തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജന ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചര്‍ച്ച കൂടാതെ പാസാക്കിയ ബില്ലില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്.

ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ നിയമസഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെ ഗവര്‍ണര്‍ക്ക് പ്രതിപക്ഷം കത്തുനല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഗവര്‍ണറുടെ നിലപാട്.

സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് കമ്മീഷന്‍ ചെയര്‍മാന്‍. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തന്‍ ഖേല്‍ക്കര്‍, കെ ബിജു, എസ് ഹരികിഷോര്‍, കെ വാസുകി എന്നിവരാണ് അംഗങ്ങള്‍.