ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി സാം പിത്രോദയ്ക്ക് വീണ്ടും നിയമനം.വിവാദ പ്രസ്താവനകളുടെ പേരിലാണ് മെയിൽ പിത്രോദ ഈ പദവിയിൽ നിന്ന് ഒഴിഞ്ഞത്.

പിന്തുടർച്ച സ്വത്ത്, ഇന്ത്യക്കാരുടെ വൈവിധ്യം എന്നീ വിഷയങ്ങളിലെ പിത്രോദയുടെ പരാമർശങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു. പിത്രോദയുടെ രാജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് വേിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെ പോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായിരുന്നു.

പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പിത്രോദയുടെ പ്രസ്താവനയിൽ രാഹുൽ മറുപടി പറയണമെന്നും മോദി പറഞ്ഞിരുന്നു.