സാധാരണയായി സ്ത്രീകൾക്കിടയിലുള്ള ധാരണ ആർത്തവകാലം ദൗർബല്യത്തിന്റെ കാലമാണെന്നാണ്. ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് 241 ഓളം വനിത സ്പോർട്‌സ് താരങ്ങൾക്കിടയിൽ നടത്തിയ പരീക്ഷണം. ടീം സ്‌പോർട്‌സുകളിൽ ആർത്തവകാലത്തെ മാനസിക പ്രക്രിയകളും മറ്റും അനുകരിച്ചു കൊണ്ടായിരുന്നു ടെസ്റ്റുകൾ രൂപപ്പെടുത്തിയത്. ഈ കാലയളവിലെ സ്ത്രീകളുടെ പ്രതികരണ സമയം, ശ്രദ്ധ, കൃത്യത, സ്ഥലകാല ബോധം എന്നിവ അളക്കുകയായിരുന്നു പരീക്ഷണത്തിന്റെ ഉദ്ദേശ്യം.

ആർത്തവകാലത്ത് പ്രകടനം മോശമായിരിക്കും എന്ന ധാരണ തെറ്റിച്ചുകൊണ്ട്, ബോളിങ് ആക്ഷനുകളിലും മറ്റും സ്ത്രീകൾ 12 ശതമാനത്തോളം കൂടുതൽ വേഗതയിൽ പ്രതികരിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ, അടുത്ത നീക്കം മുൻകൂട്ടി കാണുന്നതിനുള്ള പരീക്ഷണത്തിൽ വിജയം 25 ശതമാനം അധികമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

അണ്ഡോദ്പാദന ഘട്ടത്തിനും ആർത്തവഘട്ടത്തിനും ഇടയിലുള്ള സമയത്ത് ഗ്രൂപ്പ് സ്‌പോർട്‌സുകളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിക്കുന്നത് എന്തുകൊണ്ട് എന്നതിന്റെ ഉത്തരവും ഈ പരീക്ഷണം നൽകുന്നു എന്ന് ഗവേഷണം നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ട്, എക്സർസൈസ് ആൻഡ് ഹെൽത്തിന്റെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തിന്റെ ഫലം ന്യൂറോസൈക്കോളജിയ എന്ന ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അണ്ഡോദ്പാദനത്തിനും ആർത്തവത്തിനും ഇടയിലെ കാലഘട്ടത്തിൽ ഉണ്ടാകുന്ന ചില ഹോർമോൺ മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. ഈ കാലയളവിൽ പ്രതികരണം അൽപം മന്ദഗതിയിലായിരുന്നു.അതുകൊണ്ടാണ് ഈ കാലയളവിൽ പരിക്കുകൾക്ക് കൂടുതലായി ഇവർ ഇരകളാകുന്നത്.ഈ കാലഘട്ടത്തിൽ, മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഈസ്‌ട്രോജന്റെ അളവ് കുറയും. അതുപോലെ ചിന്തയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ തറ്റയുന്ന പ്രോജിസ്റ്റിറോണിന്റെ അളവ് വർദ്ധിക്കും. ഇതാണ് പ്രതികരണം മന്ദഗതിയിലാക്കുന്നത്.

എന്നാൽ, ആർത്തവ സമയത്ത് ഈ പ്രക്രിയ നേരെ എതിർ ദിശയിലായിരിക്കും സംഭവിക്കുക. സ്വാഭാവികമായും പ്രതികരണം വേഗത്തിലാകും. കോൺടാക്റ്റ് സ്‌പോർട്‌സുകളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് അവരുടെ ഗെയിം പ്ലാൻ ആർത്തവ ചക്രത്തിനനുസരിച്ച് ക്രമീകരിക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ ഫ്‌ളാമിന റോൻക പറയുന്നു..ഏത് സമയത്താണ് പ്രകടനം മികച്ചതാക്കാൻ പറ്റാത്തത് എന്നറിഞ്ഞാൽ, ആ സമയത്ത് കളികളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ കഴിയും.