അവഗണിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് സൈബർ ലോകം ഇവിടെ സജീവമായി ഇടപെട്ടത്.

ഇന്നലെ മലയാളം സൈബർ ലോകത്തിൽ വലിയ വാർത്തയായി മാറിയതും വധഭീഷണിക്കിടയിലും മുട്ടുമടക്കാതെ ജീവിച്ച ധീര മാധ്യമ പ്രവർത്തകന് വിയോഗമായിരുന്നു. നിരവധി പേർ എസ് വി പ്രദീപിന് ആദരാഞ്ജലികൾ അർപ്പിച്ചു രംഗത്തുന്നു. എല്ലാവരും പ്രകടിപ്പിച്ചത് മരണത്തിലെ ദുരൂഹത നീക്കണം എന്നുതന്നെയായിരുന്നു. കരമന - കളിയിക്കാവിള ദേശീയപാതയിൽ സ്‌കൂട്ടറിൽ പോകുമ്പോൾ അജ്ഞാത വാഹനമിടിച്ചായരുന്നു പ്രദീപിന്റെ അന്ത്യം. ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ എഡിറ്റോറിയൽ ഡയറക്ടറായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോകുകയാണ് ഉണ്ടായത്. ഇക്കാര്യമാണ് സൈപർ ഇടത്തിൽ എടുത്തു കാട്ടപ്പെട്ടത്.

ദേശീയപാത ആയിരുന്നിട്ടു കൂടി ഇടിച്ച വാഹനം കണ്ടെത്താൻ സാധിക്കാത്തതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഫോർട്ട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിലെ അന്വേഷണ ചുമതല. പാപ്പനംകോട് കാരയ്ക്കാമണ്ഡപത്തിനടുത്ത്ഇന്നലെ വൈകിട്ട് 3.30നാണ് പിന്നാലെവന്ന വാഹനം പ്രദീപിന്റെ സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ചു കടന്നുകളഞ്ഞത്. സ്വരാജ് മസ്ദ വാഹനമാണ് ഇടിച്ചതെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. വാഹനം ഏതാണെന്ന് ഇന്നലെ രാത്രി വൈകിയും പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടർന്ന് ശക്തമായ അന്വേഷണത്തിന് നിർദ്ദേശം വന്നത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും.തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്‌നലിന് സമീപം അതേ ദിശയിൽ വന്ന വാഹനം സ്‌കൂട്ടറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രദീപ് ഒരു വശത്തേക്കു തെറിച്ചുവീണു. ഇടിച്ച വണ്ടി നിറുത്താതെ പോയി.ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജയ്ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ നേരത്തേ വാർത്ത അവതാരകനായിരുന്നു. ഭാര്യ: ബാലരാമപുരം ഗവ: ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ശ്രീജാ നായർ. മകൻ- സിനോ എസ്. നായർ. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ ആവശ്യപ്പെട്ടതു കൊണ്ടു കൂടിയാണ് ഫോർട്ട് എ.സി.പി പ്രതാപൻ നായരെ അന്വേഷണ ചുമതല ഏൽപ്പിച്ചത്.

എസ് വി പ്രദീപിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓൺലൈൻ ചാനൽ രംഗത്ത് സജീവമായപ്പോൾ തന്നെ പ്രദീപിന് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. മുഖം നോക്കാതെയുള്ള വാർത്തകളായിരുന്നു പ്രദീപിന്റേത്. ഓൺലൈൻ ചാനലുകളിൽ പ്രദീപ് നൽകിയ വാർത്തകൾ പിൻവലിക്കാൻ വേണ്ടിയായിരുന്നു ഭീഷണി കാളുകൾ വന്നിരുന്നത്. അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. സി.സി ടിവി കാമറയില്ലസംഭവസ്ഥലത്ത് സി.സി.ടിവി കാമറകൾ ഇല്ലെന്നും സമീപത്തെ വീടുകളിലോ കടകളിലോ കാമറകൾ ഉണ്ടെങ്കിൽ അതടക്കം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും നേമം പൊലീസ് പറഞ്ഞു.

ദൃക്സാക്ഷികളുണ്ടെങ്കിൽ അവരുടെയും മൊഴിയെടുക്കും. ഫോർട്ട് എ.സി.പി പ്രതാപൻ നായരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ദിവ്യ വി. ഗോപിനാഥ് ചുമതലപ്പെടുത്തി. നേമം എസ്.എച്ച് ഒയോട് പ്രാഥമിക വിവരം നൽകാനും എസി.പി നിർദ്ദേശം നൽകി. സംഭവത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.

