ചെന്നൈ: ഷൂട്ടിംഗിനിടെ പരിക്കേറ്റിട്ടും അത് വകവയ്ക്കാതെ ഷെഡ്യൂൾ പൂർത്തിയാക്കി നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാലിന് പരിക്കേറ്റത്. കാൽപാദത്തിന്റെ എല്ല് പൊട്ടുകയും ചെയ്തു. വേദന കടിച്ചമർത്തി അതിന് ശേഷവും ജോജോ ഷൂട്ടിങ് തുടർന്നു. പരിക്ക് മൂലം നിർമ്മാതാക്കൾക്ക് നഷ്ടമുണ്ടാകാതിരിക്കാനായിരുന്നു അത്. ഇനി മൂന്നാഴ്ച ജോജുവിന് വിശ്രമം വേണം. അതിന് ശേഷം അഭിനയിക്കാനും കഴിയൂ.

മണിരത്‌നവും കമൽഹാസനും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കഠിനമായ വേദനയുണ്ടായിട്ടും ജോജോ അത് വകവച്ചില്ല. ഷൂട്ടിങ് തുടരാമെന്ന് സംവിധായകൻ അടക്കമുള്ളവരെ അറിയിച്ചു. ആ രംഗം ഷൂട്ടു ചെയ്യുന്നതുവരെ അഭിനയിക്കുകയും ചെയ്തു. സാഹസിക രംഗങ്ങളിൽ ഏറെ അഭിനയിച്ച കമൽഹാസൻ പോലും ഇതു കണ്ട് ഞെട്ടി. ജോജുവിന്റെ ധൈര്യത്തെ പ്രകീർത്തിക്കുകയും ചെയ്തു.

കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു.ഇന്നലെ രാത്രി ജോജു കൊച്ചിയിൽ തിരിച്ചെത്തി. കൊച്ചിയിൽ തുടർ ചികിൽസ നടത്തും. മണിരത്‌നത്തിന്റെ ഈ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള റോളാണ് ജോജുവിനുള്ളത്. ജോജുവിന്റെ അഭിനയ ജീവിതത്തിൽ തന്നെ വഴിത്തിരിവായി ചിത്രം മാറും. ജോജുവിന് പരിക്കേറ്റതോടെ ഈ സിനിമയുടെ ഷൂട്ടിങ് താൽകാലികമായി നിർത്തുകയും ചെയ്തു. ആപ്പോഴും അന്ന് ലക്ഷ്യമിട്ടതെല്ലാം ഷൂട്ട് ചെയ്യാൻ ജോജുവിന്റെ തീരുമാനത്തിലൂടെ കഴിയുകയും ചെയ്തു.

കമൽഹാസൻ, നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം. ഇവർ കയറിയ ഹെലികോപ്റ്റർ തിരിച്ചിറങ്ങിയശേഷം മൂന്നുപേരും ചാടി ഇറങ്ങുന്ന ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത് . ഇതിനിടയിൽ നിയന്ത്രണം വിട്ട് ജോജു താഴെ വീണു. ഉടനെ ജോജുവിനെ ആശുപത്രിയിലേക്ക് മാറ്റി. എക്‌സ് റെയിൽ ഇടതുകാലിലെ എല്ലുകൾക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. പ്ലാസ്റ്ററിട്ടശേഷം ഡോക്ടർമാർ ഒരാഴ്ച വിശ്രമം നിർദ്ദേശിച്ചുവെങ്കിലും പോണ്ടിച്ചേരിയിലെ ഷൂട്ടിങ് പൂർത്തിയാക്കിയശേഷമാണ് ജോജു രാത്രി മടങ്ങിയെത്തിയത്. ജോജു തന്നെ സംവിധാനം ചെയ്യുന്ന 'പണി' സിനിമയുടെ അവസാനഘട്ട സങ്കേതിക പ്രവർത്തനങ്ങൾ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് മാറ്റി.

കോളിവുഡ് ഇതിഹാസങ്ങളായ മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമെന്നതിനാൽ പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന സിനിമകൂടിയാണ് തഗ് ലൈഫ്. കഴിഞ്ഞ വർഷം കമൽഹാസന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. താരത്തിന്റെ കരിയറിലെ വൻ പ്രൊജക്ടുകളിൽ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.

ജയം രവി, ഗൗതം കാർത്തിക്, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, നാസർ, വയ്യാപുരി തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്ത് വന്ന കാരക്ടർ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചിത്രത്തിന്റെ ലീക്കായ ലൊക്കേഷൻ ചിത്രങ്ങൾ പോലും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസന്റെ കഥാപാത്രത്തിന്റെ പേര്. ബ്രട്ടീഷുകാരുടെ കാലത്ത് പേടിസ്വപ്നമായിരുന്ന തഗ്ഗികളുടെ ജീവിതകഥയാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പ്രാചീന ഇന്ത്യയിലെ പ്രൊഫഷണൽ കൊലപാതകികളും കൊള്ളക്കാരുമായിരുന്നു തഗ്ഗികളെന്നാണ് ചരിത്രം പറയുന്നത്.

തഗ്ഗികൾ തങ്ങളുടെ പ്രവർത്തനം തുടർന്നതായും സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തഗ്ഗികളുടെ പിൻഗാമികളെത്തി മോഷണവും കൊലപാതകവും നടത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.