ഷിരൂര്‍: കാലാവസ്ഥ വന്‍ വെല്ലുവിൡഉയര്‍ത്തുന്നതോടെ അര്‍ജുന് വേണ്ടിയുള്ള തിരിച്ചലില്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കയാണ്. പ്രദേശത്ത് കനത്ത മഴ കൂടിയുള്ള പശ്ചാത്തലം പ്രതിസന്ധി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി അര്‍ജുന്റെ കുടുംബവും മനസ്സിലാക്കിയിട്ടുണ്ട്.

കാലാവസ്ഥാ വെല്ലുവിളി മനസിലാക്കുന്നുവെന്ന് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു. അര്‍ജുനായുള്ള തെരച്ചിലിനിടെ മറ്റൊരു ജീവന്‍ അപകടത്തിലാകരുതെന്ന് അദ്ദേഹം ഒറു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ജിതിന്‍ ഷിരൂരിലാണ് ഉള്ളത്. 'ഇന്നലെ രാത്രി മുതല്‍ തന്നെ ഇവിടെ നല്ല മഴയാണ്. ഇന്നെങ്കിലും അടിയൊഴുക്ക് കുറഞ്ഞ് അവര്‍ക്ക് പുഴയിലിറങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. മാദ്ധ്യമങ്ങള്‍ക്ക് എന്ത് വിവരം കിട്ടുന്നോ അതൊക്കെ തന്നെയേ നമുക്കും ലഭിക്കുന്നുള്ളൂ. വീട്ടില്‍ വിളിച്ച് കാലാവസ്ഥയെക്കുറിച്ചൊക്കെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നമ്മുടെ അര്‍ജുന് വേണ്ടി മറ്റൊരു ജീവന്‍ ബലി കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല,'- ജിതിന്‍ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇനിയും ദൗത്യവുമായി മുന്നോട്ടു പോകണോ എന്ന ആലോചന തുടങ്ങിയിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന് ദൗത്യസംഘാംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തിരച്ചിലിനു നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്ര ബാലനെ ഇന്നലെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാവികരുടെ ഇത് നാവികരുടെ ജീവന്‍ അപകടത്തില്‍ പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന സൂചനയാണ്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ അര്‍ജുന്റെ കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ചില വാക്കുകള്‍ എഡിറ്റ് ചെയ്ത് ദുര്‍വ്യാഖ്യാനത്തോടെ പ്രചരിപ്പിക്കുന്നു. അര്‍ജുന്റെ അമ്മയുടെയും സഹോദരിയുടെയും ശബ്ദം എഡിറ്റ് ചെയ്ത് വീഡിയോയില്‍ തിരുകിക്കയറ്റിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചില യൂട്യൂബ് ചാനലുകള്‍ അധിക്ഷേപകരമായ വാര്‍ത്തകള്‍ നല്‍കിയിരുന്നു.

അര്‍ജുനെ കണ്ടെത്താന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് അപവാദ പ്രചാരണം നടത്തിയത്. തെരച്ചില്‍ സംബന്ധിച്ച് കുടുംബം വിഷമങ്ങളും ആശങ്കകളും പങ്കുവച്ചിരുന്നു. ഇതില്‍ അര്‍ജുന്റെ അമ്മയുടെയും സഹോദരിയുടെയും ശബ്ദം എഡിറ്റ് ചെയ്താണ് വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചത്.

അതിനിടെ അര്‍ജുന്റെയും കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയപാത നിര്‍മ്മാണ കമ്പനി തയ്യാറാകണമെന്ന് കര്‍ണാടക ബ്രഹ്മശ്രീ നാരായണഗുരു പീഠം മഠാധിപതിയും ആര്യ എഡിഗ രാഷ്ട്രിയ മഹാ മണ്ഡലി അഖിലേന്ത്യാ പ്രസിഡന്റുമായ സ്വാമി പ്രണവാനന്ദ ആവശ്യപ്പെട്ടു.ദേശീയപാത നിര്‍മ്മാണത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് കുന്നിടിച്ചിലിന് കാരണമായത്. കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പെടുത്തണം. കമ്പനിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പെടുത്തും. അര്‍ജുന് വേണ്ടി കര്‍ണാടകയില്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും രക്ഷാ പ്രവര്‍ത്തകരെയും ആഗസ്റ്റ് 25ന് കര്‍ണാടകയിലെ മഠത്തില്‍ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. 'കാലാവസ്ഥ പ്രതികൂലമാണെന്നാണ് ലഭ്യമായിട്ടുള്ള വിവരം. കര്‍ണാടക സര്‍ക്കാരും ആര്‍മിയും നേവിയും എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ട്.'- മന്ത്രി പറഞ്ഞു.