ന്യൂഡൽഹി: വാക്സിൻ വിലയിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം സമർപ്പിച്ച വേളയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങൾക്കും ഒരു വിലയിലാണ് വാക്സിൻ നൽകുന്നതെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം കേന്ദ്രത്തിന്റെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ് കേസ് പരിഗണിക്കവെ കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വാക്സിൻ നയം സംബന്ധിച്ചുള്ള വിശദമായ സത്യവാങ്മൂലം ഇന്ന് രാവിലെയാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിമർശനവുമായി സുപ്രീം കോടതി രംഗത്തെത്തിയത്.

സത്യവാങ്മൂലം ലഭിക്കാൻ വൈകിയെങ്കിലും പ്രയാസമുണ്ടായില്ല, കാരണം നിങ്ങളുടെ സത്യവാങ്മൂലം ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് പത്രം വായിച്ച് അതിലെ വിശദാംശങ്ങൾ താൻ മനസിലാക്കിയെന്നാണ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് പറഞ്ഞത്. വാക്‌സിൻ വിലയിൽ ഇടപെടരുതെന്നാണ് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വാക്‌സിൻ പൊതുമുതലാണെന്നും കോവിഡ് വാക്‌സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. മുഴുവൻ വാക്‌സിനും എന്തുകൊണ്ട് കേന്ദ്രസർക്കാർ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. 'വാക്‌സിൻ ഉത്പാദിപ്പിക്കുന്നതിന് കമ്പനികൾക്ക് നൽകിയ പണം പൊതുഫണ്ടാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ വാക്‌സിൻ പൊതു ഉൽപ്പന്നമാണ്,' കോടതി നിരീക്ഷിച്ചു.

വാക്‌സിൻ നിർമ്മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്റ് അധികാരത്തെയും സുപ്രീംകോടതി ചോദ്യം ചെയ്തു. പേറ്റന്റ് അനുമതിയില്ലാതെ വാക്‌സിൻ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.

കോവിഡ് മുന്നണിപോരാളികൾക്കും 45 വയസിന് മുകളിലുള്ളവർക്കും നിങ്ങൾ 50 ശതമാനം വാക്‌സിൻ സൗജന്യമായി നൽകുന്നു. ബാക്കിയുള്ള 50 ശതമാനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കാണ്. 59.46 ശതമാനം ഇന്ത്യക്കാർ 45 വയസിന് താഴെയുള്ളവരാണ്. അവരിൽ തന്നെ പലരും പാർശ്വവൽക്കരിക്കപ്പെട്ടവരും ദരിദ്രരുമാണ്. എവിടെ നിന്നാണ് അവർ വാക്‌സിൻ വാങ്ങിക്കാൻ പണം കണ്ടെത്തുക?, കോടതി ചോദിച്ചു.

18 നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് സർക്കാർ വാക്‌സിനേഷൻ തുടങ്ങണമെന്നും കോടതി അഭിപ്രായപ്പെട്ടു. 'എത്ര വാക്‌സിനുകൾ ഉൽപാദിപ്പിക്കുന്നുണ്ടെന്ന് നമുക്കറിയാം. നിങ്ങൾ ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്,' കോടതി പറഞ്ഞു. അതേസമയം വാക്‌സിനായി നിരക്ഷരർ എങ്ങനെ കോവിൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. തിങ്കളാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.