അപകടമുണ്ടാക്കിയ ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ അതിനിടെ പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ കാണാം. അപകട ശേഷം ടിപ്പർ വേഗതത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും നിരന്തരം കലഹിക്കുകയും ചെയ്ത മാധ്യപ്രവർത്തകനായിരുന്നു ഇന്ന് അപകടത്തിൽ കൊല്ലപ്പെട്ട എസ് വി പ്രദീപ്. തന്റെ നീണ്ട മാധ്യമ ജീവിതത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ ജോലി ചെയ്യാൻ പ്രദീപിന് അവസരം ലഭിച്ചിരുന്നു. മാനേജ്‌മെന്റ് താത്പര്യങ്ങളാകരുത് മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യത്തിന് അതിർവരമ്പ് നിശ്ചയിക്കുന്നത് എന്ന് പ്രഖ്യാപിച്ച് വിവിധ സ്ഥാപനങ്ങളിലെ തൊഴിൽ ഉപേക്ഷിക്കുകയും ചെയ്ത ഭയരഹിതനായ മാധ്യമ പ്രവർത്തകനായിരുന്നു എസ് വി പ്രദീപ്.

മംഗളം ചാനൽ വിട്ടതിന് ശേഷം വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്നു ഇടക്കാലത്ത്. പ്രദീപ്. പിന്നീട് ഓൺലൈൻ മീഡിയകൾ തുടങ്ങുകയും അതെല്ലാം വിജയത്തിൽ എത്തിക്കുകയും ചെയ്തിരുന്നു . ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനൽ നടത്തുകയായിരുന്നു പ്രദീപ്. ദൈവം തെറ്റ് ചെയ്താലും ഞാൻ അത് റിപ്പോർട്ട് ചെയ്യും എന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ വാക്കുകളായിരുന്നു പ്രദീപിനെ നയിച്ചിരുന്നത്.

എന്നും മാധ്യമ സ്വാതന്ത്ര്യമായിരുന്നു പ്രദീപ് ആവശ്യപ്പെട്ടത്. അജണ്ടയില്ലാതെയും ഭയരഹിതമായും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന പ്രദീപിന് കലഹിക്കേണ്ടി വന്നത് മാനേജ്‌മെന്റുകളോട് തന്നെയായിരുന്നു. മംഗളം ചാനലിൽ എഡിറ്റോറിയൽ സ്വാതന്ത്ര്യം എന്ന മരുപ്പച്ച തേടിയാണ് പ്രദീപ് എത്തുന്നത്. എന്നാൽ, എ കെ ശശീന്ദ്രൻ ഹണിട്രാപ്പ് വിവാദത്തിൽ ജയിൽവാസവും പ്രദീപിനെ കാത്തിരുന്നു. അതിന് ശേഷമാണ് മംഗളം വിടുന്നതും യൂട്യൂബ് ചാനലിന്റെ സ്വാതന്ത്ര്യം ഉപയോ?ഗപ്പെടുത്താൻ തീരുമാനിക്കുന്നതും.

സ്വന്തം യൂട്യൂബ് ചാനലിലൂടെ എസ് വി പ്രദീപ് സമൂഹത്തിലെ അനീതിക്കെതിരെ ആഞ്ഞടിച്ചു. കോൺഗ്രസും സിപിഎമ്മും ബിജെപിയും പ്രദീപിന്റെ രൂക്ഷ വിമർശനത്തിന് പാത്രമായി. രാഷ്ട്രീയ നേതാക്കളുടെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും പൊളിച്ചുകാട്ടാൻ ധൈര്യപ്പെടുന്ന കേരളത്തിലെ ചുരുക്കം മാധ്യമ പ്രവർത്തകരുടെ പട്ടികയിൽ പ്രദീപും ഇടംപിടിച്ചു. അഥവാ, കേരളത്തിലെ എല്ലാ രാഷ്ട്രീയക്കാരുടെയും ഹിറ്റ് ലിസ്റ്റിലുള്ള മാധ്യമ പ്രവർത്തകനായിരുന്നു പ്രദീപ്. അതുകൊണ്ട് തന്നെയാണ് പ്രദീപിന്റെ അപകട മരണത്തിൽ കേരളീയ സമൂഹം അസ്വാഭാവികത കാണുന്നതും രാഷ്ട്രീയ നേതൃത്വങ്ങളെ മുഴുവൻ സംശയത്തോടെ നോക്കുന്നതും.