ബെംഗലൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസൺ ബഹുനില കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു. ബെംഗലൂരുവിലെ കോത്തനൂരിൽ ഉള്ള ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണാണ് അപകടം സംഭവിച്ചത്. 52-വയസ്സായിരുന്നു. രഞ്ജി ട്രോഫിയിൽ കർണാടകത്തിന്റെ ഓപ്പണിങ് പേസ് ബൗളറായി നീണ്ടകാലം തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ജോൺസൺ ഇന്ത്യക്കായി രണ്ട് ടെസ്റ്റിലും കളിച്ചിട്ടുണ്ട്

രാവിലെ 11.15 ന് ആണ് സംഭവം. കോത്തനൂരിലെ കനകശ്രീ ലേ ഔട്ടിൽ ഉള്ള എസ്എൽവി പാരഡൈസ് എന്ന ഫ്‌ളാറ്റിൽ ആയിരുന്നു ഡേവിഡ് ജോൺസണും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നാലാം നിലയിലെ വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴെ വീണാണ് മരിച്ചത്. ജോൺസൺ താഴേക്ക് വീഴുമ്പോൾ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങൾ ഡേവിഡ് ജോൺസണെ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

1996 ഒക്ടോബർ 16-നാണ് ജനനം. പേസ് ബൗളറായിരുന്ന ജോൺസൺ 1996-ൽ സച്ചിൻ ടെൻഡുൽക്കറുടെ ക്യാപ്റ്റൻസിയിൽ ഓസ്‌ട്രേലിയക്കെതിരെ ആണ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. അതിന് തൊട്ടു മുമ്പ് രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ 152 റൺസ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോൺസണെ ഇന്ത്യൻ ടീമിലെത്തിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിന് മുമ്പ് ഇന്ത്യൻ പേസറായിരുന്ന ജവഗൽ ശ്രീനാഥിന് പരിക്കേറ്റതിനെത്തുടർന്നാണ് ജോൺസണ് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. കർണാടക ടീമിലെ സഹതാരമായിരുന്ന വെങ്കിടേഷ് പ്രസാദിനൊപ്പം മികച്ച രീതിയിൽ പന്തെറിഞ്ഞ ജോൺസൺ രണ്ടാം ഇന്നിങ്‌സിൽ ഓസീസ് നായകൻ മൈക്കൽ സ്ലേററ്റെ പുറത്താക്കുകയും ചെയ്തു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും അവസരം ലഭിച്ച ജോൺസണ് പക്ഷെ ആദ്യ ടെസ്റ്റിൽ മാത്രമെ പ്ലേയിങ് ഇലവനിൽ കളിക്കാനായുള്ളു. ആ മത്സരത്തിൽ ഹെർഷെൽ ഗിബ്‌സിനെയും മക്മില്ലനെയും ജോൺസൺ പുറത്താക്കിയിരുന്നു. രണ്ട് ടെസ്റ്റുകളിൽ നിന്ന് മൂന്ന് വിക്കറ്റുകളാണ് ജോൺസന്റെ രാജ്യാന്തര കരിയറിലെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 39 മത്സരങ്ങളിൽ നിന്ന് 125 വിക്കറ്റുകളും ലിസ്റ്റ് എ ക്രിക്കറ്റിൽ 33 മത്സരങ്ങളിൽ നിന്ന് 41 വിക്കറ്റുകളും നേടിയിട്ടുണ്ട്.