കൊച്ചി: കെ എസ് ആർ ടിസി ബസിൽ യാത്രയ്ക്കിടെ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സംസ്ഥാന സർക്കാരിന് നാണക്കേടായി. മൃഗ സംരക്ഷണ വകുപ്പിന് കീഴിലുള്ള കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് മാനേജിങ് ഡയറക്ടർ കൊടുങ്ങല്ലൂർ തിരുവാതിരയിൽ ഡോ. ആർ.രാജീവാണ് എറണാകുളം സ്വദേശിനിയായ യുവതിയോട് അതിക്രമം കാട്ടിയത്.

ഏപ്രിൽ ഒന്നിനാണ് സംഭവം. കൊടുങ്ങല്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന എറണാകുളം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥയോടാണ് രാജീവ് അതിക്രമം കാട്ടിയത്. യുവതിക്കൊപ്പം കണ്ടക്ടറുടെ പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന ഇയാൾ ആലപ്പുഴ തുറവൂരിൽ എത്തിയപ്പോൾ യുവതിയുടെ മാറിടത്തിൽ പിടിക്കുകയായിരുന്നു. ഞെട്ടിപ്പോയ യുവതി ബഹളം വച്ചു. യാത്രക്കാരോടും കണ്ടക്ടറോടും വിവരം പറഞ്ഞു. ഉടൻ തന്നെ ബസ് അടുത്തുള്ള പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. അപമര്യാദയായി പെരുമാറിയ രാജീവിനെ പൊലീസിന് കൈമാറുകയും ചെയ്തു.

യുവതിയുടെ പരാതിയിൽ പട്ടണക്കാട് പൊലീസ് ഐ.പി.സി 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കി. ഏഴു വർഷത്തിൽ കുറവ് ശിക്ഷയുള്ള കുറ്റകൃത്യങ്ങൾക്ക് ജാമ്യം നൽകണമെന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ പ്രതിക്ക് ജാമ്യം അനുവദിച്ചു.