കാസർകോട്: കനത്ത ചൂടിൽ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി മേയിൽ ലഭിച്ചത് മെച്ചപ്പട്ട വേനൽമഴ. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സാധാരണ പെയ്യേണ്ട മഴയുടെ പകുതിപോലും പെയ്യാതിരുന്നതോടെയാണ് സംസ്ഥാനത്ത് ഉഷ്ണതരംഗം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങളാൽ വെന്തുരുകിയത്. എന്നാൽ മെയ് പകുതിയോടെ മഴ മിക്ക ജില്ലകളിലും ശക്തമായി പെയ്യുക ആയിരുന്നു.

തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനമുൾപ്പെടെയുള്ള അനുകൂലഘടകങ്ങൾ വന്നതോടെ മേയിൽ മഴ കനത്തു. മധ്യ-തെക്കൻ ജില്ലകളിലായിരുന്നു ശക്തമായി മഴ പെയ്തത്. കേരളത്തിൽ ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനം കുറവുണ്ടായിരുന്ന വേനൽമഴ മെയ്‌ 19 ആയപ്പോഴേക്കും 22 ശതമാനമായി മാറി. ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട (408 മില്ലീമീറ്റർ), തിരുവനന്തപുരം (323 മില്ലീമീറ്റർ) ജില്ലകളിലായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ 14 ശതമാനം അധികം മഴ ലഭിച്ചപ്പോൾ പത്തനംതിട്ട ജില്ലയിൽ സാധാരണ അളവിൽ മഴ കിട്ടി. കോട്ടയം 319 മില്ലീമീറ്റർ (ഒരുശതമാനം കുറവ്), കൊല്ലം 228.2 മില്ലീമീറ്റർ (32 ശതമാനം കുറവ്), എറണാകുളം 222.8 മില്ലീമീറ്റർ (21 ശതമാനം കുറവ്) ഇടുക്കി 191 മി.മീ., ആലപ്പുഴ 185 മി.മീ., പാലക്കാട് 173.1 മി.മീ. എന്നീ ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. വടക്കൻ കേരളത്തിൽ താരതമ്യേന കുറവ് മഴയാണ് വേനലിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ കാസർകോട് ജില്ലയിലാണ് (81 മില്ലീമീറ്റർ), രണ്ടാം സ്ഥാനത്ത് കണ്ണൂരാണ് (119 മില്ലീ മീറ്റർ). കോഴിക്കോട് (137.1 മി.മീ.), വയനാട് (137.3) എന്നിങ്ങനെയാണ് വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലെ മഴയുടെ അളവ്.