ന്യൂഡൽഹി: 21 കൊല്ലം നീണ്ട ചർച്ചകൾക്കും പലവിധ പ്രതിസന്ധികൾക്കുമൊടുവിൽ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു. ഇന്ത്യയോട് എന്നും അടുപ്പം പുലർത്താൻ ആഗ്രഹിച്ച നേതാവ്. അതുകൊണ്ട് തന്നെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ മരണം ഇന്ത്യയ്ക്കും വലിയ ആഘാതമാണ്. ഇറാനിലെ ഛാബഹാർ തുറമുഖത്തിന്റെ നിയന്ത്രണം അടുത്ത 10 വർഷത്തേക്ക് ഇന്ത്യയ്ക്ക് കൈമാറാനുള്ള കരാറിൽ മെയ്‌ 13നാണ് ഇന്ത്യയും ഇറാനും ഒപ്പുവെച്ചത്. അമേരിക്കയേയും ചൈനയേയും പാക്കിസ്ഥാനേയും വരെ ഞെട്ടിച്ച തീരുമാനം. കടുത്ത ഇസ്ലാമിക രാഷ്ട്രമായിട്ടും ഇന്ത്യയോട് സൗഹൃദം കാട്ടിയ രാജ്യം. ഇസ്രയേലുമായുള്ള ഇന്ത്യയുടെ അടുപ്പം പോലും കാര്യമാക്കാതെയാണ് സൗഹൃദത്തിന് റൈസി മുമ്പിട്ട് ഇറങ്ങിയത്. ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിൽ കരുത്ത് കൂടാൻ ഇറാന്റെ സൗഹൃദം കരുത്തായി മാറിയിരുന്നു.

ഇന്ത്യയെ ഒഴിവാക്കിക്കൊണ്ട് ഛാബഹാറിൽ ചൈനയുമായി സഹകരിക്കാൻ ഇറാൻ തീരുമാനിച്ചുവെന്ന തരത്തിൽ സൂചനകൾ വന്നെങ്കിലും പിന്നീട് അതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. പാക്കിസ്ഥാനിലെ കറാച്ചി, ഗ്വാദർ തുറമുഖങ്ങളെയും പാക്ക് റോഡുകളെയും പൂർണമായും ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലേക്ക് നേരിട്ടുള്ള വ്യാപാരബന്ധം ഛാബഹാറിലൂടെ സാധ്യമാകും. അഫ്ഗാനിസ്ഥാനുമായി മികച്ച കണക്ടിവിറ്റിയുണ്ടാകുന്നത് ആ രാജ്യത്തിന് പാക്കിസ്ഥാനുമായുള്ള ആശ്രിതത്വം കുറയ്ക്കുന്നത് തന്ത്രപരമായി ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കും. ഇറാന്റെ ദക്ഷിണതീരത്തെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒമാൻ കടലിടുക്കിലാണ് ഛാബഹാർ തുറമുഖം. ഷാഹിദ് കലന്തേരി, ഷാഹിദ് ബെഹേഷ്തി എന്നിങ്ങനെ രണ്ട് പ്രത്യേക തുറമുഖങ്ങളെ ഉൾക്കൊള്ളുന്നതാണ് ഛാബഹാർ.

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിട്ടുണ്ട്. അപകടത്തിൽ ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉൾപ്പെടെ മരിച്ചെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്ടറിന് സമീപത്തുനിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവർത്തകർ അറിയിച്ചതായാണ് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവർത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. തകർന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇന്ത്യയുമായി അടുപ്പം പുലർത്തിയവരായിരുന്നു. വിദേശകാര്യ മന്ത്രി ഹുസൈൻ അമിറിന്റെ ഇന്ത്യൻ സന്ദർശനം ഏറെ നിർണ്ണായകമായിരുന്നു.

കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കും റഷ്യ വരെയുള്ള യൂറേഷ്യൻ രാജ്യങ്ങളിലേക്കും പാക്കിസ്ഥാനെ ഒഴിവാക്കിയുള്ള ചരക്കുനീക്കം ഛാബഹാറിലൂടെ ഇന്ത്യയ്ക്ക് സാധ്യമായത് റൈസിയുടേയും അമിറിന്റേയും പിന്തുണയുടെ ഫലമായിരുന്നു. ഛാബഹാർ പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ ഇന്ത്യയിലേക്കുള്ള ഇരുമ്പയിര്, പഞ്ചസാര, അരി എന്നിവയുടെ ഇറക്കുമതി എളുപ്പത്തിലാകുംം. എണ്ണ ഇറക്കുമതിച്ചെലവിലും കാര്യമായ കുറവുണ്ടാകും. ഇറാനുമായി സൈനികബന്ധം കൂടി സ്ഥാപിക്കാനുള്ള വാതിൽ ഛാബഹാർ തുറന്നിടുന്നുണ്ട്. കൂടാതെ അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെയും ചൈനപാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയെയും പ്രതിരോധിക്കാൻ ഛാബഹാർ ബദലാകും. അങ്ങനെ ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കരാറിനായിരുന്നു ഇന്ത്യയും ഇറാനും ഈ മാസം ഒപ്പിട്ടത്. അതിന് പിന്നിലെ പ്രധാന ശിൽപ്പിയാണ് യാത്രയാകുന്നത്.

വാണിജ്യ വ്യാപാര മേഖലയ്ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യയെ സഹായിക്കുന്ന സ്ഥിതി വന്നിരുന്നു. 2022ൽ ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ച മേഖലയിലെ നിർണ്ണായകമായ നിരവധി വിഷയങ്ങളിൽ തീരുമാനത്തിലെത്തിയിരുന്നു. ഇതിന് പിന്നിലും പ്രസിഡന്റിന്റെ പിന്തുണയുണ്ടായിരുന്നു. റഷ്യ-യുക്രെയ്ൻ ആക്രമണവുമായി ബന്ധപ്പെട്ട് വാണിജ്യ-ഇന്ധന മേഖലയിലെ സമ്മർദ്ദം പരിഹരിക്കാൻ ഇന്ത്യ-ഇറാൻ സംയുക്ത പദ്ധതിയും കൊണ്ടു വന്നു.

അങ്ങനെ എല്ലാ അർത്ഥത്തിലും ഇന്ത്യയുമായി ഇറാൻ സൗഹൃദത്തിലായി. അങ്ങനെ ഇന്ത്യയ്ക്ക് ഏറ്റവും വില കൊടുത്ത റൈസിയുടെ മരണം നയതന്ത്ര ബന്ധത്തിൽ എന്ത് മാറ്റം കൊണ്ടു വരുമെന്നത് നിർണ്ണായകമാണ്. ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുക്‌ബാർ ഇറാന്റെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. പ്രത്യേക കൗൺസിലായിരിക്കും ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും.