വടകര: വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനു സമീപം റെയിൽവേയുടെ കേബിൾ മുറിച്ചുമാറ്റിയതിന് പിന്നിൽ അട്ടിമറി നീക്കവും സംശയത്തിൽ. കേബിൾ മുറിച്ചത് കൃത്യസമയത്ത് ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സിഗ്നൽ അട്ടിമറിയിൽ തീവണ്ടികൾ കൂട്ടിയിടിക്കാൻ പോലും സാധ്യതയുണ്ടായിരുന്നു.

മോഷ്ടാക്കളാണ് കേബിൾ മുറിച്ചുമാറ്റിയതെന്നാണ് ആർ.പി.എഫ്. വിലയിരുത്തൽ. കുറച്ച് കേബിൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്. എന്നാൽ തീവണ്ടി അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അട്ടിമറിയാകാനും സാധ്യത ഏറെയാണ്. ഈ മേഖലയിൽ പാളത്തിൽ കൂറ്റൻ കല്ലുവച്ചും മറ്റും തീവണ്ടികളെ മറിച്ചിടാൻ പലരും ശ്രമിച്ച പൂർവ്വ ചരിത്രമുണ്ട്. തീവണ്ടിയിൽ തീകൊളുത്തിയ സംഭവവും ഇതേ റൂട്ടിലാണ് നടന്നത്. അതുകൊണ്ട് തന്നെ വളരെ ഗൗരവത്തോടെ എടുക്കേണ്ട സംഭവമാണ് കേബിൽ മുറിക്കൽ.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്‌നൽസംവിധാനം പ്രവർത്തിക്കുന്നില്ലെന്ന വിവരം റെയിൽവേക്ക് കിട്ടിയത്. ഇതോടെ റെയിൽവേ ജാഗ്രതയിലായി. തീവണ്ടി ഗതാഗതം തന്നെ നിർത്തി. തുടർന്നുനടത്തിയ പരിശോധനയിൽ പൂവാടൻഗേറ്റിലെ കേബിൾ മുറിച്ചനിലയിൽ കണ്ടെത്തി. ഇവിടെ അടിപ്പാതനിർമ്മാണം നടക്കുന്നതിനാൽ കേബിൾ പുറത്താണുള്ളത്. സാധാരണ ഭൂമിക്കടിയിലാണ് കേബിൾ ഉണ്ടാവുക. ചെറിയൊരുഭാഗത്ത് കേബിൾ സമീപത്തെ മരത്തിലും മറ്റുമായി കെട്ടിയിട്ടിരിക്കുകയാണ്.

നല്ലവിലയുള്ള കേബിളായതിനാൽ ഇത് നേരത്തേ കണ്ടുവെച്ചവരാണ് മോഷണത്തിനുപിന്നിലെന്ന സംശയത്തിലാണ് അന്വേഷണം പുരോഗിമിക്കുന്നത്. എന്നാൽ സിഗ്നൽ സംവിധാനം തകർത്തി തീവണ്ടി ദുരന്തമുണ്ടാക്കാനുള്ള ബോധ പൂർവ്വ ശ്രമം ഇതിന് പിന്നലുണ്ടാകാനും സാധ്യതയുണ്ട്. തകരാറു കണ്ടു പിടിച്ചതോടെ റെയിൽവേയുടെ സിഗ്‌നൽവിഭാഗം സ്ഥലത്തെത്തി പത്തുമണിയോടെ കേബിൾ യോജിപ്പിച്ച് സിഗ്‌നൽസംവിധാനം പൂർവസ്ഥിതിയിലാക്കി. കേബിൾ മുറിഞ്ഞതോടെ തീവണ്ടികൾ നിർത്തിയിട്ടു. കേബിൾ മുറിഞ്ഞതു മൂലമുള്ള സിഗ്നൽ തകരാർ അതിവേഗം കണ്ടെത്തിയതായിരുന്നു ഇതിൽ നിർണ്ണായകമായത്.

കേബിൾ മുറിക്കുന്നതിനോട് അനുബന്ധിച്ച് തീവണ്ടി വന്നിരുന്നുവെങ്കിൽ അത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമായിരുന്നു. അതുകൊണ്ട് തന്നെ മോഷണത്തിന് അപ്പുറമുള്ള ഗൂഢാലോചനയും ഈ സംഭവത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നതാണ് വസ്തുത. വടകര സ്റ്റേഷൻ മാസ്റ്ററിൽനിന്ന് ലോക്കോ പൈലറ്റുമാർക്ക് മെമോ എത്തിച്ചാണ് യാത്ര തുടർന്നത്. ആർ.പി.എഫ്. കോഴിക്കോട് ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം സ്ഥലത്തെത്തി പരിശോധനയും നടത്തി.