തിരുവനന്തപുരം: തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയും മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയുമായ സുരേഷ് ഗോപിക്ക് ഇന്ന് 66 ാം പിറന്നാൾ.മന്ത്രിസ്ഥാനം ലഭിച്ചതിന് പിന്നാലെ എത്തുന്ന ആദ്യ പിറന്നാൾ എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ആയതിനാൽ സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം ഇത്തവണ പാർലമെന്റിലാണ്. വിനോദസഞ്ചാരം, പെട്രോളിയം പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയുമാണ് ഇന്ന് അദ്ദേഹം.

'ഇത് മന്ത്രിയുടെ ആഘോഷമല്ല, എന്റെ ഇഷ്ടക്കാരുടെ അവകാശമാണ്': സുരേഷ് ഗോപി

പിറന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക ആഘോഷങ്ങളൊന്നുമില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.ഇത് തന്റെ ആഘോഷമല്ലെന്നും തന്നെ സ്നേഹിക്കുന്നവർ ആഘോഷിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.'ഇത് മന്ത്രിയുടെ പിറന്നാൾ ആഘോഷമല്ല, സിനിമാ ലോകത്തിന്റെയും പ്രേക്ഷകരുടെയും ഇഷ്ടക്കാരുടെയുമൊക്കെ ആഷോഘമാണ്.മറ്റൊരു ആഘോഷങ്ങളുമില്ല, ഓഫീസിൽ എന്തൊക്കെയോ കരുതിയിട്ടുണ്ട്.അത് സന്തോഷപൂർവ്വം സ്വീകരിക്കും. ശേഷം ജോലിക്ക് പോകും'.

മന്ത്രിപദവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അച്ഛന്റെയും അമ്മയുടെയും മകന്റെ ആഘോഷമാണ്. ഭാര്യയുടെ ഭർത്താവിന്റെയും മക്കളുടെ അച്ഛന്റെയുമൊക്കെ ആഘോഷമാണിത്.കലാകാരൻ എന്ന നിലക്ക് ലോകത്തുള്ള എല്ലാ ഇഷ്ടക്കാരുടെയും ആഘോഷം. നക്ഷത്രത്തിലാണ് പൊതുവെ പിറന്നാൾ ആഘോഷിക്കുന്നത്. ജനങ്ങളുടെ ആഘോഷത്തെ താൻ ആദരിക്കുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ആശംസകൾ നേർന്ന് സഹപ്രവർത്തകർ..ആരാധകർക്ക് ആവേശമായി വരാഹം ടീസറും

പിറന്നാൾ തന്റെ പ്രിയപ്പെട്ടവരുടെ ആഘോഷമാണ് എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ അന്വർത്ഥമാക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പടെ സഹപ്രവർത്തകരും ആരാധകരും പാർട്ടിപ്രവർത്തകരും ഉൾപ്പടെ നൂറുകണക്കിനുപേർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.ഫേസ്‌ബുക്കിൽ സുരേഷ് ഗോപിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഹാപ്പി ബർത്ത്ഡേ പ്രിയപ്പട്ട സുരേഷ് ഗോപി എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.സുരേഷ്ഗോപിയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് മമ്മൂട്ടിയും ആശംസകൾ അറിയിച്ചത്.ഒപ്പം സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ വരാഹത്തിന്റെ ടീസർ പേജ് വഴി മമ്മൂട്ടി പുറത്ത് വിടുകയും ചെയ്തു.

ഇതിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെത്തന്നെയും അദ്ദേഹത്തിന് ആശംസയറിയിച്ച് രംഗത്തെത്തി.വരാഹത്തിന്റെ ടീസർ പങ്കുവച്ചാണ് ചില താരങ്ങൾ ആശംസകളറിയിച്ചത്.ആരാധകർക്കുള്ള സുരേഷ് ഗോപിയുടെ പിറന്നാൾ സമ്മാനമായാണ് വരാഹത്തിന്റെ ടീസർ പുറത്ത് വിട്ടത്.'നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്. കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങൂമ്പോൾ. അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ... അവനെ കൊമ്പിൽ കോർത്തെടുക്കണം...' സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ ഈ വാക്കുകളുമായാണ് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്.

വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് വരാഹം. ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ഒരു ത്രില്ലർ സിനിമയാണിതെന്ന് ഈ ടീസർ വ്യക്തമാക്കുന്നു. സനൽ .വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും ഈ ചിത്രത്തിൽ മുഖ്യമായ വേഷങ്ങളണിയുന്നു. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്റെർടൈന്മെന്റ് എന്നീ ബാനറുകളിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നവ്യാനായർ, പ്രാചി ടെഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ - മനു.സി. കുമാർ,ജിത്തു. കെ. ജയൻ. തിരക്കഥ - മനു സി.കുമാർ. സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിങ്- മൻസൂർ മുത്തുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജാ സിങ്, കൃഷ്ണകുമാർ. ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്. കലാസംവിധാനം - സുനിൽ. കെ. ജോർജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഭിലാഷ് പൈങ്ങോട്. നിർമ്മാണ നിർവ്വഹണം - പൗലോസ് കുറുമറ്റം, ബിനു മുരളി. പി.ആർ.ഒ -വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ അണിയറയറിൽ.

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ

കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാലുമക്കളിൽ മൂത്തയാളായി 1958 ജൂൺ 26നായിരുന്നു സുരേഷ് ജി നായർ എന്ന മലയാളികളുടെ സ്വന്തം സുരേഷ്‌ഗോപിയുടെ ജനനം. ആറാം വയസിൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

സംവിധായകൻ കെ ബാലാജിയാണ് പേര് സുരേഷ്‌ഗോപി എന്നാക്കിയത്.ബാലാജി സംവിധാനം ചെയ്ത നിരപരാധികൾ' എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു ഇ പേര് മാറ്റം.1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ടിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.പിന്നീട് ഓരോ ചിത്രങ്ങൾ കഴിയുന്തോറും സുരേഷ് ഗോപിയിൽനിന്ന് കൂടുതൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ വന്നുകൊണ്ടേയിരുന്നു.

ഷാജി കൈലാസ് രഞ്ജി പണിക്കർ സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായതേടെ ആ മഹാനടനെ മലയാളികൾ നെഞ്ചേറ്റുകയായിരുന്നു.1992-ൽ പുറത്തിറങ്ങിയ ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിലിറങ്ങിയ തലസ്ഥാനം എന്ന ചിത്രമാണ് ഇ കൂട്ടുകെട്ടിന് തുടക്കമിട്ടത്.തൊട്ടുപിന്നാലെയെത്തിയ ഏകലവ്യനും ബോക്സോഫീസിൽ വെന്നിക്കൊടി പാറിച്ചപ്പോൾ മലയാളത്തിൽ പുതിയൊരു സൂപ്പർതാരം ഉദയംകൊണ്ടു.കമ്മീഷണർ കൂടി പുറത്തിറങ്ങിയതോടെ പൊലീസ് വേഷം ഇത്രത്തോളം ഇണങ്ങുന്ന മറ്റൊരുതാരം വേറെയില്ല എന്നും മലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചു.

2015-ൽ സിനിമയോട് താത്ക്കാലികമായി വിടപറഞ്ഞ സുരേഷ് ഗോപി 2020-ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം വരവിലെ ചിത്രങ്ങളിൽ ജോഷി സംവിധാനംചെയ്ത പാപ്പനും അരുൺ വർമ ഒരുക്കിയ ഗരുഡനും ബോക്സോഫീസിൽ ബ്ലോക്ക് ബസ്റ്ററുകളായി.സിനിമയ്ക്ക് പുറമേ ഗായകനായും അവതാരകനായുമെല്ലാം തിളങ്ങി അദ്ദേഹം. സിനിമയിൽ നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു സുരേഷ്‌ഗോപിയുടെ രാഷ്ട്രീയ പ്രവേശം.ബിജെപിയുടെ രാജ്യസഭാ എംപിയായിരുന്നു.

തൃശൂരിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ പരാജയപ്പെട്ടുവെങ്കിലും തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സുരേഷ്‌ഗോപി ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വി എസ് സുനിൽകുമാറിനെയും കെ മുരളീധരനെയും അട്ടിമറിച്ചാണ് കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായത്. 74686 വോട്ടുകൾക്കായിരുന്നു വിജയം.