കാലിഫോര്‍ണിയ: കോപ്പ അമേരിക്കയില്‍ നിന്നും ബ്രസീല്‍ പുറത്ത്. കോപ്പയില്‍ ബ്രസീല്‍-അര്‍ജന്റീന സുപ്പര്‍ ഫൈനല്‍ സ്വപ്‌നം കണ്ടവര്‍ക്ക് നിരാശ. യുറോഗ്വയോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ വീണു. കാനറികള്‍ കണ്ണീരുമായി മടങ്ങി. അര്‍ജന്റീന നേരത്തെ സെമിയില്‍ ഇടം നേടിയിരുന്നു.

പൊരുതിക്കളിച്ച ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പിന്തള്ളിയാണ് യുറഗ്വായ് കോപ്പ അമേരിക്ക ഫുട്‌ബോള്‍ സെമിയില്‍ എത്തിയത്. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട ആവേശപ്പോരാട്ടത്തില്‍ 4-2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. നഹിത്താന്‍ നാന്‍ഡസ് 74ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായിട്ടാണ് യുറഗ്വായ് മത്സരം പൂര്‍ത്തിയാക്കിയത്. അവസാന 20 മിനിറ്റോളം 10 പേരുമായി ബ്രസീല്‍ ആക്രമണത്തെ ചെറുത്തുനിന്ന യുറഗ്വായ്, ഷൂട്ടൗട്ടില്‍ എതിരാളികളെ തോല്‍പ്പിച്ചു.

യുറഗ്വായ്ക്കായി ഫെഡറിക്കോ വാല്‍വെര്‍ദെ, റോഡ്രിഗോ ബെന്റാന്‍കര്‍, ജോര്‍ജിയന്‍ ഡി അരാസ്‌കെറ്റ, മാനുവല്‍ ഉഗാര്‍ത്തെ എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ ജോസ് മരിയ ഗിമെനെസിന്റെ കിക്ക് ബ്രസീല്‍ ഗോളി ആലിസന്‍ തടുത്തിട്ടെങ്കിലും കാര്യമുണ്ടായില്ല. ബ്രസീലിനായി ആദ്യ കിക്കെടുത്ത എഡെര്‍ മിലിറ്റാവോയ്ക്കുതന്നെ പിഴച്ചു. താരത്തിന്റെ ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിയകറ്റി. പിന്നാലെ കിക്കെടുത്ത ആന്‍ഡ്രേസ് പെരെയ്ര പന്ത് വലയിലാക്കിയെങ്കിലും മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ മഞ്ഞപ്പടയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. അടുത്ത കിക്ക് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വലയിലാക്കിയെങ്കിലും യുറഗ്വായുടെ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഉഗാര്‍ത്തെ ടീമിനെ സെമിയിലേക്ക് നയിച്ചു. 26 ഫൗളുകളാണ് മത്സരത്തില്‍ യുറഗ്വായ് വരുത്തിയത്. ഒരു ചുവപ്പുകാര്‍ഡും കണ്ടു.

ഇതിനിടെ, റോഡ്രിഗോയ്ക്കെതിരായ ഗുരുതര ഫൗളിന് നഹിറ്റാന്‍ നാന്‍ഡെസ് 74-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ യുറഗ്വായ് 10 പേരായി ചുരുങ്ങി. വാര്‍ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറിയുടെ തീരുമാനം. ഈ ആനുകൂല്യം മുതലെടുക്കാന്‍ ബ്രസീല്‍ ഏതാനും മാറ്റങ്ങള്‍കൂടി വരുത്തി മുന്നേറ്റങ്ങള്‍ ശക്തമാക്കിയെങ്കിലും ഫിനിഷിങ് പിഴച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ ബ്രസീല്‍ ആക്രമണങ്ങളെ സകല കരുത്തും ഉപയോഗിച്ച് പ്രതിരോധിച്ച യുറഗ്വായ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു. അങ്ങനെ കോപ്പയില്‍ മഞ്ഞപ്പടയുടെ കണ്ണീര്‍ വീണു.

ഗ്രൂപ്പുഘട്ടത്തില്‍ അത്ര മികച്ചപ്രകടനം നടത്താന്‍ ബ്രസീലിനായിരുന്നില്ല. പുതിയ പരിശീലകന്‍ ഡോണിവല്‍ ജൂനിയറിന്റെ കീഴില്‍ ടീം സെറ്റായില്ലെന്നതാണ് വസ്തുത. രണ്ടു കളികളില്‍ മഞ്ഞകാര്‍ഡ് കണ്ട വിനീഷ്യസിന് കളിക്കാന്‍ കഴിയാത്തത് ബ്രസീലിന് തിരിച്ചടിയായി. മറുവശത്ത് മാഴ്സലോ ബിയേല്‍സ പരിശീലിപ്പിക്കുന്ന യുറഗ്വായ് മികച്ചഫോമിലായിരുന്നു. ഗ്രൂപ്പ് സിയില്‍ മൂന്നുകളിയും ജയിച്ചാണ് ടീമിന്റെ വരവ്. ഗ്രൂപ്പില്ഡ ഒമ്പതു ഗോള്‍നേടിയ ടീം വഴങ്ങിയത് ഒരുഗോള്‍ മാത്രമാണ്. ബ്രസീലിനെതിരെ പ്രതിരോധം കടുപ്പിച്ചു. അങ്ങനെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഏകപക്ഷീയമായി മാറിയ മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പാനമയെ വീഴ്ത്തി കരുത്തരായ കൊളംബിയ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് കൊളംബിയ പാനമയെ വീഴ്ത്തിയത്. യുറോഗ്വയും കൊളംബിയയും തമ്മിലാണ് ഇനി സെമി. അര്‍ജന്റീനയ്ക്ക് സെമിയില്‍ കാനഡയാണ് എതിരാളികള്‍. കാനഡയുടെ ആദ്യ കോപ്പാ അമേരിക്കാ ടൂര്‍ണ്ണമെന്റാണ് ഇത്. ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ അര്‍ജന്റീന തോല്‍പ്പിച്ചിരുന്നു.

പനാമ-കൊളംബിയ മത്സരത്തിന്റെ ആദ്യപകുതിയില്‍ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുന്‍പിലായിരുന്നു. മത്സരത്തിലെ രണ്ടു ഗോളുകള്‍ കൊളംബിയ നേടിയത് പെനല്‍റ്റിയില്‍ നിന്നാണ്. ജോണ്‍ കോര്‍ഡോബ (എട്ടാം മിനിറ്റ്), ഹാമിഷ് റോഡ്രിഗസ് (15ാം മിനിറ്റ്, പെനല്‍റ്റി), ലൂയിസ് ഡയസ് (41ാം മിനിറ്റ്), റിച്ചാര്‍ഡ് റിയോസ് (70ാം മിനിറ്റ്), മിഗ്വേല്‍ ബോര്‍ഹ (90+4ാം മിനിറ്റ്, പെനല്‍റ്റി) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.