തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഉടൻ നൽകണമെന്ന സിപിഎം നിർദ്ദേശം ഗൗരവത്തോടെ എടുത്ത് സർക്കാർ. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും. ക്ഷേമ പെൻഷൻ നൽകിയില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായ ഇനിയും മോശമാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ജനുവരിമാസം കുടിശ്ശികയായ പെൻഷനാണ് ഇപ്പോൾ നൽകുന്നത്. 26 മുതൽ വിതരണംചെയ്യും. ജൂൺ ഉൾപ്പെടെ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാണ്. എല്ലാമാസവും പെൻഷനും വിതരണംചെയ്യാനും കുടിശ്ശിക ഘട്ടംഘട്ടമായി തീർക്കാനുമാണ് തീരുമാനം.

കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും. ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 8000 കോടി രൂപയാവും. ഈ വർഷം ഡിസംബർവരെ 21,253 കോടിരൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതയാത് മൂന്ന് മാസം കൊണ്ടു തന്നെ കടമെടുക്കാൻ കഴിയുന്ന ഭൂരിഭാഗവും കടമെടുക്കുകയാണ്. ഇത് വരും മാസങ്ങളിൽ ഖജനാവിനെ വലിയ പ്രതിസന്ധിയിലാക്കും. കേന്ദ്ര സർക്കാരിൽ നിന്നും കടമെടുക്കാൻ കൂടുതൽ പരിധി കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സാമ്പത്തിക പരിമിതികൾക്കിടയിൽനിന്നുകൊണ്ട് ജനക്ഷേമസർക്കാരായി മാറാനുള്ള കർമരേഖയാണ് സിപിഎം സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. അതുകൊണ്ടാണ് കടമെടുത്തും പെൻഷൻ നൽകുന്നത്.

ക്ഷേമപെൻഷന്റെയും സർക്കാർജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീർക്കലിനാകും സർക്കാരിന് ഇനിയുള്ള മുൻഗണന. ഓരോ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ പരിശോധിച്ച് അതിൽനിന്ന് സർക്കാർ ഇടപെടലിന് മുൻഗണന നിശ്ചയിച്ചുനൽകാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും മാസങ്ങളിലും കടം എടുക്കേണ്ടി വരും. കേന്ദ്ര വിഹിതം അടക്കം കിട്ടിയാലേ കേരളത്തിന് മുമ്പോട്ട് ഈ സാമ്പത്തിക വർഷം പോകാൻ കഴിയൂ. കടമെടുത്ത് പെൻഷനും മറ്റും നൽകുമ്പോൾ വികസന പ്രശ്‌നങ്ങളും പ്രതിസന്ധിയിലാകും.

ക്ഷേമ പെൻഷൻ കുടിശ്ശിക സമയ ബന്ധിതമായി കൊടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. ഇതിൽ ഒരു ഗഡു ഉടൻ കൊടുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

പെൻഷൻ കാര്യത്തിൽ പ്രതിപക്ഷം മുതലക്കണ്ണീർ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയിൽ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെൻഷൻ കൊടുക്കാൻ 900 കോടി വേണമെന്ന് ധനമന്ത്രി പറയുന്നു.