ന്യൂയോർക്ക്: കോവിഡിനേക്കൾ മാരകമായ മറ്റൊരു മഹാമാരിയിലേക്ക് ലോകം നടന്നടുക്കുകയാണെന്ന മുന്നറിയീപ്പുമായി ശാസ്ത്രജ്ഞർ രംഗത്ത്. യു എസ് സെന്റേഴ്‌സ് ഫോർ ഡിസീസ് ക്ൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. പക്ഷിപ്പനി (ഏവിയൻ ഇൻഫ്‌ളുവൻസ എ (എച്ച് 5 എൻ1) മരണനിരക്ക് 25 മുതൽ 50 ശതമാനം വരെ ആകാമെന്നാണ് അദ്ദേഹം പറയുന്നത്. കോവിഡിന്റെ മരണ നിരക്ക് വെറും 0.6 ശതമാനമായിരുന്നു എന്നതോർക്കണം.

പക്ഷിപ്പനി മൂലമുണ്ടായ ആദ്യമരണം മെക്സിക്കോയിൽ നിന്നും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.. എന്നാൽ, കോ- മോർബിറ്റൈസ് മുല്ലമാണ് ഈ 59 കാരൻ മരണമടഞ്ഞതെന്നാണ് പ്രാദേശിക ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, ഇതുവരെ മനുഷ്യരിൽ നിന്നും നേരിട്ട് മനുഷ്യരിലേക്ക് പക്ഷിപ്പനി പകർന്നതായി റിപ്പോർട്ടുകളില്ല എന്നത് ഏറെ ആശ്വാസകരമാണ്.

എന്നിരുന്നാലും, മനുഷ്യരിൽ ഈ രോഗത്തിന്റെ സാന്നിദ്ധ്യം ഏറെ ആശങ്കയുയർത്തുന്നുമുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി യു എസിലെ വിവിധ സംസ്ഥാനങ്ങളിൽ, പശുക്കൾക്കിടയിലും ഈ രോഗം പടർന്നിരുന്നു. പശുവിൽ നിന്നും മനുഷ്യനിലേക്ക് ഈ രോഗം ആദ്യമായി പടർന്നതിന്റെ ഫലമായി മൂന്ന് ഡയറി തൊഴിലാളികൾക്ക് ഈ രോഗം ബാധിക്കുകയും ചെയ്തിരുന്നു. ഇതിൽ ഏറ്റവും അവസാനത്തേത് മിഷിഗണിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇയാൾക്ക് പനി വന്നിരുന്നില്ലെങ്കിലും, ചുമയും ശ്വാസ തടസ്സവുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. തുടർച്ചയായ് ഫ്‌ളൂ ലക്ഷണങ്ങൾ ആണ് പക്ഷിപ്പനി ബാധിച്ചവർ പ്രകടിപ്പിക്കുക. ചുമ, ക്ഷീണം,. പനി, തലവേദന, പേശീ വേദന, മൂക്കൊലിപ്പ്, ശ്വാസ തടസ്സം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. അതീവ മാരകമാണെങ്കിലും, കോവിഡിനെപോലെ വ്യാപനശേഷി ഇല്ലാത്തതാണ് ഈ രോഗം എന്നത് അല്പമെങ്കിലും ആശ്വാസം പകരുന്ന വസ്തുതയാണ്.