മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം രാജി വച്ചാണ് ഗംഭീര്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങള്‍ അഭിമുഖം നടത്തിയിരുന്നു. മുന്‍ ഇന്ത്യന്‍താരം ഡബ്ല്യു.വി. രാമന്‍ ഉള്‍പ്പെടെയുള്ളവരുമായും ബി.സി.സി.ഐ അഭിമുഖം നടത്തിയിരുന്നു.

ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ഗൗതം ഗംഭീര്‍ ടീമിനൊപ്പം ചേരുന്ന വിവരം പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഗംഭീര്‍ ടീമിനെ പരിശീലിപ്പിക്കും. ആധുനിക ക്രിക്കറ്റിലെ അതിവേഗത്തിലുള്ള മാറ്റം അടുത്തറിഞ്ഞ ആളാണ് ഗംഭീറെന്ന് ജയ് ഷാ പ്രതികരിച്ചു. "ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഞാന്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ക്രിക്കറ്റ് അതിവേഗത്തിലാണു മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ അടുത്തറിഞ്ഞ ആളാണ് ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഗൗതം ഗംഭീറിനു സാധിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്."

പുതിയ യാത്രയില്‍ ഗംഭീറിനു പൂര്‍ണ പിന്തുണയേകാന്‍ ബിസിസിഐ ഉണ്ടാകുമെന്നും ജയ് ഷാ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. പരിശീലകനെന്ന നിലയില്‍ പേരെടുത്ത വ്യക്തിത്വമാണ് ഗൗതം ഗംഭീര്‍.ചുമതലയേറ്റെടുത്ത് ആദ്യ സീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കാന്‍ ഗംഭീറിനു സാധിച്ചിരുന്നു. കൊല്‍ക്കത്തയിലെത്തുന്നതിനു മുന്‍പ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ മെന്ററായും ഗംഭീര്‍ പ്രവര്‍ത്തിച്ചു. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു.

മൂന്നരവര്‍ഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ല്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോര്‍മാറ്റിലും ഒരു കോച്ചാകും. കഴിഞ്ഞവര്‍ഷംനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ തുടരുകയായിരുന്നു. 58 ടെസ്റ്റില്‍ 104 ഇന്നിങ്സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി-20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ പരിശീലക സ്ഥാനത്ത് കാലാവധി കഴിഞ്ഞെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ബന്ധത്തിലാണ് ദ്രാവിഡ് ടി20 ലോകകപ്പ് വരെ പരിശീലകനായി തുടര്‍ന്നത്. ലോകകപ്പ് കിരീടത്തോടെ വിടവാങ്ങാന്‍ ഇത് ദ്രാവിഡിന് അവസരമൊരുക്കുകയും ചെയ്തു. ലോകകപ്പിന് പിന്നാലെ നടന്ന സിംബാബ്വെ പര്യടനത്തില്‍ ലോകകപ്പ് താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച സെലക്ടര്‍മാര്‍ ജൂനിയര്‍ താരങ്ങളെ പരമ്പരക്ക് അയച്ചപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായ വിവിഎസ് ലക്ഷ്മണാണ് താല്‍ക്കാലിക പരിശീലകനായി ടീമിനൊപ്പം പോയത്. ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയോടെയാവും ഗംഭീര്‍ ഔദ്യോഗികമായി പരിശീലക ചുമതല ഏറ്റെടുക്കുക.