ടെഹ്‌റാന്‍: ഇക്കുറി ഇറാന്റെ ഹൃദയത്തില്‍ ഇടം പിടിച്ചത് ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ഈ മനുഷ്യനാണ്. മാമൂലുകള്‍ മുറുകെ പിടിച്ച് രാജ്യത്തെ പിന്നോട്ടുനയിക്കുന്നതിനോട് വിയോജിപ്പുള്ള പരിഷ്‌കരണവാദി. സമീപകാലം വരെ അധികം അറിയപ്പെടാതിരുന്ന തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മസൂദ് പെസഷ്‌കിയാന്‍ ഇറാന്‍ പ്രസിഡന്റാകുമ്പോള്‍ പരിഷ്‌കരണവാദികള്‍ ഉത്സാഹത്തിലാണ്. യാഥാസ്ഥിതിക വിഭാഗം മ്ലാനതയിലും. മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് ഖാത്തമി, ഹസന്‍ റൂഹാനി എന്നിവരുടെ പിന്തുണയോടെയാണ് മുഖ്യപരിഷ്‌കരണ മുന്നണി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തീവ്രപക്ഷക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥന്‍ സയീദ് ജലിലിയേക്കാള്‍ 53.3 ശതമാനം വോട്ടോടെ പെസഷ്‌കിയാന്‍ ജയിച്ചത് മാറ്റത്തിന്റെ കാറ്റ് വീശുന്നതിന്റെ സൂചനയാണ്.

പ്രായോഗികതയില്‍ ഊന്നിയ വിദേശ നയം, ഇറാനില്‍ കടുത്ത പ്രക്ഷോഭത്തിന് വഴിവച്ച നിര്‍ബന്ധിത ഹിജാബ് നിയമത്തില്‍ ഇളവ് എന്നിവ വാഗ്ദാനം ചെയ്താണ് പെസഷ്‌കിയാന്റെ വരവ്. ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മുന്‍ഗാമി ഇബ്രാഹിം റെയ്‌സി, പരമോന്നത നേതാവ് ഖമനേയിയുടെ ശിഷ്യനും സ്തീകള്‍ക്ക് മേല്‍ കടുത്ത വസ്ത്രധാരണ നിയമം അടിച്ചേല്‍പ്പിച്ച നേതാവുമായിരുന്നു.

1954 സെപ്റ്റംബര്‍ 29 ന് വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ മഹാബാദില്‍ അസെരി വിഭാഗത്തില്‍ പെട്ട പിതാവിനും കുര്‍ദ് വിഭാഗത്തില്‍ പെട്ട അമ്മയ്ക്കും ജനിച്ച മകനാണ് മസൂദ് പെസഷ്‌കിയാന്‍. കാര്‍ഡിയാക് സര്‍ജനാണ്. മുന്‍ ആരോഗ്യ മന്ത്രിയാണ്. ഇറാന്‍-ഇറാഖ് യുദ്ധ കാലത്ത് യുദ്ധമുന്നണിയിലേക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്ന ചുമതല ആരോഗ്യമന്ത്രിയായിരുന്ന പെസഷ്‌കിയാന് ആയിരുന്നു.

2013 ലും, 2021 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 1994 ല്‍ കാര്‍ അപകടത്തില്‍ ഭാര്യയെയും മകളെയും നഷ്ടപ്പെട്ടു. മറ്റുമൂന്ന് മക്കളെ മസൂദ് പെസഷ്‌കിയാന്‍ തനിച്ചാണ് വളര്‍ത്തിയത്. ഇബ്രാഹിം റെയ്‌സിയുടെ ദാരുണാന്ത്യത്തെ തുടര്‍ന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയുടെ നേതൃത്വത്തിലുള്ള പരിഷ്‌കരണവാദികള്‍ രാഷ്ട്രീയ വനവാസത്തില്‍ നിന്ന് ഉണര്‍ന്ന് പെസഷ്‌കിയാനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുകയായിരുന്നു.

അസെരി, ഫാഴ്‌സി, കുര്‍ദ്ദിഷ് ഭാഷകളില്‍ നിപുണനാണ് പെസെഷ്‌കിയാന്‍. പതിറ്റാണ്ടുകള്‍ക്കിടെ പടിഞ്ഞാറന്‍ ഇറാനില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ്. സഹിഷ്ണുതയുള്ള ഭരണകൂടത്തെ ആഗ്രഹിക്കുന്നവരെല്ലാം പെസെഷ്‌കിയാന്റെ വരവിനെ ഉത്സവമാക്കുന്നു. ' എല്ലാ വിഭാഗത്തില്‍ നിന്നും എനിക്ക് അനുയായികള്‍ ഉണ്ട്. പ്രാര്‍ഥിക്കാത്തവര്‍ പോലും', പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കെ പങ്കെടുത്ത സംവാദത്തില്‍ പെസഷ്‌കിയാന്‍ പറഞ്ഞു. എന്നാല്‍, അന്യമത വിദ്വേഷികളായ എതിരാളികള്‍ പെസഷ്‌കിയാന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിടാറുമുണ്ട്.

