അഞ്ചൽ: കൊല്ലം ഭാരതീപുരത്തെ ഷാജിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് അടുക്കളയിൽ രണ്ടു പെണ്ണുങ്ങൾ തമ്മിലുണ്ടായ വാക്‌പോരാണ്. ദൃശ്യം സിനിമാ മോഡൽ കൊലപാതകം എന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്ന കൊലപാതകത്തിൽ സിനിമക്കഥ പോലെ തന്നെയാണ് കാര്യങ്ങൾ പുറംലോകം കണ്ടത്. കൊലപാതക വിവരം അറിയാവുന്നവരിൽ രഹസ്യം സൂക്ഷിക്കുന്നതിൽ സ്ത്രീകൾക്ക് വന്ന പിഴവാണ് ഷാജി പീറ്ററിന്റെ കൊലപാതകം പുറംലോറം അറിയാൻ ഇടയാക്കിയത്. അടുക്കളയിൽ ഷാജിയുടെ അമ്മ പൊന്നമ്മയും മരുമകളും തമ്മിലുണ്ടായ വഴക്കിനിടെയാണ് ഈ കൊലപാതക വിവരവും പരാമർശിക്കപ്പെട്ടത്. ഈ വിവരം അടുത്ത ബന്ധവായ റോയി അറിഞ്ഞു. മദ്യപാനിയായ റോയി മദ്യലഹരിയിൽ പൊലീസ് സ്‌റ്റേഷനിലെത്തി ഷാജി സ്വപ്‌നത്തിലെത്തി പറഞ്ഞെന്ന് പറഞ്ഞു. മദ്യലഹരി മാറിയപ്പോൾ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് രണ്ട് വർഷം മുമ്പുണ്ടായ തിരോധാന കേസിന്റെ ചുരുളഴിയുന്നത്.

പൊലീസ് പരിശോധനയിലേക്ക് കടന്നതോടെ ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ട ശേഷം കോൺക്രീറ്റ് ചെയ്തതിരുന്നു. ഈ കോൺക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിൻ കഷ്ണങ്ങളുമാണ് പൊലീസും ഫോറൻസിക് വിദഗദ്ധരും പുറത്തെടുത്തത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധന നടത്തും. ഡിഎൻഎ ടെസ്റ്റും നടത്തും.

സംഭവത്തിൽ കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഇരുവരും ചേർന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. സംഭവ സ്ഥലത്തു വെച്ചു കെല്ലപ്പെടുകയും ചെയ്തു. ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കു മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്.

പല കേസുകളിലും പ്രതിയായിരുന്നതിനാൽ പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പൊലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാർ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമർശിക്കപ്പെട്ടു.

പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈ.എസ്‌പി. ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടർന്ന് പത്തനംതിട്ട-പുനലൂർ ഡിവൈ.എസ്‌പി.മാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.