പത്തനംതിട്ട: കരുവന്നൂരിലെ നൂറു കോടിയുടെ ക്രമക്കേട് സഹകരണ ബാങ്കുകളുടെ തട്ടിപ്പിലെ മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കേരളത്തിൽ എവിടെയൊക്കെ സഹകരണ ബാങ്കുണ്ടോ അവിടെ ഭരണ സമിതി അംഗങ്ങൾ ക്രമക്കേട് നടത്തിയിട്ടുണ്ട്. കോന്നി എംഎൽഎ ജനീഷ് കുമാറിന്റെ മണ്ഡലത്തിൽ അത്തരത്തിൽ രണ്ടു സഹകരണ ബാങ്കുകളിലാണ് സിപിഎമ്മുകാരുടെ കൊള്ളയടി നടന്നിട്ടുള്ളത്. രണ്ടും ജനീഷിന്റെ സ്വന്തം നാട്ടിൽ. ഒരെണ്ണം നേരത്തേ ജനീഷും പിന്നാലെ ഭാര്യയും ജോലി ചെയ്തിരുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ. മറ്റൊന്ന് വയ്യാറ്റുപുഴ ബാങ്കിൽ. വയ്യാറ്റുപുഴ ബാങ്കിൽ 18 ലക്ഷം രൂപ ഒറ്റയ്ക്ക് അടിച്ചു മാറ്റിയത് ജീവനക്കാരനും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടിയുമായ ബിജുവായിരുന്നു. പിടിവീണതോടെ ഗത്യന്തരമില്ലാതെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇപ്പോൾ ബ്രാഞ്ച് കമ്മറ്റിയംഗമായി തിരികെ എടുത്തു. അധികം വൈകാതെ ബ്രാഞ്ച് സെക്രട്ടറിയുമായി. ഇനി ലോക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാലം വിദൂരമല്ല.

സീതത്തോടിലെ സിപിഎം എന്നാൽ ജനീഷ് കുമാർ എന്നാണ് വയ്പ്. പൂർണമായും ഇദ്ദേഹത്തിന് കീഴിലുള്ള ഭരണ സമിതിയാണ് സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഭരിച്ചത്. രണ്ടു കോടി രൂപയുടെ തിരിമറിയാണ് ഇവിടെ ഓഡിറ്റ് സംഘം കണ്ടെത്തിയത്. നടപടിക്ക് സഹകരണ സംഘം രജിസ്ട്രാർക്ക് ചുമതല നൽകിയിട്ട് ആറു മാസം കഴിഞ്ഞു. ഒരു അനക്കവുമില്ല.

സീതത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിൽ ഫെഡറൽ ബാങ്ക് ശാഖയിൽ ഫെഡറൽ സഹകാരി കറന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇതിലേക്ക് സഹകരണ ബാങ്കിൽ നിന്ന് 3,08322 രൂപ ട്രാൻസ്ഫർ ചെയ്തുവെന്ന് രേഖയിലുണ്ട്. എന്നാൽ ഇത് ഫെഡറൽ സഹകാരി അക്കൗണ്ടിൽ ചെന്നിട്ടില്ല. യഥാർഥത്തിൽ ഈ തുക ഫിക്സഡ് ഡെപ്പോസിറ്റ് ലോണിലേക്ക് വക മാറ്റുകയാണ് ചെയ്തത്. സഹകാരികളുടെ ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്ന് തിരിമറി നടത്തിയ തുക തിരിച്ചടയ്ക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുക ഫെഡറൽ സഹകാരി അക്കൗണ്ടിലേക്ക് മാറ്റിയെന്ന് വരുത്തുകയും അവിടെ കൊടുക്കാതെ സ്വന്തം ബാങ്കിലെ തന്നെ തിരിമറി മൂടി വയ്ക്കാൻ വേണ്ടി വിനിയോഗിക്കുകയുമായിരുന്നു. വൻതുക സെക്രട്ടറിയുടെ പേരിൽ ഓവർ ഡ്രാഫ്ട് എടുത്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.

എല്ലാ ക്രമക്കേടുകൾക്കും സെക്രട്ടറിയുടെ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു കോടി രൂപ വിവിധ അക്കൗണ്ടിലേക്ക് വരാനുണ്ടെന്നാണ് റാന്നി അസി.ഡയറക്ടറേറ്റിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. ഈ പണമാണ് ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് തിരിമറി നടത്തിയിട്ടുള്ളത്. ഇതിനെതിരേ കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എആർ പരിശോധന നടത്തിയിരുന്നു. ക്രമക്കേട് മനസിലാക്കിയെന്നും ഉടൻ അന്വേഷണം ഉണ്ടാകുമെന്നും പറഞ്ഞാണ് പോയത്. പക്ഷേ, ഒന്നും നടന്നിട്ടില്ല.
സ്ഥിരനിക്ഷേപത്തിൽ നിന്ന് സഹകാരി അറിയാതെ ലോണെടുത്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ് സ്ഥിര നിക്ഷേപം പിൻവലിക്കാനെത്തുമ്പോൾ മറ്റൊരാളുടെ നിക്ഷേപത്തിൽ നിന്ന് അവർ അറിയാതെ വായ്പ എടുത്ത് ഈ തുക കൊടുക്കും.