തലമറയ്ക്കുന്ന വസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ മതപൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ് മഹ്‌സ അമീനിയെന്ന യുവതി മരണമടഞ്ഞത് ഇറാനെ ചെറുതായൊന്നുമല്ല പിടിച്ചുകുലുക്കിയത്. രാജ്യവ്യാപക പ്രക്ഷോഭം കെട്ടടങ്ങിയെങ്കിലും ഇബ്രാഹിം റെയ്‌സി ഭരണകൂടത്തിനെതിരെ ഉയര്‍ന്ന രോഷത്തിന്റെ കനലുകള്‍ കെട്ടടങ്ങിയിട്ടില്ല. റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചപ്പോള്‍ ആഘോഷിച്ചവരുടെ മന:ശാസ്ത്രം തേടി വേറെങ്ങും പോകേണ്ടതില്ല. 2022 ല്‍ മഹ്‌സ അമീനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് പെസഷ്‌കിയാന്‍ അധികാരികളെ വിളിച്ച് അന്വേഷിച്ചിരുന്നു. ഇറാാനിലെ ഷിയ പൗരോഹിത്യ ഭരണസമ്പ്രദായത്തെ അംഗീകരിക്കുന്ന പെസഷ്‌കിയാന്‍ സമൂലമായ മാറ്റങ്ങളൊന്നും വാഗ്ദാനം ചെയ്തിട്ടില്ല. പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയെ രാജ്യഭരണത്തിലെ അവസാന വാക്കായി അദ്ദേഹവും കണക്കാക്കുന്നു.പൗരോഹിത്യ-റിപ്പബ്ലിക്കന്‍ ഇരട്ട ഭരണസമ്പ്രദായമുള്ള ഇറാനില്‍, പ്രസിഡന്റിന് ആണവ വിഷയങ്ങളിലോ മറ്റോ വലിയ നയപരിഷ്‌കരണങ്ങള്‍ നടപ്പാക്കുക സാധ്യമല്ല. അക്കാര്യത്തില്‍ ഖമനേയി ആണ് അവസാന വാക്ക്.

എന്നിരുന്നാലും ഇറാന്റെ രാഷ്ട്ര നയങ്ങളുടെ ദിശ നിര്‍ണയിക്കാനും, ഖമനേയിയുടെ( 85) പിന്‍ഗാമിയെ നിശ്ചയിക്കാനും നിര്‍ണായക പങ്കുവഹിക്കാന്‍ പ്രസിഡന്റിന് കഴിയും. ഇസ്രയേലും പടിഞ്ഞാറന്‍ സഖ്യകക്ഷികളുമായി ഇറാന്റെ ബന്ധം സംഘര്‍ഷഭരിതമായിരിക്കുന്ന സാഹചര്യത്തില്‍ പെസഷ്‌കിയാന്റെ നേതൃത്വം നയങ്ങളിലെ തുടര്‍ച്ച ആവശ്യപ്പെടുകയും ചെയ്യുന്നു.

മതഭ്രാന്ത്രമാരുടെ മനസ് മാറാന്‍

സാധാരണ ജീവിതം നയിക്കാനുള്ള ആഗ്രഹത്തിന് വേണ്ടി

ആണായി പിറന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന പെണ്ണിന് വേണ്ടി

സ്ത്രീകള്‍ക്കായി, ജീവിതത്തിനായി, സ്വാതന്ത്ര്യത്തിനായി

മതപൊലീസിന്റെ കയ്യില്‍ പെട്ട് 22 കാരിയായ കുര്‍ദ്ദ് വംശജ മഹ്‌സ അമീനിയുടെ മരണശേഷം ഷെര്‍വിന്‍ ഹാജിപോര്‍ എഴുതിയ പ്രശസ്ത നാടന്‍ പാട്ടായ ബരായെയിലെ വരികളാണിത്. ഹിജാബ് ശരിയായി ധരിക്കാത്തതിനായിരുന്നു ക്രൂര മര്‍ദ്ദന മുറകള്‍. പ്രതിഷേധക്കാരുടെ ഗാഥയായി മാറി ബരായെയിലെ വരികള്‍. 2023 ല്‍ 65 ാമത് ഗ്രാമി പുരസ്‌കാരങ്ങളില്‍ സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള മികച്ച ഗാനത്തിന് സ്‌പെഷ്യല്‍ മെറിറ്റ് പുരസ്‌കാരം ഈ ഗാനം കരസ്ഥമാക്കിയിരുന്നു. ഷെര്‍വിന്‍ ഇപ്പോള്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണ്.

പ്രക്ഷോഭം കെട്ടടങ്ങിയെങ്കിലും ബരായെ ഗാനം യുവാക്കള്‍ക്ക് ഇപ്പോഴും ഹരമാണ്. മസൂദ് പെസഷ്‌കിയാന്‍ പ്രചാരണവേളയില്‍, തന്റെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചതും ഇതേ ഗാനമാണ്. ഷെര്‍വിന്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നതിനാല്‍ പെസഷ്‌കിയാന്റെ ഹിപ്പോക്രസിയെന്ന് വിമര്‍ശകര്‍ ആരോപിച്ചു. എന്നാല്‍, പരോക്ഷമായി പ്രക്ഷോഭകരുടെ ആശയത്തോട് പെസഷ്‌കിയാന്‍ യോജിക്കുന്നതായി പലരും വിലയിരുത്തി. എന്തായാലും പെസെഷ്‌കിയാന്റെ പരമ്പരാഗതമല്ലാത്ത മട്ടുകള്‍ ഇറാനിലെ വോട്ടര്‍മാര്‍ക്ക് ഇഷ്ടമായി എന്നാണ് ജയം തെളിയിക്കുന്നു. മറുപക്ഷത്ത് മതനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളോട് കടുത്ത നയങ്ങള്‍ തുടരാനും താല്‍പര്യമുള്ള അതിവിപ്ലവകാരി മത്സരരംഗത്ത് നില്‍ക്കുമ്പോള്‍. ഇനി എന്തൊക്കെ മാറ്റം പെസെഷ്‌കിയാന് കൊണ്ടുവരാനാകും എന്നാണ് കണ്ടറിയേണ്ടത്.