കണ്ണുർ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ് നടത്തിയ മുൻ 'മുസ് ലിം ലീഗ് നേതാവ് അറസ്റ്റിൽ ഇന്ന് രാവിലെ കണ്ണുർ വിമാനതാവളത്തിൽ വച്ചാണ് ഇയാളെ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കോടെരിയും സംഘവും ഇയാളെ അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാൾ വിമാനതാവളത്തിലെത്താൻ സാധ്യതയുണ്ടെന്നു സൂചന ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമാന താവളം കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കിയിരുന്നു.

കണ്ണൂർ എയർപ്പോർട്ടു പൊലിസും കസ്റ്റംസിന്റെയും സഹായത്തോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഒൻപതു മണിയോടെഇയാൾ പിടിയിലായത്. നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി കണ്ണുർ ഫോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ജൂവലറി ജനറൽ മാനേജരായ മുൻ മുസ്ലിം ലീഗ് നേതാവ് മുങ്ങുകയായിരുന്നു.

ലീഗിന്റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്റ് കെ.പി. നൗഷാദാണ് വിമാനതാവളത്തിൽ നിന്നും പിടിയിലായത്. പണം നഷ്ടപ്പെട്ട ഏഴുപേർ കണ്ണൂർ എസിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. സ്വർണവും പണവും നിക്ഷേപിച്ച അമ്പതോളം പേരാണ് തട്ടിപ്പിനിരയായത്. ഇതുസംബന്ധിച്ച് ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരുന്നു ഇതേ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ. ഗോൾഡിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്നു നൗഷാദ്. ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്.

ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശ വാഗ്ദാനം ചെയ്തിരുന്നു.