പാലക്കാട്: 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു. ചിന്നൂ.. റാം ലൗ യൂ മക്കളെ. നല്ലോണം പഠിക്കണം. രണ്ടു പേരും നല്ല കുട്ടികൾ ആയിരിക്കണം. അപ്പനേയോ അമ്മച്ചിയേയോ ശല്യം ചെയ്യാൻ പാടില്ല. ലൗ യൂ മുത്തുമണീസ്...' കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബിജെപി മഹിളാ മോർച്ചാ നേതാവ് ശരണ്യാ രമേഷ്(27) ആത്മഹത്യാ കുറിപ്പിൽ എഴുതിയ വാക്കുകാളാണ്. മലയാളം എഴുതാനറിയാത്ത ശരണ്യ ഇംഗ്ലീഷിലാണ് കത്തെഴുതിയിരിക്കുന്നത്. കത്തിൽ സുഹൃത്തായ എസ്.ആർ.എം.യു ഒലവക്കോട് യൂണിറ്റ് പ്രസിഡന്റ് പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണത്തിന് ഉത്തരവാദി പ്രജീവാണെന്നും ഇയാളെ വെറുതെ വിടരുതെന്നും കത്തിൽ ശരണ്യ കുറിച്ചിട്ടുണ്ട്. പ്രജീവിന്റെയും ഭാര്യയുടെയും നമ്പറുകളും കത്തിലുണ്ട്.

ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും. മറ്റ് പെൺകുട്ടികളുമായുള്ള ബന്ധങ്ങളുടെ വിശദാംശങ്ങൾ എന്റെ ഫോണിലുണ്ട്. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു. എല്ലാവരും എന്നോട് ക്ഷമിക്കണം എന്നും കത്തിൽ പറയുന്നുണ്ട്. പ്രജീവ് ചതി ചെയ്തതിനെ തുടർന്നാണ് ശരണ്യ ജീവനൊടുക്കിയത് എന്ന് വ്യക്തമാക്കുന്ന താണ് ആത്മഹത്യാ കുറിപ്പ്. പൊലീസ് ഇതുവരെ പ്രജീവിനെതിരെ കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വൈകിട്ടു 4 മണിയോടെയാണ് മാട്ടുമന്തയിലെ വാടക വീടിനുള്ളിൽ ശരണ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യും മുൻപ് പ്രജീവിനെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നുള്ള വിവരവും പറഞ്ഞു. ഈ സമയം വീട്ടിൽ ഭർത്താവ് രമേഷും മക്കളും ഇല്ലായിരുന്നു. രമേഷ് ഒരു ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് പോയിരിക്കുകയായിരുന്നു.

ശരണ്യയുടെ ഫോൺ കോളിന് പിന്നാലെ പ്രജീവ് സുഹൃത്തായ പ്രജിത്തിന് വിളിച്ച് ശണ്യ തൂങ്ങിമരിക്കുമെന്ന് പറഞ്ഞെന്നും വേഗം അവിടേക്ക് എത്തണമെന്നും അറിയിച്ചു. പ്രജിത്ത് വിവരം രമേഷിനെ അറിയിക്കുകയും വേഗം തന്നെ സ്ഥലത്തെത്തുകയും ചെയ്തു. വീടിന്റെ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. രമേഷും പ്രജിത്തും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തൊട്ടു പിന്നാലെ പ്രജീവും ഭാര്യയും ഇവിടെയെത്തുകയും ചെയ്തു.

പ്രജീവിനെതിരെയും പ്രജിത്തിനിതിരെയും കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസാണ് കേസെടുത്തത്. ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സി.എൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ശരണ്യയുടെ ഭർത്താവ്. രാജൻ-തങ്കം ദമ്പതികളുടെ മകളാണ്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി പോസ്റ്റമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി.