തിരുവനന്തപുരം: തുമ്പ നെഹ്റു ജംഗ്ഷനില്‍ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം നാടന്‍ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുമ്പ നെഹ്റു ജംഗ്ഷന്‍ സ്വദേശികളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 11.45നായിരുന്നു സംഭവം. തുമ്പ പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ അഖില്‍ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ബോംബെറിഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.