തലശ്ശേരി: കടലിൽ വട്ടക്കല്ലിൽ നീന്തിക്കയറി വലയിടുന്നതിനിടയിൽ കാസർകോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കളനാട് കട്ടക്കൽ വീട്ടിൽ മുഹമ്മദ് കുഞ്ഞി കട്ടക്കലാണ് (56) മരിച്ചത്. ലൈഫ് ജാക്കറ്റിട്ട് ചെറുവലയുമായി നീന്തി വട്ടക്കല്ലിൽ കയറി വലയിടുന്നതിനിടയിൽ കുഴഞ്ഞ് വീഴുക ആയിരുന്നു. ഇതുകണ്ട് കരയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ വട്ടക്കല്ലിലെത്തി. അപ്പോഴേക്കും മരിച്ചിരുന്നു.

ജവാഹർഘട്ടിന് സമീപം ചൊവ്വാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. കല്ലുമ്മക്കായ വില്പനത്തൊഴിലാളി എം. നിസാർ, മീൻപിടിത്തത്തൊഴിലാളികളായ ഫർഷീദ്, ബാബു, സാമൂഹികപ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം എന്നിവർ ചേർന്ന് മൃതദേഹം കരയിലെത്തിച്ചു. തലശ്ശേരി പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി.

സ്‌കൂട്ടറിലാണ് വലയും ജാക്കറ്റുമായി മുഹമ്മദ് കുഞ്ഞി കടപ്പുറത്ത് വന്നത്. സ്‌കൂട്ടറിൽനിന്ന് ലഭിച്ച ആധാർ കാർഡിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. സ്‌കൂട്ടർ പൊലീസ് പരിശോധിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സഹോദരൻ വിളിച്ചതോടെ മുഹമ്മദ് കുഞ്ഞിയാണെന്ന് ഉറപ്പിച്ചു. പ്രവാസിയാണ് മുഹമ്മദ് കുഞ്ഞി. കോടിയേരി മലബാർ കാൻസർ സെന്ററിൽ മകന്റെ മജ്ജ മാറ്റിവെക്കൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു.

ഒരുമാസമായി ന്യൂമാഹിക്കടുത്താണ് താമസം. മീൻപിടിത്ത താത്പര്യമുള്ളയാളാണ് മുഹമ്മദ് കുഞ്ഞിയെന്ന് സഹോദരൻ പറഞ്ഞു. പിതാവ്: പരേതനായ അബ്ദുൽ റഹിം. മാതാവ്: ആയിഷ. ഭാര്യ: ഖൈറുന്നീസ. മക്കൾ: റംസിന, റൈഹാന, റിസ്വാന, മുഹമ്മദ് റാഷിഖ്. സഹോദരങ്ങൾ: ഖാദർ, മാഹിൻ, ഹമിദ്, ഇബ്രാഹിം, അലിമ, നഫീസ, ബീഫാത്തിമ, റംസിയ.