ആലപ്പുഴ: വിസ്മയയുടെ മരണം കേരളത്തിൽ സജീവമായി ചർച്ച ചെയ്ത തുടങ്ങിയ അടുത്ത ദിവസമാണ് ആലപ്പുഴയിൽ നിന്നും 19കാരിയായ ഭാര്യ ആത്മഹത്യ ചെയ്ത വാർത്തയും പുറത്തുവന്നത്. ഈ സംഭവത്തിലും വില്ലൻ സ്ത്രീധനവും ഭർതൃവീട്ടിലെ പീഡനവുമാണ് എന്ന സൂചനയാണ് പുറത്തുവരുന്നത്. ആലപ്പുഴയിലെ നവവധുവിന്റെ മരണം വാർത്തകളിൽ നിറയുന്നത് മരിച്ച സുചിത്രയുടെ വീട്ടുകാർ ആരോപണവുമായി രംഗത്തെത്തിയതു കൊണ്ടാണ്.

19 കാരിയായ സുചിത്രയാണ് വള്ളികുന്നത്ത് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ കടുത്ത പീഡനമാണ് മകൾ നേരിട്ടിരുന്നത് എന്നാണ് കുടുംബം ആരോപിക്കുന്നത്. സൈനികനായ ഭർത്താവ് ജോലിസ്ഥലത്തേക്കു മടങ്ങിയതോടെ ഭർത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.

വിവാഹത്തിനുശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടായിരുന്നു പീഡനം. സൈനികനായ ഭർത്താവ് വിഷ്ണു ജോലിക്കായി മടങ്ങിയതോടെ മകൾ കൂടുതൽ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്ര ഭർതൃഗൃഹത്തിൽ തൂങ്ങിമരിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 19 വയസു മാത്രം പ്രായമുള്ള സുചിത്രയുടെ മരണം.

വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്‌കൂട്ടറുമായിരുന്നു വാഗ്ദാനം. സ്‌കൂട്ടർ പോര കാർ വേണമെന്ന ആവശ്യത്തിനും പിന്നീട് വഴങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ കൂടുതൽ പണം വേണമെന്ന ആവശ്യം ശക്തമായി. 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടിരുന്നുവെന്നും സുചിത്രയുടെ വീട്ടുകാർ പരാതിപ്പെടുന്നു.

സുചിത്രയുടെ സ്വർണത്തിൽ കുറച്ച് ഭർത്താവിന്റെ വീട്ടുകാർ പണയം വച്ചു. ബാക്കി സ്വർണം ലോക്കറിൽ വയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രശ്‌നം വഷളായി. വിസ്മയയുടെ മരണ വാർത്ത കണ്ടു ഭയന്നു വിളിച്ചപ്പോൾ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന് സുചിത്ര ഉറപ്പു നൽകിയിരുന്നു. 20 വയസിനു മുൻപ് കല്യാണം നടന്നില്ലെങ്കിൽ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു.