കണ്ണൂർ: കണ്ണൂർ ജില്ലയിൽ കുരുന്നുകൾക്ക് മുൻപിൽ പൂതനാ വേഷം കെട്ടി അമ്മമാർ. തങ്ങളുടെ ആൺ സുഹൃത്തുക്കളുമായി ജീവിതം നയിക്കുന്നതിനായി സ്വന്തം കുഞ്ഞുങ്ങളുടെ ജീവനെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തയ്യിൽ കടപ്പുറത്തെ ശരണ്യ സ്വന്തം കുഞ്ഞിനെ കടപുറത്തെ പാറക്കൂട്ടങ്ങൾക്കിടെയിൽ വലിച്ചെറിഞ്ഞ് കൊന്നത്.

കാമുകൻ നിധീഷുമായി ജീവിക്കാൻ വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം. പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശരണ്യയും കാമുകനും പിടിയിലാകുന്നത്. ഇതിന് സമാനമായ സംഭവം തന്നെയാണ് ഇപ്പോൾ കേളകത്തെ കണിച്ചാറിലുമുണ്ടായിരിക്കുന്നത്. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷിനൊപ്പം (39) ജീവിക്കുന്നതിനാണ് ചെങ്ങോം വിട്ടയത്ത് രമ്യ (24) കുഞ്ഞിനെ അപായപ്പെടുത്തുന്നതിന് കുട്ടു നിന്നത്.

പുതിയ ജീവിത പങ്കാളി ഒരു വയസുകാരിയായ സ്വന്തം കുഞ്ഞിനെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നത് കണ്ടിട്ടും തടയാൻ ഈ അമ്മ മനസിന് തോന്നിയില്ല. ഇതാണ് ഇവർക്കെതിരെ ജുവനെൽ ആക്ട പ്രകാരം കേസെടുക്കാൻ തീരുമാനിച്ചതെന്ന് പൊലിസ് പറഞ്ഞു. ഒന്നര വയസുകാരൻ വിയാനെ പാറക്കൂട്ടത്തിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യ ഇപ്പോഴും കണ്ണൂർ സെൻ ട്രൽ ജയിലിൽ റിമാൻഡിലാണ്. കാമുകൻ നിധിഷിനെയും പൊലീസ് അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തുവെങ്കിലും പിന്നീട് ജയിൽ മോചിതനായി.

ഇതിന് സമാനമാണ് ഒരു വയസ്സുള്ള പെൺകുഞ്ഞിനെ വടി കൊണ്ട് അടിച്ചു ഗുരുതരമായി പരുക്കേൽപിച്ച കേസിൽ അമ്മയെയും സുഹൃത്തിനെയും കേളകം പൊലീസ് അറസ്റ്റ് ചെയ്ത സംഭവവും. കേളകം പെരുന്താനം സ്വദേശി വെട്ടിയത്ത് വീട്ടിൽ രമ്യയാണ് ക്രൂരയായ അമ്മ. സുഹൃത്തുകൊട്ടിയൂർ പാലുകാച്ചി സ്വദേശി പുത്തൻപുരയ്ക്കൽ പി.എസ്.രതീഷും എല്ലാത്തിനും കൂട്ടു നിന്നു.. കുട്ടി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.

കുഞ്ഞിന്റെ മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുണ്ട്. ഇടതു കൈയുടെ തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. മുഖത്തു നീരുവച്ചിട്ടുണ്ട്. ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് രണ്ടാഴ്ചയ്ക്കിടെ പലവട്ടം മർദനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. രതീഷും രമ്യയും 20 ദിവസമായി കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോത്തുള്ള വാടക വീട്ടിലാണു കുട്ടിയുമായി താമസിക്കുന്നത്. രതീഷ് സ്ഥലത്തില്ലാത്ത സമയത്ത്, മകൾ തന്നെ ഫോൺ വിളിച്ച് കുട്ടിയെ മർദിക്കുന്ന കാര്യം പറഞ്ഞതായി കുട്ടിയുടെ അമ്മൂമ്മ സുലോചന പറഞ്ഞു. സുലോചന എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

രമ്യയുടെ ആദ്യ വിവാഹത്തിലെ 3 കുട്ടികളിലെ ഏറ്റവും ഇളയകുട്ടിക്കാണു മർദനമേറ്റത്. മറ്റു രണ്ടു കുട്ടികൾ ആറളത്ത്, പിതാവിനൊപ്പമാണ്. രമ്യയും അമ്മയും മർദനമേറ്റ കുട്ടിയും 20 ദിവസം മുൻപു വരെ പെരുന്താനത്തെ വാടക വീട്ടിലായിരുന്നു. രതീഷ് വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമാണ്. രതീഷും രമ്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ച ശേഷം വാടക വീട്ടിലേക്ക് മാറിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

നിസ്സാര കാര്യങ്ങൾ പറഞ്ഞ് രതീഷ്, കുട്ടിയെ ക്രൂരമായി മർദിച്ചതായും രമ്യ കൂട്ടുനിന്നതായും പൊലീസ്പറഞ്ഞു. ബാലനീതി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമ്മിഷൻ റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.