മലപ്പുറം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് സജീവമായിരുന്ന ഒരു മുന്നണി സംവിധാനമായിരുന്നു സാമ്പാർ മുന്നണി. മുസ്ലിം ലീഗിനെ ഒതുക്കാനായി കോൺഗ്രസും ഇടതുമുന്നണിയും മറ്റു ചെറിയ രാഷ്ട്രീയ പാർട്ടികളും ചേർന്ന് രൂപീകരിച്ച മുന്നണികളെ സാമ്പാർ മുന്നണിയെന്ന് വിശേഷിപ്പിച്ചത് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു. ജില്ലയിലാകെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ സംവിധാനത്തിൽ മത്സരിച്ചു.

പലയിടത്തും പല പേരിലായിരുന്നു മുന്നണി അറിയപ്പെട്ടിരുന്നത്. വികസന മുന്നണിയെന്നും ജനകീയ മുന്നണിയെന്നും മതേതര മുന്നണിയെന്നും ഈ സഖ്യങ്ങൾക്ക് പേരുണ്ടായിരുന്നെങ്കിലും പൊതുവിൽ കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ച സാമ്പാർ മുന്നണിയെന്ന പേരിലാണ് ഈ മുന്നണി അറിയപ്പെട്ടത്. സിപിഐഎമ്മും കോൺഗ്രസുമാണ് ഈ മുന്നണിക്ക് വേണ്ടി മുൻകൈയെടുത്തതെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും വിവിധയിടങ്ങളിലായി ഈ മുന്നണിയുടെ ഭാഗമായി. വെൽഫയർപാർട്ടി, എസ്ഡിപിഐ, പിടിപി, വിവിധ കേരളകോൺഗ്രസുകൾ, ഐഎൻഎൽ, സിപിഐ തുടങ്ങിയ പാർട്ടികളെല്ലാം ഈ മുന്നണിയുടെ ഭാഗമായുണ്ടായിരുന്നു. മുസ്ലിം ലീഗായിരുന്നു പ്രധാന എതിരാളി. 26 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുന്നണി മത്സരിച്ചപ്പോൾ അഞ്ചിടങ്ങളിൽ ഈ മുന്നണി ഭരണത്തിലേറി.

പുതുതായി രൂപീകരിക്കപ്പെട്ട മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കൊണ്ടോട്ടി നഗരസഭയിൽ മുസ്ലിം ലീഗിനെ തറപറ്റിക്കാൻ ഈ മുന്നണിക്കായി. വാഴക്കാട്, ചേലേമ്പ്ര, മാറാക്കര, പറപ്പൂർ പഞ്ചായത്തുകളിലും സാമ്പാർ മുന്നണി അധികാരത്തിലെത്തി. അഞ്ചിടങ്ങളിൽ അധികാരത്തിലെത്തിയെങ്കിലും രണ്ടിടങ്ങളിൽ മാത്രമാണ് സാമ്പാർ മുന്നണിയുടെ ഭരണസമിതികൾക്ക് കാലാവധി പൂർത്തായാക്കാൻ കഴിഞ്ഞുള്ളൂ.

കൊണ്ടോട്ടി നഗരസഭയിലും വാഴക്കാട്, മാറാക്കര പഞ്ചായത്തുകളിലും പാതിവഴിൽ വെച്ച് ഭരണത്തിൽ നിന്നിറങ്ങേണ്ടി വന്നു. യുഡിഎഫ് സംവിധാനം പുനഃസ്ഥാപിച്ചും, വിമതരെ കൂടെകൂട്ടിയും മുസ്ലിം ലീഗ് നേതൃത്വം ഭരണം തിരിച്ചുപിടിച്ചു. പറപ്പൂരിലും ചേലേമ്പ്രയിലും അഞ്ച് വർഷം പൂർത്തിയാക്കി. ഭരണസമിതി രൂപീകരിച്ചതിനപ്പുറം ചിലയിടങ്ങളിൽ ശക്തമായ പ്രതിപക്ഷമാകാനും സാമ്പാർ മുന്നണിക്കായി. പരപ്പനങ്ങാടി നഗരസഭയിലും കണ്ണമംഗലം, വേങ്ങര, നന്നമ്പ്ര, തെന്നല പഞ്ചായത്തുകളിലും സാമ്പാർ മുന്നണി ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ചു. ശബരിമല വിഷയം നടക്കുമ്പോഴാണ് തെറ്റിപ്പിരിഞ്ഞു നിന്നിരുന്ന കോൺഗ്രസും മുസ്ലിം ലീഗും വീണ്ടും ഒന്നിച്ചതും പിന്നീട് പലയിടത്തും യുഡിഎഫ് സംവിധാനം പുനഃസ്ഥാപിച്ചതും.

കഴിഞ്ഞ തവണ ശക്തി തെളിയിച്ച സാമ്പാർ മുന്നണി ഇക്കുറിയില്ല. പകരം ജനകീയഐക്യ മുന്നണിയാണ്. നേതൃത്വം നൽകുന്നതാകട്ടെ കഴിഞ്ഞ തവണ സാമ്പാർ മുന്നണിയെ പരിഹസിച്ച മുസ്ലിം ലീഗും. വെൽഫയർപാർട്ടിയും ആർഎംപിയുമെല്ലാം ഇന്ന് ഈ സഖ്യത്തിന്റെ ഭാഗമായി മലബാറിൽ മത്സരിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമാണ് ഐക്യമുന്നണിയുള്ളത്. സ്വന്തം നിലയിൽ വിജയ സാധ്യത ഇല്ലാത്ത ഇടങ്ങളിൽ പ്രാദേശികമായി ജനകീയ കൂട്ടായ്മകളുണ്ടാക്കാനാണ് സംസ്ഥാന യുഡിഎഫ് നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ആർഎംപിയുമായും മലപ്പുറത്തും കോഴിക്കോടും വിവിധയിടങ്ങളിൽ വെൽഫയർപാർട്ടിയുമായുമെല്ലാം സഖ്യമുണ്ടാക്കി ഐക്യമുന്നണി രൂപീകരിച്ചിരിക്കുന്നത്. ആരുമായി സഖ്യമുണ്ടാക്കിയാലും ബിജെപി, സിപിഐഎം, എസ്ഡിപിഐ എന്നീ പാർട്ടികളോട് സഖ്യം വേണ്ടെന്നും നിർദ്ദേശമുണ്ട്.