കണ്ണൂർ: തലശേരിയിലെ ഇരട്ടക്കൊലപാതകത്തിനു ശേഷം കണ്ണൂർ ജില്ലയിൽ വീണ്ടും ലഹരിസംഘത്തിന്റെ അക്രമം. വീട്ടിലേക്കുള്ള വഴിയിലിരുന്നുള്ള മദ്യഉപയോഗം ചോദ്യം ചെയ്തതിനു യുവാവിന് മർദ്ദനമേറ്റു. കണ്ണൂർ നഗരത്തിനടുത്തുള്ള പന്നേൻപാറ സ്വദേശി അൽത്താഫിന്റെ പരാതിയിലാണ് കേസെടുത്തത്. സിപിഎം മുൻബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ദിവസങ്ങൾക്കു മുൻപ് നടന്നസംഭവത്തിൽ അൽത്താഫ് പരാതി നൽകിയിട്ടും പൊലിസ് കേസെടുത്തില്ലെന്നു പരാതിയുണ്ട്.

തുടർന്ന് ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പൊലിസ് കേസെടുക്കുകയായിരുന്നു. കേസെടുക്കാതിരിക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്നാണ് സൂചന. അക്രമം നടത്തിയ പ്രണോഷ്, റിഷിത്ത്, അശ്വന്ത്, അശ്വിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. റോഡിൽവെച്ചു അൽത്താഫ് തങ്ങളെ അക്രമിച്ചുവെന്ന കൗണ്ടർ കേസ് ഇവർ നൽകിയതിനാൽ വധശ്രമത്തിന് അൽത്താഫിനെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രി എട്ടുമണിക്കാണ് സംഭവം.

പന്നേൻപാറ കിസാൻ റോഡിൽ താമസിക്കുന്ന അൽത്താഫ് ബൈക്കിൽ വീട്ടിലേക്ക് പോകവേ ഇടവഴിയിലിരുന്ന് പരസ്യമായി മദ്യപിക്കുന്ന സംഘത്തെ കണ്ടു തടഞ്ഞതിനാൽ കൂട്ടം ചേർന്നു മദ്യലഹരിയിൽ അക്രമിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് അൽത്താഫിന്റെ പരാതി. സാരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലിസിൽ പരാതി നൽകിയെങ്കിലും ഭരണസ്വാധീനം കേസിൽ ഉള്ളതിനാൽ കേസെടുക്കാതെ നീട്ടിക്കൊണ്ടു പോയെന്നാണ് പരാതി.

എന്നാൽ അക്രമികൾ പരാതി നൽകിയ ഉടൻ തന്നെ വധശ്രമമെന്ന ഗുരുതരമായ കുറ്റം ചുമത്തി അൽത്താഫിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് തലശേരി സഹകരണ ആശുപത്രിക്ക് മുൻവശം വെച്ചു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സി.പി. എം അനുഭാവിയായ പാറായി ബാബുവടക്കം ആറുപേർ ഈകേസിൽ റിമാൻഡിലാണ്.

മയക്കുമരുന്ന് ലഹരി മാഫിയക്കെതിരെ സി.പി. എമ്മിന്റെ നേതൃത്വത്തിൽ ആയിരത്തി നാനൂറ് കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ സദസ് നടത്തിയിരുന്നു. സർക്കാർ വിലാസം ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടന്നുവരുന്നതിനിടെയാണ് ഭരണകക്ഷി പാർട്ടിയിലെ മുൻ പ്രാദേശിക നേതാവിന്റെ മകൻ തന്നെ അക്രമത്തിനു നേതൃത്വം നൽകിയ സംഭവം പുറത്തുവരുന്നത്.