വിസ്മരണീയ വേഷങ്ങളിലൂടെ മലയാളസിനിമയിൽ നിറഞ്ഞാടിയ അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നു. രാജീവ് ശിവശങ്കർ രചിച്ച 'സത്യം' എന്ന നോവൽ അടുത്തുതന്നെ മാതൃഭൂമിയിലൂടെ പുറത്തിറങ്ങും.

തിരുവനന്തപുരത്തിനടുത്തു തൃക്കണ്ണാപുരത്തിനടുത്ത് ആറാമടയിലെ പൂഴിക്കുന്ന് ചെറുവിളാകത്തു വീട്ടിൽ 1912-നവംബർ 9 ന് ജനിച്ച സത്യനേശൻ നാടാർ 1941ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിലും പുന്നപ്ര-വയലാർ സമരങ്ങൾ കൊടുമ്പിരിക്കൊണ്ട 1947-48 കാലഘട്ടത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായും സേവനമനുഷ്ഠിച്ചു. ആലപ്പുഴയിൽ കമ്യൂണിസ്റ്റ് നേതാക്കളെ അടിച്ചൊതുക്കാൻ നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. കൗമുദി ചീഫ് എഡിറ്റർ ആയിരുന്ന കെ.ബാലകൃഷ്ണൻ നിർമ്മിച്ച് സംവിധാനം ചെയ്ത 'ത്യാഗസീമ' എന്ന ചിത്രത്തിലാണ് സത്യനും പ്രേംനസീറും അഭിനയം തുടങ്ങുന്നത്. പക്ഷേ, ഈ സിനിമ പുറത്തിറങ്ങിയില്ല.

നൂറ്റിനാൽപ്പതോളം സിനിമകളിലഭിനയിച്ച് പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് സത്യന് രക്താർബുദം ബാധിച്ചതായി കണ്ടുപിടിക്കുന്നത്. 1971 ജൂൺ 15ന് 59-ാം വയസിൽ അദ്ദേഹം അന്തരിച്ചു. കളരി അഭ്യാസി, അദ്ധ്യാപകൻ, സൈനികൻ, പൊലീസ് ഇൻസ്‌പെക്ടർ, നടൻ, കുടുംബനാഥൻ തുടങ്ങിയ സത്യന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്ന നോവലാണ് സത്യം എന്ന് രാജീവ് ശിവശങ്കർ പറയുന്നു.

പ്രേംനസീർ, കെ.ജെ.യേശുദാസ്, പി. ജയചന്ദ്രൻ, ഷീല, ശാരദ, പി.ഭാസ്‌കരൻ, വയലാർ, ദേവരാജൻ, മധു, രാമു കാര്യാട്ട്, ശാരംഗപാണി, തോപ്പിൽഭാസി തുടങ്ങി മലയാള സിനിമയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച, മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേർ നോവലിൽ കഥാപാത്രങ്ങളാകുന്നുണ്ടെന്നും ആ നിലയ്ക്ക് ഈ നോവൽ മലയാളസിനിമയുടെ ചരിത്രം കൂടിയാണെന്നും നോവലിസ്റ്റ് അവകാശപ്പെടുന്നു.

കഷ്ടിച്ച് ഇരുപതുവർഷങ്ങളിലെ അഭിനയജീവിതം മാത്രമേ സത്യന് ഉള്ളെങ്കിലും മലയാളസിനിമയുടെ ഗതി മാറിയത് ആ കാലമായിരുന്നു. ഉദയാ സ്റ്റുഡിയോയും മെറിലാൻഡ് സ്റ്റുഡിയോയും മത്സരിച്ചു സിനിമകൾ നിർമ്മിച്ചകാലം. മദിരാശിയിൽ നിന്നു കേരളത്തിലേക്കു സിനിമാചിത്രീകരണം പറിച്ചുനട്ടതും കറുപ്പിലും വെളുപ്പിലും നിന്ന് മലയാളസിനിമ വർണചിത്രങ്ങളിലേക്കു മാറിയതും അതേ കാലത്തായിരുന്നു. കേരളത്തിന്റെ അതിരുകടന്ന് 'നീലക്കുയിലി'ലൂടെയും 'ചെമ്മീനി'ലൂടെയും മലയാളസിനിമ പുരസ്‌കാരനേട്ടം കൊയ്തതും ഇതേ കാലത്തുതന്നെ.

'തമോവേദം', 'പ്രാണസഞ്ചാരം', 'പെണ്ണരശ്', 'കൽപ്രമാണം', 'കലിപാകം', 'നാഗഫണം', 'പോര്' തുടങ്ങി 16 നോവലുകൾ ഉൾപ്പെടെ 22 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള രാജീവ് ശിവശങ്കർ ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കി 'മറപൊരുൾ',കുഞ്ഞാലിമരയ്ക്കാന്മാരുടെ ജീവിതത്തെ ആസ്പദമാക്കി 'കുഞ്ഞാലിത്തിര' എന്നീ ജീവചരിത്രനോവലുകളും രചിച്ചിട്ടുണ്ട്. 'പ്രാണസഞ്ചാര'ത്തിന് തോപ്പിൽരവി പുരസ്‌കാരവും 'ദൈവമരത്തിലെ ഇല' എന്ന കഥാസമാഹാരത്തിന് മനോരാജ് സ്മാരക പുരസ്‌കാരവും ലഭിച്ചു. മലയാളമനോരമ കോട്ടയം യൂണിറ്റിൽ അസിസ്റ്റന്റെ എഡിറ്ററാണ് രാജീവ്.

മാതൃഭൂമി ബുക്‌സ് അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന സത്യം എന്ന നോവലിൽനിന്ന് ഒരുഭാഗം

1971, മെയ്‌

ഏർക്കാട്, മദിരാശി

"രണ്ടു വരാലുകളുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്."


'കരകാണാക്കടലി'ന്റെ ചിത്രീകരണം നടക്കുന്ന വിജനമായ സ്ഥലത്തെ സെറ്റിനുമുന്നിൽ കാറിൽനിന്നിറങ്ങുമ്പോൾ മഞ്ഞിലാസ് ഉടമ എം.ഓ.ജോസഫ് ചിരിച്ചുകൊണ്ടു പറഞ്ഞു.


"ഞങ്ങൾ തിരുവനന്തപുരത്തുകാർ ബ്രാലിൽ വീഴില്ല ഔസേപ്പച്ചാ. കരിമീനോ നെന്മീനോ വേണം."തോമായുടെ വേഷത്തിൽ തലയിൽ തോർത്തുകെട്ടിനിന്ന സത്യൻ പറഞ്ഞു.

"കരിമീനെങ്കിൽ കരിമീൻ."

സത്യനുള്ള മരുന്നുകൾ അടങ്ങിയ പെട്ടി ജോസഫ് കൈമാറി.

"ഡോക്ടർ ജഗദീശൻ എന്തുപറഞ്ഞു? ചൂടിലാണോ?"

"പിന്നല്ലാതെ? തകഴിയിലൊക്കെ നിരങ്ങിയിട്ട് ചെക്കപ്പിനു ചെല്ലാത്തതിന് വഴക്കുപറഞ്ഞു. എത്രയും വേഗം അറസ്റ്റ് ചെയ്‌തോണ്ടു ചെല്ലണമെന്നാ ഓർഡർ."

"അറസ്റ്റൊന്നും വേണ്ട. ഇതൊന്നു തീർന്നാൽ ഞാൻ പൊയ്‌ക്കൊള്ളാം."
സത്യൻ വാക്കുകൊടുത്തു.

"രണ്ടു ഗംഭീരകഥകളുണ്ട്."

"കേൾക്കാം. ഞാൻ രണ്ടു സീനിൽകൂടി ഒന്നു മിന്നിയേച്ചുവരട്ടെ."

"ആയിക്കോട്ടെ."

കുപ്പായത്തിന്റെ കുടുക്കുകൾ ഊരി ജോസഫ് കസേരയിൽ ചാരിയിരുന്നു. മനഃപൂർവമാണു സെറ്റിലേക്കു പോകാഞ്ഞത്. ഹെഡ്‌മാസ്റ്ററെപ്പോലെ ബലംപിടിച്ചുനടക്കുന്ന സേതുമാധവൻ തന്നെക്കണ്ടാലും ശ്രദ്ധിക്കില്ല.
ജോസഫിനെ വിശ്രമമുറിയിൽ ഇരുത്തി സത്യൻ സെറ്റിലേക്കോടുമ്പോൾ മഴ തൂളിത്തുടങ്ങിയിരുന്നു. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ഉയർത്തിപ്പിടിച്ച കാലൻ കുടയ്ക്കുകീഴിൽ നടക്കുമ്പോഴാണു ശ്രദ്ധിച്ചത്. മീശപോലും മുളച്ചിട്ടില്ലാത്ത ഇത്തിരിപ്പോന്ന ചെക്കനാണ്. അവൻ നനയുന്നു.

"നിന്റെ പേരെന്താ മോനേ?"

സത്യൻ ചുമലിൽ കൈയിട്ടു ചോദിച്ചു.

"കണ്ണൻ."

"എനിക്കു പനിവന്നാൽ ആശുപത്രിയിൽ എടുത്തോണ്ടുപോകാൻ നൂറുപേർ വരും. നിനക്ക് പനിവന്നാലോ? കുടുംബം പട്ടിണിയാകും. ഇല്ലേ?"

കണ്ണൻ മിണ്ടിയില്ല.

"അതുകൊണ്ട് നനയാതെ കുട നേരേ പിടിക്ക്."

കണ്ണന്റെ കൈവിറയ്ക്കുന്നതുകണ്ട്, സത്യൻതന്നെ കുട മാറ്റിപ്പിടിച്ച് അവനെ കുടയ്ക്കുള്ളിലാക്കി.

"എന്തുവരെ പഠിച്ചു?"

"ഫിഫ്ത്ത് ഫോം."

"ഇനീം പഠിക്കണ്ടേ?"

"വേണ്ട. എന്റമ്മച്ചിക്കൊരു വീടു വച്ചുകൊടുത്തിട്ടു ഞാൻ പഠിച്ചോളാം."കണ്ണന്റെ ശബ്ദമിടറി.

"വീടുവയ്ക്കാൻ എത്ര വേണ്ടിവരും? ഞാൻ സഹായിക്കാം."

"അയ്യോ വേണ്ട."

"കടമായിട്ടല്ല കണ്ണാ...ഷൂട്ടിങ് കഴിയുമ്പോൾ എന്നെ വന്നുകാണൂ."

കണ്ണന്റെ കണ്ണു നിറഞ്ഞൊഴുകി.

"എന്താ?"

"എന്നോടാരും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല."

കുട്ടികളെപ്പോലെ കരയുന്ന അവനെ സത്യൻ ചേർത്തുപിടിച്ചു.
മഴ കാരണം ചിത്രീകരണം മുടങ്ങി. ജോസഫ് ഒന്നുമയങ്ങി കണ്ണുതുറക്കുമ്പോൾ കണ്ടത് കുളിമുറിയിൽനിന്നു മുഖം കഴുകിത്തുടച്ചുവരുന്ന സത്യനെ. സത്യൻ ചുമരിനോടു ചേർത്തിട്ട കിടക്കയിൽ ചാരിയിരുന്നു.

"എന്തെങ്കിലും പ്രശ്‌നമുണ്ടോ?"

മുഖത്തെ ക്ഷീണം കണ്ട് ജോസഫ് സംശയിച്ചു.

"ഒന്നുമില്ല. താൻ കഥപറയൂ."

"രണ്ടു കഥകൾ..." സ്വപ്നത്തിൽനിന്നുണർന്നതുപോലെ ജോസഫ് പറഞ്ഞുതുടങ്ങി, "ഒന്ന് കെ.സുരേന്ദ്രന്റെ 'ദേവി'. സ്ത്രീവേഷത്തിനാണു പ്രാധാന്യമെങ്കിലും സത്യന്മാസ്റ്ററുടെ വേഷവും പ്രധാനമാണ്. രണ്ടാമത്തേത് ഒരു മനഃശാസ്ത്രകഥയാണ്. എ.ടി.കോവൂർ സാറിന്റെ 'പുനർജന്മം.' രണ്ടും സേതുസാറിനെത്തന്നെ ഏൽപ്പിക്കാം."

"കാര്യമൊക്കെക്കൊള്ളാം. വർക്ക്‌ഷോപ്പിലൊന്നു കയറിയിറങ്ങാതെ ഇനി മുന്നോട്ടു നീങ്ങില്ല."

"തീരെ വയ്യേ?"
ജോസഫിന്റെ സ്വരത്തിൽ അലിവുനിറഞ്ഞു.

"ഇത്തിരി പ്രശ്‌നമാണ്."

"എങ്കിൽ നമുക്ക് നാളെത്തന്നെ മദിരാശിക്കു പോകാം."

"വരട്ടെ. താൻ തിരക്കഥ കൊണ്ടുവന്നിട്ടുണ്ടോ?"

"ദേവിയുടെ തിരക്കഥയുണ്ട്."

"തരൂ...വായിക്കട്ടെ..."

"പിന്നീടുമതി."

"താടോ...വായിക്കാനെങ്കിലും പറ്റട്ടെ..."

"ഛെ...എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത്."
ജോസഫ് സ്‌നേഹപൂർവം ശാസിച്ചു. മഴതോർന്നപ്പോൾ
സത്യൻ വീണ്ടും സെറ്റിലേക്കുപോയി. തെല്ലുകഴിഞ്ഞപ്പോൾ പുറത്ത് ബഹളം. ജോസഫ് നോക്കുമ്പോൾ ആളുകൾ ഓടുന്നു.

"എന്തുപറ്റി?"

"സത്യന്മാസ്റ്റർ തലചുറ്റിവീണു."

ആരോ പറഞ്ഞു. ജോസഫ് സെറ്റിലേക്കോടി. ജോസഫിനെക്കണ്ടപ്പോൾ സേതുമാധവന് ആശ്വാസമായി.

"സേതുസാറേ...ഞാൻ സത്യന്മാസ്റ്ററെ ഇപ്പോൾത്തന്നെ മദിരാശിക്കു കൊണ്ടുപോവുകയാ. അടിയന്തരമായി ചെക്കപ്പ് വേണം."
ജോസഫ് തിരക്കിട്ടു.

"ഓ.കെ. അതിനുമുൻപ് അടുത്തുള്ള ഹോസ്പിറ്റലിൽ കാണിക്കണം. ഞാനും വരാം."

"വേണ്ട. ഷൂട്ടിങ് മുടക്കേണ്ട. ഹരിപോത്തനോട് ഞാൻ പറഞ്ഞുകൊള്ളാം."

"എങ്കിൽ ഇവിടെനിന്ന് ആരെയെങ്കിലും കൂടി സഹായത്തിന് വിടാം."

"ആരും വേണ്ട."

"ഞാൻകൂടി വരുന്നു."

കവിയൂർ പൊന്നമ്മ തിടുക്കത്തിൽ വേഷം മാറിയെത്തി. എല്ലാവരും കൂടി സത്യനെ ചുമന്ന് കാറിലെത്തിച്ചു. വണ്ടിനീങ്ങി.

"മൂക്കിൽ പഞ്ഞിവച്ചാണ് നടന്നത്. ഇടയ്ക്ക് ആരും കാണാതെ ഐസ്ബാഗും വയ്ക്കുന്നുണ്ടായിരുന്നു,"പൊന്നമ്മ കണ്ണീരു തുടച്ചു, "അതെങ്ങനാ...എന്തെങ്കിലും ചോദിക്കാനൊക്കുമോ? സ്‌നേഹമാണെങ്കിലും എല്ലാവർക്കും പേടിയല്ലേ മാസ്റ്ററിനെ...മൂക്കിൽ ചോരകണ്ട് വിവരം തിരക്കാൻ ചെന്ന ശങ്കരാടിച്ചേട്ടനെ ഓടിച്ചുവീട്ടു. ക്ഷീണമുണ്ടെങ്കിൽ റെസ്റ്റെടുക്കാൻ ഞാൻ നല്ലവാക്കുമായിട്ടു ചെന്നപ്പോ കാശുവാങ്ങി കീശേലിട്ടപ്പോ ഇല്ലാത്ത ക്ഷീണമൊന്നും ഇപ്പഴുമില്ലെന്നു തർക്കുത്തരം പറഞ്ഞു. അഭിനയിക്കാനാണു വന്നതെങ്കിൽ അതു തീർത്തിട്ടേ പോകൂ അത്രേ. മോഷ്ടിക്കാൻ പോയാൽ അതും ആത്മാർത്ഥമായിചെയ്യണമെന്ന് ഒരു ഉപദേശോം തന്നു."

ആശുപത്രിയിലേക്കുള്ള വഴിതിരിയുമ്പോൾ സത്യൻ കണ്ണുതുറന്നു. ഒരുനിമിഷം ചുറ്റും നോക്കി പൊടുന്നനെ പരിസരബോധം വീണ്ടെടുത്തു.

"ഇതെങ്ങോട്ടാ?"

സത്യൻ ജോസഫിന്റെ കൈയിൽ പിടിച്ചു.

"ഹോസ്പിറ്റലിലേക്ക്..."

വണ്ടി ആശുപത്രിയുടെ മുറ്റത്തുനിന്നു. അപ്പോഴേക്കും പിന്നാലെ വണ്ടിയിൽ നിർമ്മാതാവ് ഹരിപോത്തനും കൂട്ടരും എത്തിയിരുന്നു. പിടിച്ചിറക്കാൻ തുടങ്ങിയപ്പോൾ കൈ തട്ടിമാറ്റി സത്യൻ തനിയെ പുറത്തിറങ്ങി. പിന്നാലെ ചെന്ന ജോസഫിനെ തുറിച്ച നോട്ടം കൊണ്ട് അകറ്റിനിർത്തി.

"എങ്ങോട്ടാ എല്ലാരുംകൂടി?"ഹരിപോത്തനെയും കൂട്ടരെയും നോക്കി സത്യൻ അക്ഷോഭ്യനായി ചോദിച്ചു, "ആരും വരണ്ട. ഞാൻ പൊയ്‌ക്കൊള്ളാം."

"ഡോക്ടറെ കണ്ടിട്ട്...."

"വേണ്ട. എനിക്കറിയാം ഡോക്ടറെക്കാണാൻ. നിങ്ങൾ നിങ്ങളുടെ പാടുനോക്കിപ്പോ..."
എല്ലാവരും പരസ്പരം നോക്കി.

"പോകാൻ..."
അതൊരു അലർച്ചയായിരുന്നു. ജോസഫ് ഒഴികെ എല്ലാവരും കാറിൽ കയറി.

"ഉം? താൻ പോകുന്നില്ലേ?"

സത്യൻ പുരികം വളച്ചു.

"പോകുന്നെങ്കിൽ ഒരുമിച്ച്...മദിരാശിയിലേക്ക്..."
ജോസഫ് ഉറച്ച സ്വരത്തിൽ പറഞ്ഞു. സത്യൻ മിണ്ടിയില്ല.