ഇടുക്കി: അങ്കണവാടി കെട്ടിടത്തിൽ നിന്ന് വീണ് നാല് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലാർ വട്ടിയാർ 49ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. കല്ലാർ കൊയേലിപ്പറമ്പിൽ ആന്റപ്പന്റ മകൾ മെറീന എന്ന കുട്ടിക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് കുട്ടി വീണത്. ഇടുക്കി അടിമാലി കല്ലാറിലെ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം നടന്നത്.

ഇരുപത് അടി താഴ്ചയിലേക്കാണ് കുട്ടി വീണതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയെ രക്ഷിക്കാനായി താഴേക്ക് ചാടിയ അദ്ധ്യാപിക കല്ലാർ വട്ടിയാർ ചാത്താനാട്ട് വേലിയിൽ പ്രീതിക്കും ( 52) പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അങ്കണവാടിയുടെ ഒന്നാം നിലയിൽ പോയി ഉച്ച ഭക്ഷണം കഴിച്ച് തിരികെ രണ്ടാം നിലയിലുള്ള ക്ലാസിലേക്ക് അദ്ധ്യാപിക രണ്ട് കുട്ടികളെ കൈ പിടിച്ചു കൊണ്ടുവരികയായിരുന്നു. ഈ അവസരത്തിൽ തറയിലെ വെള്ളത്തിൽ കാൽ തെന്നി മെറീന താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കുന്നതിനായി ടീച്ചറും ഒപ്പം ചാടുകയായിരുന്നു.

വീഴ്ചയിൽ കുട്ടിയുടെ തലയ്ക്ക് സാരമായ പരുക്ക് പറ്റി.അദ്ധ്യാപികയുടെ ഇടതു കാലിന് ഒടിവ് പറ്റി. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുണ്ടായതിനെത്തുടർന്ന് രക്തസ്രാവം ഉണ്ട്. ഒരു എം ആർ എ സ്‌കാൻ കഴിഞ്ഞു. മഴ പെയ്തതിനാൽ നിലത്ത് നനവുണ്ടായിരുന്നെന്നും അതിൽ തട്ടിയാണ് കുട്ടി തെന്നിവീണതെന്നാണ് അദ്ധ്യാപിക പറയുന്നത്.