മലപ്പുറം: നാലുദിവസമായി കാണാതായ യുവാവിന്റ മൃതദേഹം ലഭിച്ചത് 70 താഴ്ചയിലുള്ള ഒഴിഞ്ഞ പറമ്പിൽനിന്ന്. ശരീരത്തിൽ പരുക്കേറ്റ പാടുകളോടെ മൂന്നുദിവസം പഴക്കമുള്ള ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത് മലപ്പുറം പൂക്കിപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽനിന്ന്. തെന്നല അറക്കൽ മുക്കോയി ചൂലന്റെ മകൻ ശശി (44)യുടെ അസ്വാഭാവിക മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ദുരൂഹ സാഹചര്യത്തിൽ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. പൂക്കിപ്പറമ്പിലെ സ്ഥല ഉടമ തിരൂരങ്ങാടി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയതോടെയാണ് മൃതദേഹം ലഭിച്ചത്. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

മലപ്പുറത്തു നിന്നും വിരലടയാള, ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹംബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വെൽഡിങ് ജോലിക്കാരനായ ശശി വിവാഹമോചിതനായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശശിയെ കാണാതായതായി ബന്ധുക്കൾ പരാതിപ്പെടുകയും ചെയ്തിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയെ തെരച്ചിലിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

നാലു വർഷത്തിലേറെയായി ഭാര്യ സുമിത്രയുമായി അകന്നുകഴിയുന്ന ശശിയുടെ ഏക മകനാണ് സൂര്യ. സഹോദരങ്ങൾ : വേലായുധൻ, സേതു, പത്മനാഭൻ, പത്മിനി, സരോജിനി. തിരൂരങ്ങാടി എസ് ഐ പ്രിയൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.