പാലക്കാട്: പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ച സംഭവിച്ചെന്ന് ആരോപണം. ഈ ആരോപണം പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ബിജെപി നേതാക്കളും ഉന്നയിച്ചു. ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പരാജയം എന്ന വിമർശനമാണ് ഇതിൽ കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ പാലക്കാട് വീണ്ടും അരുംകൊല നടന്നതോടെ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി കടന്നാക്രമിക്കുയകാണ് കോൺഗ്രസ് നേതാക്കൾ. ഒന്നും ചെയ്യാൻ കഴിയാത്ത പൊലീസ് എന്നാണ് ഷാഫി പറമ്പിൽ വിമർശിച്ചത്. വാഴയുടെ ചിത്രം പങ്കിട്ടാണ് ടി.സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. മുൻപ് ആവശ്യം വന്നപ്പോൾ അടച്ചിട്ട മുറിയിൽ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചകളെയും ഷാഫി എടുത്ത് പറയുന്നു.

'കൊല്ലാൻ തീരുമാനിച്ച് ആളും ആയുധവും നൽകി അയക്കുകയാണ്. ഈ കൊലപാതകങ്ങൾ എല്ലാം നേതൃത്വം അറിഞ്ഞ്‌ െകാണ്ട് തന്നെയാണ്. സമാധാനത്തോടെ ജനങ്ങൾ കഴിയുന്ന പാലക്കാട് വേർതിരിവ് ഉണ്ടാക്കി മത സംഘർഷമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. കൊന്നവനെ മാത്രമല്ല െകാല്ലിക്കുന്നവനെയും പിടിക്കാതെ നാട്ടിൽ സമാധാനം ഉണ്ടാവില്ല.' ഷാഫി പറമ്പിൽ പറഞ്ഞു.

എസ്ഡിപിഐ നേതാവ് വെട്ടേറ്റു കൊല്ലപ്പെട്ട പാലക്കാട് ജില്ലയിൽ തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം. നഗരത്തിലെ മേലാമുറിയിലാണ് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചത്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

അതേസമയം എസ്.ഡി.പി.ഐ കൃത്യമായ ഗൂഢാലോചനയോടെ നടത്തിയ കൊലപാതകമാണ് പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റേതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വളരെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം ഉണ്ടാകുമെന്ന വിവരം ഉണ്ടായിട്ടും സുരക്ഷയൊരുക്കാതെ പൊലീസ്, ആർ.എസ്.എസ് - ബിജെപി നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആയിരക്കണക്കിന് പൊലീസുകാരെ പാലക്കാട് ജില്ലയിൽ അണിനിരത്തിയിട്ടുണ്ട് എന്നാണ് ഉന്നത പൊലീസുകാർ പറയുന്നത്. എന്നാൽ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് കൊലപാതകം നടന്നത്. പൊലീസ് വെറും കാഴ്ചക്കാരായി മാറുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.

വെള്ളിയാഴ്ച നടന്ന കൊലപാതകത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ എസ്.ഡി.പി.ഐ പ്രവർത്തകർ കൊലവിളി നടത്തി വരികയായിരുന്നുവെന്നും കൊലക്ക് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രദേശങ്ങളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ അക്രമം നടക്കുന്ന സമയത്ത് പ്രദേശത്ത് യാതൊരു പൊലീസ് പട്രോളിങ്ങും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.