തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊന്ന കേസിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. പിടിയിലായവരെല്ലാം കോൺഗ്രസ് ബന്ധമുള്ളവരാണ്. ഒരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്ക് എല്ലാ സഹായവും ചെയ്തവരാണ് ഇവർ. അതിനിടെ ഈ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് കോൺഗ്രസ് നേതൃത്വവും അറിയിച്ചു.

രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായിരുന്നു. തുടർന്ന് നടന്ന പല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു. എന്നാൽ കൊന്നവരുടേയും മരിച്ചവരുടേയും കൈയിൽ ആയുധമുണ്ടായിരുന്നുവെന്നത് തെരുവ് യുദ്ധത്തിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരസ്പരം പോരിന് വന്നവരാണ് കൊല്ലപ്പെട്ടവരെന്ന വാദവും ഇതോടെ സജീവമാകുകയാണ്.

കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണു കാരണമെന്ന് ആദ്യം റൂറൽ എസ്‌പി ബി.അശോകൻ പറഞ്ഞങ്കിലും നിഗമനത്തിലെത്തിയിട്ടില്ലെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുദീൻ തിരുത്തിപ്പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയുള്ള പൊലീസിന്റെ നിലപാടു മാറ്റത്തിന്റെ പ്രധാന കാരണം സിസിടിവി ദൃശ്യങ്ങളാണ്. ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാൽ ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കാണാം. ഇരുകൂട്ടരുടെയും കൈവശം വാളുകളുണ്ട്. പ്രതികളും കൊല്ലപ്പെട്ടവരുമായി ഒരു വർഷത്തിലധികമായി പ്രശ്‌നം തുടരുന്നതിനാലും മറ്റു കാരണങ്ങളുടെ സാധ്യതയും പരിശോധിക്കുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ കൊല്ലപ്പെട്ടവരും പ്രതികളുമായും തർക്കങ്ങളുണ്ടായിരുന്നു. ഈ തർക്കങ്ങളും പ്രതികാരമായി. ആക്രമത്തിന് കൊല്ലപ്പെട്ടവരാണ് തീരുമാനം എടുത്തതെന്ന വാദവും സജീവമാണ്. എതിർ ഗ്രൂപ്പിനെ അതീവ രഹസ്യമായി നശിപ്പാക്കാനായിരുന്നേ്രത തീരുമാനം. എന്നാൽ ഈ പദ്ധതി എതിരാളികൾക്ക് ചോർന്ന് കിട്ടി. ആയുധവുമായി അവരും സംഘം ചേർന്ന് കാത്തിരുന്നു. ഇതോടെ തെരുവ് ചോരക്കളമായി. മൂന്നു പേരായി എത്തിയ സംഘത്തിലെ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് സൂചന. അതുകൊണ്ടാണ് രണ്ട് കൂട്ടരുടേയും കൈയിൽ ആയുധങ്ങൾ എത്തിയത്.

മിഥിലാജിനേയും ഹഖ് മുഹമ്മദിനേയും വെട്ടിക്കൊന്ന കേസിൽ ആറ് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. ഒളിവിലായിരുന്ന അൻസാർ, ഉണ്ണി എന്നിവർ ഇന്ന് രാവിലെയാണ് പൊലീസ് പിടിയിലായത്. ഇവരെല്ലാം ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളിയായെന്നാണ് പൊലീസ് പറയുന്നത്.

കൃത്യത്തിന്റെ ആസൂത്രണത്തിലും പ്രതികളെ സഹായിച്ചതിലും അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികൾക്ക് പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റാണ് ഉച്ചയോടെ രേഖപ്പെടുത്തുക. ഇവരോടൊപ്പം ഇന്ന് പുലർച്ചെ പിടിയിലായ അൻസാറും ഉണ്ണിയുമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ട് പേർ.ഇവരുടെ അറസ്റ്റ് നാളെയാവും രേഖപ്പെടുത്തുക. വിശദ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇത്.

നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്ന് പൊലീസ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴുത്തിലും തലയിലും കൈയിലും മാരകമായി മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രത്യേകം പ്രത്യേകം തെളിവെടുപ്പിന് എത്തിക്കും. അതീവ സുരക്ഷയും ഏർപ്പെടുത്തും.

കൊലപാതകത്തിന് ശേഷം ഇന്നലെ ജില്ലയിലെ കോൺഗ്രസ് ഓഫീസുകൾക്കെതിരേ വ്യാപക അക്രമം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സിപിഎം. കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം