കണ്ണൂർ: മൻസൂർ വധത്തിന് പിന്നിൽ പ്രവർത്തിച്ച ഉന്നത നേതാവിന്റെ കരങ്ങൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ഒന്നാം പ്രതി ഷിനോസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് കൊലയ്ക്കു മുൻപിലും പിൻപിലുമായി ഉന്നത നേതാവിന്റെ ഫോൺ കോൾ വന്നതിന്റെ തെളിവുകൾ ലഭിച്ചത്. ഷിനോസിന്റെ തുൾപെടെയുള്ള മൊബൈൽ ഫോണുകൾ ഇപ്പോൾ സൈബർ സെല്ലിന്റെ കസ്റ്റഡിയിലാണ്.

മറ്റു ചില പ്രതികളുടെയും ഫോണിൽ നിന്നും ഷിനോസിന് വന്ന ഫോൺ കോളിന്റെ സമാനമായ നമ്പറുകൾ ലഭിച്ചിട്ടുണ്ട്. ഇവ കൂടി പരിശോധിച്ച ശേഷം സൈബർ പൊലീസ് നൽകുന്ന റിപ്പോർട്ടിന് കാത്തു നിൽക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതോടെ മൻസൂർ വധകേസിൽ ഗൂഢാലോചന നടത്തിയതിന് ഉന്നത നേതാക്കളടക്കം പ്രതി ചേർക്കപ്പെടുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും വോട്ടെടുപ്പ് ദിവസവും സിപിഎം പ്രാദേശിക നേതാക്കളെ അക്രമിച്ചതിന് ബദലായി ഏതെങ്കിലും മുസ്ലിം ലീഗ് പ്രവർത്തകനെ അപായപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പിടിയിലായ പ്രതികളിൽ ഏഴു പേരെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകം തങ്ങളുടെ ലഷ്യമായിരുന്നില്ലെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു പദ്ധതിയെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി ക്രൈംബ്രാഞ്ച് സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ കൊല്ലാൻ പ്രതികൾ പ്രദേശത്ത് അരമണിക്കൂർ മുൻപെ സംഘം ചേർന്നിരുന്നുവെന്ന സി.സി.ടി.വി ദൃശ്യമാണ് ഇതിന് തെളിവായി ക്രൈംബ്രാഞ്ച് ചൂണ്ടികാട്ടുന്നത്. കൊലപാതത്തിനായി പ്രതികൾ ഗുഡാലോചന നടത്തിയതെന്ന നിഗമനവുമായി തന്നെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. മുസ്ലിം ലീഗ് പ്രവർത്തകരെ മർദ്ദിക്കാനാണെങ്കിൽ മാരകായുധങ്ങളും ബോംബും എന്തിന് കൈവശം വെച്ചുവെന്ന ചോദ്യത്തിന് പ്രതികൾക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

അക്രമിക്കാനായി സംഘം ചേർന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ തെരഞ്ഞപ്പോൾ മൻസുറിന്റെ സഹോദരൻ മുഹ്‌സിനെയാണ് കിട്ടിയതെന്നും എന്നാൽ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ലെന്നും പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സംഭവസ്ഥലത്ത് ആളുകൾ കൂടിയപ്പോൾ വിരട്ടി വിടുന്നതിനായി ഒതയോത്ത് വിപിൻ എന്ന പ്രതിയാണ് ബോംബെറിഞ്ഞതൊന്നും എന്നാൽ ആവേശത്തിനിടെ യിൽ കാര്യങ്ങൾ കൈവിട്ടു പോവുകയായിരുന്നുവെന്നുമാണ് പ്രതികൾ നൽകിയ മൊഴിയിലുള്ളത്.

കഴിഞ്ഞ ദിവസം പ്രതികളുടെ മൊഴി പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ പ്രദേശത്തു നിന്നും കണ്ടു കിട്ടിയിരുന്നു. മൂന്ന് ഇരുമ്പ് പൈപ്പുകൾ, ഒരു സ്റ്റീൽ പൈപ്പ് മൂന്ന് മര വടികൾ എന്നിവയാണ് പുല്ലൂക്കര മുക്കിലെ പീടിക പ്രദേശത്തു നിന്നും തെളിവെടുപ്പിനിടെ കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ഏഴുപേരെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്. പി പി.വിക്രമന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.

വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രിയാണ് മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെടുന്നത്. മൻസൂർ വധക്കേസിൽ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നത് സിപിഎം കേന്ദ്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭരണമാറ്റമുണ്ടാവുകയും ആഭ്യന്തര വകുപ്പിൽ പാർട്ടിക്കുള്ള പിടി അയയുകയും ചെയ്താൽ നേതാക്കൾക്കെതിരെ അന്വേഷണം തിരിയുമോയെന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം.