അടൂര്‍: കാപ്പ ചുമത്തി ഡി.വൈ.എഫ്.ഐ നേതാവിനെ നാടുകടത്തി. എസ്എച്ച്ഓ വ്യക്തിപരമായ വിരോധം കാരണം കളളക്കേസ് എടുത്തുവെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തു വന്നു. പ്രതിഷേധം യോഗം സംഘടിപ്പിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. എല്ലാ കാപ്പ ചുമത്തല്‍ വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് ഫോട്ടോ സഹിതം നല്‍കുന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അടക്കം പാര്‍ട്ടിയെ ഭയന്ന് വാര്‍ത്ത മുക്കി. മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാര്‍ത്ത നല്‍കിയിട്ടില്ല.

ഡി.വൈ.എഫ്.ഐ തുവയൂര്‍ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെതിരേയാണ് കഴിഞ്ഞ 27 ന് കാപ്പ ചുമത്തി ഉത്തരവ് വന്നത്. ഈ ഉത്തരവ് പോലും രഹസ്യമാക്കി വച്ചിരിക്കുകയാണ്. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രവേശിക്കുന്നതിന് ആറു മാസത്തേക്കാണ് അഭിജിത്തിനെ വിലക്കിയിരിക്കുന്നത്. അതേ സമയം, കാപ്പ ചുമത്താന്‍ വേണ്ടി അഭിജിത്തിനെതിരേ കള്ളക്കേസ് എടുത്തുവെന്നും ഇത് പുനരന്വേഷിക്കണമെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിജിത്ത് ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇതോടെയാണ് ജില്ലാ പോലീസ് മേധാവി അടക്കം ബാക്ക് ഫുട്ടിലായിരിക്കുന്നത്.

രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരേയാണ് കാപ്പ ചുമത്തുന്നത്. ജില്ലയില്‍ ഏറ്റവുമധികം കാപ്പ കേസുകള്‍ ഉണ്ടായിട്ടുള്ളത് അടൂര്‍ സ്റ്റേഷന്‍ പരിധിയിലാണ്. അഭിജിത്തിനെതിരേ രണ്ടു വര്‍ഷത്തിനിടെ നാലു ക്രിമിനല്‍ കേസുകളുണ്ട്. ഏറ്റവുമൊടുവിലായി കഴിഞ്ഞ ഏപ്രില്‍ 19 നാണ് രണ്ടു കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് വൈകിട്ട് നാലരയ്ക്ക് നെല്ലിമൂട്ടില്‍പ്പടിയിലെ സിഗ്‌നലിന് സമീപം കൊല്ലം സ്വദേശികളെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും തടസം പിടിക്കാന്‍ ചെന്ന ഹോം ഗാര്‍ഡിനെെേ െകയറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒന്ന് കാര്‍ യാത്രികരെ മര്‍ദിച്ചതിനും രണ്ടാമത്തേത് ഹോം ഗാര്‍ഡിനെ മര്‍ദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമായിരുന്നു. അഞ്ചു പ്രതികളാണ് കേസിലുണ്ടായിരുന്നത്. എല്ലാവരും ഡി.വൈ.എഫ്.ഐ നേതാക്കളുമായിരുന്നു.

കേസിലെ പ്രതിയായ മണക്കാല ചിറ്റാണിമുക്ക് അജിന്‍ ഭവനില്‍ ജെ. അജിനെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടു കടത്തിയിരുന്നു. ഇയാള്‍ക്ക് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഏപ്രില്‍ 19ന് കാപ്പ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി അജിനെ ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ ഓഫീസില്‍ വിളിച്ചു വരുത്തിയിരുന്നു. തിരികെ വരും വഴി അടൂര്‍ നെല്ലിമൂട്ടില്‍പടിയില്‍ യാത്രക്കാരെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്ത കേസിലും തടയാനെത്തിയ ഹോം ഗാര്‍ഡിനെ മര്‍ദ്ദിച്ച കേസിലും പ്രതിയായതോടെ അറസ്റ്റ് ചെയ്ത് പോലീസ് കാപ്പ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അഭിജിത്തിനെതിരേ കാപ്പ ചുമത്തിയത്. സംഭവം നടക്കുമ്പോള്‍ അഭിജിത്ത് സ്ഥലത്തില്ലെന്നാണ് വാദം. നെല്ലിമൂട്ടില്‍പ്പടിയില്‍ വച്ചാണ് മര്‍ദനം നടന്നത്. ഈ സമയം അഭിജിത്തിന്റെ മൊബൈല്‍ കാണിച്ചിരുന്നത് ബൈപ്പാസിലാണ്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് അഭിജിത്തിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് നേതാക്കള്‍ ആരോപിക്കുന്നത്. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സ്ഥലത്തില്ലാത്തയാളെ കളളക്കേസില്‍ കുടുക്കിയെന്നും ഇവര്‍ പറയുന്നു. അടൂര്‍ പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ അഭിജിത്താണെന്ന സംശയത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവത്രേ. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടി വേണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശ്രീലാല്‍ വാസുദേവന്‍