കൊല്ലം: ഷാർജയിൽ മലയാൡയുവതി തൂങ്ങി മരിച്ച സംഭവത്തിൽ കുടുംബത്തിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ 29 വയസുള്ള റാണി ഗൗരിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന മാനസിക പീഡനമെന്നാണ് ഉയർന്നിരിക്കുന്ന പരാതി. 130 പവൻ സ്വർണം നൽകിയുള്ള വിവാഹത്തിലാണ് മാനസിക പീഡന ആരോപണം ഉയർന്നിരിക്കുന്നത്. ഭർത്താവ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി വൈശാഖിനും കുടുംബത്തിനുമെതിരെയാണ് ആരോപണം.

കഴിഞ്ഞദിവസമാണ് റാണി ഗൗരിയെ ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനും നാലുവയസുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. മരണത്തിന് പിന്നിൽ നിരന്തര മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി. ഷാർജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്‌റ്റേഷനുകളിലും ഭർത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ പരാതി നൽകി. റാണിയുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.

2018 ഫെബ്രുവരി 18നായിരുന്നു റാണിയുടേയും വൈശാഖിന്റേയും വിവാഹം. 130 പവൻ സ്വർണം നൽകിയായിരുന്നെന്നാണ് റാണിയുടെ ബന്ധുക്കൾ പറയുന്നത്. സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറുമാസം മുമ്പാണ് ചാർട്ടേഡ് അക്കൗണ്ടന്റായ റാണി ജോലികിട്ടി ഭർത്താവിനൊപ്പം താമസിക്കാൻ ഷാർജയിലെത്തിയത്.

ഷാർജയിൽ ഇരുവർക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്റെ അമ്മ മിനി വിജയൻ ഒരാഴ്ച മുമ്പാണ് പേരക്കുട്ടി ദേവ്‌നയുമായി നാട്ടിലെത്തിയത്. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഭൗതികദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം. അതേസമയം യുവതിയുടെ മരണത്തിലേക്ക് നയിച്ച മറ്റ് കാര്യങ്ങളിലും അന്വേഷണം നടത്താൻ സാധ്യതയുണ്ട്.