കോഴിക്കോട്: ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് വീട്ടുകാർ ആശങ്കയിൽ. അമ്പലക്കണ്ടി വടിക്കിനിക്കണ്ടി ഖദീജയുടെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നുപോയത്. മുകളിൽ നിന്നും രണ്ട് മീറ്റർ താഴെയായി റിംഗുകളും പമ്പ് സെറ്റുമുൾപ്പെടെ താഴ്ന്നു പോയി.

വീടും കിണറും തമ്മിൽ ഏകദേശം ഒന്നര മീറ്റർ മാത്രമാണ് അകലമുള്ളത്. അതിനാൽ വീടിനെയും ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങൾ. 40 വർഷത്തോളം പഴക്കമുള്ള കിണറാണിതെന്ന് ഖദീജ പറഞ്ഞു. മുപ്പത് വർഷം മുമ്പാണ് കിണറിൽ റിംഗിറക്കിയത്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.