തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകട മരണത്തിൽ കൂടുതൽ ദുരൂഹത ഉണർത്തുന്ന വിവരങ്ങൾ കൂടി പുറത്തുവരുന്നു. പിന്നിൽ നിന്നുമെത്തിയ ടിപ്പർലോറി കയറിയിറങ്ങിയാണ് പ്രദീപ് കൊല്ലപ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പുള്ളതും അപകട ശേഷമുള്ളതുമായ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദീപ് ആദ്യം ബൈക്കിൽ പോകുന്നതും പിന്നാലെ ഈ ടിപ്പർ വരുന്നതും വ്യക്തമാണ്. അപകടത്തിന് ശേഷം അമിത വേഗതയിൽ ടിപ്പർ ഓടിച്ചു പോകുന്നതും കാണാം.

ലോറിയുടെ പിന്നിൽ ഒരു ലോഡും കയറ്റിയതായുള്ള ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. പിന്നിൽ നിന്നെത്തി പ്രദീപിന്റെ സ്‌കൂട്ടർ ഇടിച്ചിട്ട ശേഷം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നത്. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുകയും ചെയ്യുമ്പോൾ പ്രദീപിന്റെ മരണത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോ എന്ന സംശയവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

അതേസമയം പ്രദീപിനെ ഇടിച്ചിട്ട ടിപ്പർലോറി ഇനിയും കണ്ടെത്താൻ സാധിക്കാത്തതും ദുരൂഹത ഉയർത്തുന്നതാണ്. നിരവധി സിസി ടി വി ക്യാമറകൾ ഉള്ള ദേശീയ പാതയിൽ ഒരു അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കേരളാ പത്രപ്രവർത്തക യൂണിയന് ആവശ്യപ്പെടുന്നത്്. അപകടത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് അന്വേഷണത്തിന് ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് ഡിസിപി ദിവ്യ വി ഗോപിനാഥ് അറിയിച്ചു.

അപകട ശേഷമുള്ള ദൃശ്യങ്ങളിലും ടിപ്പർ വേഗത്തിൽ പോകുന്നത് വ്യക്തം. സംഭവത്തിൽ ദുരൂഹതയാരോപിച്ച് പ്രദീപിന്റെ കുടുംബം രംഗത്തെത്തി. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്ത കുമാരി പറഞ്ഞു. ഓൺലൈൻ ചാനൽ രംഗത്ത് സജീവമായപ്പോൾ തന്നെ പ്രദീപിന് ഫോണിലൂടെ നിരവധി ഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഓൺലൈൻ ചാനലുകളിൽ പ്രദീപ് നൽകിയ വാർത്തകൾ പിൻവലിക്കാൻ വേണ്ടിയായിരുന്നു ഭീഷണി കാളുകൾ വന്നിരുന്നത്. അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു

തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓൺലൈൻ ചാനൽ ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് കാരയ്ക്കാ മണ്ഡപത്തു വെച്ച് അപകടമുണ്ടായത്. ജയ്ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ നേരത്തേ വാർത്ത അവതാരകനായിരുന്നു. അതേസമയം പ്രദീപിന്റെ മരണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അടക്കം ആവശ്യപ്പെടുന്നവരുണ്ട്. സംസ്ഥാന സർക്കാറിനെ പ്രമുഖർക്കെതിരെ നിർഭയം വാർത്തകൾ റിപ്പോർട്ടു ചെയ്തിരുന്ന പ്രദീപിന്റെ മരണം സംസ്ഥാന സർക്കാർ ഏജൻസുകളുടെ അന്വേഷണം പോരെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ആവശ്യം.