തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു. യു.എ.ഇ., ഇന്ത്യാനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിരുന്നില്ല. സ്വകാര്യസന്ദർശനമാണെങ്കിലും മുഖ്യമന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ ഗവർണറെ അറിയിക്കാറുണ്ട്. പത്രക്കുറിപ്പും നൽകാറുണ്ട്. ഇത്തവണ ഇതുരണ്ടും ഉണ്ടായില്ല. അതുകൊണ്ട് രാജ്ഭവനും അതൃപ്തിയിലാണ്. തൽകാലം പരസ്യ പ്രസ്താവനയൊന്നും രാജ്ഭവന്റെ ഭാഗത്ത് നിന്നുണ്ടാകില്ല.

യു.എ.ഇ., ഇന്ത്യോനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽ ഓൺലൈനായി ചേരാറുള്ള മന്ത്രിസഭായോഗം ബുധനാഴ്ച അവസാനനിമിഷം മാറ്റി. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കി, വിദേശയാത്ര പോയും സംശയത്തിലാണ്. ചികിത്സയ്ക്ക് പോയതാണെന്ന് ചില കേന്ദ്രങ്ങളിൽനിന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇതിനും സ്ഥിരീകരണമില്ല.

യാത്രാ ഉദ്ദേശ്യവും ചെലവ് ആര് വഹിക്കുന്നുവെന്നും വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യയാത്രയ്ക്ക് സർക്കാർ പണം ഉപയോഗിക്കരുതെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പറഞ്ഞിരുന്നു. നൂറായിരം പ്രശ്‌നങ്ങളുള്ളപ്പോൾ ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോയ മുഖ്യമന്ത്രിയെക്കുറിച്ച് എന്തുപറയാനാണെന്ന് കെ. സുധാകരൻ എംപി. പറഞ്ഞു. മുഖ്യമന്ത്രി പോയകാര്യം അറിയേണ്ടവരെല്ലാം അറിഞ്ഞിട്ടുണ്ടെന്നാണ് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചത്.

വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചിരിക്കുന്നത്.

സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ കാർഷിക വിളകൾ ഇതിനകം നശിച്ചുകഴിഞ്ഞു. തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൽ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശമനമില്ല. വേനൽ മാറി കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. ഖജനാവ് കാലിയായതിനാൽ അടുത്ത മാസം മുതൽ ശമ്പളത്തിന് ഉൾപ്പെടെ നിത്യ ചെലവുകൾക്ക് പണം കണ്ടെത്തേണ്ട അവസ്ഥയിലും.

സംസ്ഥാനം ഇത്രയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങൾ കേരളത്തിലേക്ക് അയച്ചത്. നിർണായക തീരുമാനങ്ങൾ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള ചുമതല ആർക്കും നല്കിയിട്ടുമില്ല. ഇതെല്ലാം പ്രതിപക്ഷം ചർച്ചകളിൽ നിറയ്ക്കും.