കണ്ണൂർ: സർക്കസ് പ്രമേയമാകുന്ന കഥകളിലൂടെ മലയാള സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയനായിരുന്ന ശ്രീധരൻ ചമ്പാട് അന്തരിച്ചു. കണ്ണൂർ പാട്യം പത്തായക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണൽ വാതക ശ്മശാനത്തിൽ സംസ്‌കാരം നടക്കും.

റപ്പീസ് കലാകാരനായും പിആർഒ ആയും മാനേജരായും ഏഴുവർഷം സർക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. 2014-ൽ സാഹിത്യത്തിനുള്ള സമഗ്രസംഭാവനകളെ മാനിച്ച് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.

ജി. അരവിന്ദന്റെ തമ്പ് എന്ന സിനിമയുടെ കഥാകാരനും കെ.ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന സിനിമയുടെ തിരക്കഥാകൃത്തുമാണ്. ആരവം, കുമ്മാട്ടി, ജോക്കർ, അപൂർവസഹോദരങ്ങൾ, ഭൂമിമലയാളം തുടങ്ങിയ സിനിമകളുമായി സഹകരിച്ചുപ്രവർത്തിച്ചു. സർക്കസുമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചു ജീവിതാനുഭവമാണ് സർക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉൾപ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. സർക്കസിന്റെ ചരിത്രവും വിശദമാക്കുന്ന ആൽബം ഓഫ് ഇന്ത്യൻ ബിഗ് ടോപ്സ് എന്ന പുസ്തകത്തിന്റെ രചയിതാവുകൂടിയാണ്.

1938-ൽ തലശ്ശേരിയിലെ ചമ്പാട് കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനായി ജനിച്ചു. പത്താംക്ലാസ് ജയിച്ചതിനുശേഷം കോഴിക്കോട് ദേവഗിരി കോളേജിൽ ഉന്നതപഠനത്തിനു ചേർന്നെങ്കിലും വീട്ടിലെ മോശം സാമ്പത്തികാവസ്ഥ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കയറി. പതിനെട്ടാമത്തെ വയസ്സിൽ ഹൗറയിലെ ഗ്രേറ്റ് റേയ്മാൻ സർക്കസ്സിൽ ക്ലാർക്കായി ജോലി തുടങ്ങി. പിന്നീട് അതേ കമ്പനിയിൽത്തന്നെ ട്രപ്പീസുകളിക്കാരനായി. വിവിധ സർക്കസ് കമ്പനികളായ ജംബോയും ജെമിനിയും അമറും ഗ്രേറ്റ് റെയ്മണ്ടും അദ്ദേഹത്തെ വിവിധകാലങ്ങളിൽ ട്രപ്പീസുകളിക്കാരനാക്കി നിയമിച്ചു.