കേരളാ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ജില്ലാ സെക്രട്ടറിക്ക് എൻജിഓ യൂണിയൻ ഏരിയാ സെക്രട്ടറി ഇതു സംബന്ധിച്ച് നേരത്തേ ഒരു പരാതി നൽകിയിരുന്നു. സീതത്തോട് ബാങ്കിൽ ക്രമക്കേട് നടക്കുന്നുവെന്നും അതേപ്പറ്റി പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ഇതേകാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ കമ്മറ്റിയംഗം ജില്ലാ സെക്രട്ടറിക്കും പരാതി കൊടുത്തിരുന്നു. ഇതെല്ലാം ഒതുക്കി വച്ചിരിക്കുകയാണ്. സ്ഥിരനിക്ഷേപം നടത്താതെ അതിന്റെ ഈടിന്മേൽ എഫ്ഡി വായ്പകൾ വിതരണം ചെയ്തിരിക്കുന്നു, യാതൊരു രേഖയുമില്ലാതെ ഒരു എസ്ബി അക്കൗണ്ടിൽ നിന്നും മറ്റൊരു എസ്ബി അക്കൗണ്ടിലേക്ക് വൻ തുകകൾ ട്രാൻസ്ഫർ ചെയ്തിരിക്കുന്നു, ഒരു കാരണവും കാണിക്കാതെ സെക്രട്ടറി വലിയ തുകകൾ അഡ്വാൻസ് ചെയ്തിരിക്കുന്നു, കൈവശാവകാശ സർട്ടിഫിക്കറ്റ് മറ്റ് ബാങ്കുകളിൽ ബാധ്യത ഉള്ളതായി വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടും ആ വസ്തുവിന്മേൽ വായ്പകൾ വിതരണം ചെയ്തിരിക്കുന്നു, വായ്പാ തുകയിൽ ഈട് വസ്തുവിന്റെ മതിപ്പ് വില രേഖപ്പെടുത്താറില്ല, നിരവധി വൗച്ചറുകൾ നഷ്ടപ്പെട്ടതായും കാണുന്നു, ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണ്, ബാങ്കിൽ ഓഡിറ്റ് നടത്തിയ അഞ്ച് ഓഡിറ്റർമാരെ തുടരെ സ്ഥലം മാറ്റിയിരിക്കുന്നു എന്നിങ്ങനെ ക്രമക്കേടുകൾ പരാതിയിൽ അക്കമിട്ട് നിരത്തിയിരുന്നു.

ഇങ്ങനെ പോയാൽ ബാങ്ക് പൂർണമായും തകരുമെന്നും ഈ ബാങ്കിനെ സഹകരണ നിയമ പ്രകാരം പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടി നേതൃത്വം നിർദേശിക്കണമെന്നും എൻജിഓ യൂണിയൻ റാന്നി ഏരിയാ പ്രസിഡന്റിന്റെ പരാതിയിലുണ്ടായിരുന്നു. ഇടയ്ക്കിടെ ബാങ്കിൽ ഇൻസ്പെക്ടർ പരിശോധിക്കുകയും വൻ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. നടപടി ഒന്നുമുണ്ടായിട്ടില്ല. ഈ ബാങ്കിൽ ജീവനക്കാരനായിരുന്നു കെയു ജനീഷ്‌കുമാർ. പിന്നീട് ജനീഷ് രാജി വച്ച് ഭാര്യയെ ആ തസ്തികയിലേക്ക് നിയമിച്ചു. അതിന് ശേഷം ചട്ടം മറികടന്ന് ഭാര്യയ്ക്ക് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കം വിവാദമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവാദം കൊഴുത്തതോടെ ജനീഷിന്റെ ഭാര്യ രാജി വച്ച് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

വയ്യാറ്റുപുഴ ബാങ്കിൽ വ്യാജരേഖ ഉപയോഗിച്ച് 18 ലക്ഷം തട്ടിയത് സിപിഎം ചിറ്റാൻ മുൻലോക്കൽ സെക്രട്ടറിയും ബാങ്ക് സീനിയർ ക്ലാർക്കുമായ പിബി ബിജുവാണ്. ബാങ്കിന്റെ വയ്യാറ്റുപുഴ ആസ്ഥാന ഓഫീസിലായിരുന്നു ബിജുവിന് ജോലി. 2016 സെപ്റ്റംബർ 28 മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി 20 വരെയുള്ള കാലയളവിൽ 18 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഇതിൽ ഒമ്പത് ലക്ഷം രൂപ തിരികെ അടച്ചിട്ടുണ്ട്. തട്ടിപ്പ് കൈയോടെ പിടിച്ചതിനെ തുടർന്ന് ബിജുവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

പാർട്ടിയിൽ തരം താഴ്‌ത്തുകയും ചെയ്തു. സെക്രട്ടറി സ്ഥലത്തില്ലാത്തപ്പോഴാണ് തട്ടിപ്പ് അരങ്ങേറിയിരുന്നത്. സ്വർണപ്പണയം, വ്യക്തിഗത വായ്പ എന്നിവയിലാണ് തട്ടിപ്പ്. സ്വർണം പണയം വച്ചതായി രേഖയുണ്ടാക്കി പണം മറ്റു പലരുടേയും അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം വൗച്ചറിൽ വ്യാജമായി ഇടപാടുകാരുടെ ഒപ്പിട്ടാണ് പണം തട്ടിയെടുത്തത്. പണയത്തിന് വച്ചിരിക്കുന്ന സ്വർണമെന്നത് സങ്കൽപ്പം മാത്രമാണ്. അങ്ങനെ ഒന്ന് ബാങ്ക് ലോക്കറിൽ കാണില്ല. പണയ സ്വർണം തിട്ടപ്പെടുത്താൻ പ്രസിഡന്റും സെക്രട്ടറിയും ഒന്നിച്ച് ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉരുപ്പടിയില്ലാതെ പണയം വച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

സെക്രട്ടറി അത്യാവശ്യകാര്യങ്ങൾക്ക് പുറത്തു പോകേണ്ടി വരുമ്പോൾ ബാങ്കിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ബിജുവായിരുന്നു. കളവായ കാര്യങ്ങൾ എഴുതി ചേർത്തും കൃത്രിമ രേഖകൾ സൃഷ്ടിച്ചും വിവിധ അംഗങ്ങളുടെ പേരിൽ അവർ അറിയാതെ ലോൺ പാസാക്കിയതായി കാണിച്ചും അംഗങ്ങളുടെ അക്കൗണ്ടുകൾ വഴി പണം പിൻവലിച്ചുമായിരുന്നു തട്ടിപ്പ്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ 16 സ്വർണ പണയ വായ്പകളാണ് ബിജു എടുത്തത്. പരിശോധന നടന്ന ദിവസവും അതിന്റെ തലേന്നുമായി ബിജു 14 പണയങ്ങൾ പണം അടച്ച് ക്ലോസ് ചെയ്തതായി രേഖയുണ്ടാക്കി. ക്യാഷ് കൗണ്ടറിൽ ഇതിന്റെ പണം ഇല്ലാതെ വരും എന്ന് മനസിലാക്കിയ ബിജു മറ്റൊരു തട്ടിപ്പാണ് അതിനായി നടത്തിയത്. നേരത്തേ അഡ്വാൻസ് ചെയ്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അന്നേ ദിവസം പണം തിരികെ നൽകിയെന്ന് രേഖയുണ്ടാക്കി. ഈയിനത്തിൽ 7,70,784 രൂപയാണ് ബിജു തട്ടിയെടുത്തത്.

ഇതിന് മുൻപ് 2018 ഡിസംബർ അഞ്ചിന് മീൻകുഴി മാമ്പറ്റ പൊന്നമ്മ എന്നയാളുടെ പേരിൽ ഒമ്പതു ലക്ഷം വായ്പ അനുവദിച്ചതായി കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി. അതിന് ശേഷം അവരുടെ സേവിങ്‌സ് അക്കൗണ്ട് വഴി വ്യാജചെക്കും വൗച്ചറും ഉപയോഗിച്ച് അഞ്ച് തവണയായി 8,80, 998 രൂപ പിൻവലിച്ചു. പൊന്നമ്മയ്ക്ക് നിയമപ്രകാരം ലോൺ നൽകണമെങ്കിൽ ഓഹരി തുക ഇനത്തിൽ 18,000 രൂപയും റിസ്‌ക് ഫണ്ടായി 525 രൂപയും അടയ്‌ക്കേണ്ടിയിരുന്നു. വായ്പയിൽ നിന്ന് തന്നെ ഇതിനുള്ള തുകയും ബിജു കണ്ടെത്തി. പൊന്നമ്മ ഈ വിവരം അറിഞ്ഞിട്ടേയില്ലെന്ന് പിന്നീട് മനസിലായി. ഇങ്ങനെ അപഹരിച്ച പണം 2018 ഡിസംബർ അഞ്ചു മുതൽ 12 വരെ വച്ച 13 സ്വർണ പണയ വായ്പകൾ എടുക്കാനാണ് ഉപയോഗിച്ചത്. ഈ പണയവും അംഗങ്ങൾ അറിയാതെ വച്ചിരുന്നതാണ്. ഗാർഹിക അന്വേഷണത്തിനൊടുവിൽ ബിജു കുറ്റം സമ്മതിച്ച് ഒമ്പതു ലക്ഷം തിരിച്ചടച്ചു.

ഇതോടെ പാർട്ടിയിൽ ബിജുവിനെ തരം താഴ്‌ത്തി. എന്നാൽ, ജനീഷ്‌കുമാറിന്റെ പിന്തുണയോടെ ഇയാൾ ചിറ്റാർ ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ സെക്രട്ടറിയായി തിരികെ എത്തി. നിലവിലുണ്ടായിരുന്ന സെക്രട്ടറിയെ അവധി എടുപ്പിച്ചതിന് ശേഷമായിരുന്നു ആ തസ്തികയിലേക്ക് ബിജുവിനെ അവരോധിച്ചത്.