ടെഹ്‌റാൻ: ആഭ്യന്തര- അന്തർദേശീയ വിഷയങ്ങൾ സംഘർഘഭരിതമായ കാലയളവായിരുന്നു, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഭരണകാലം. ഹെലികോപ്ടർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുമ്പോൾ ഇറാൻ രാഷ്ട്രീയമായി വെല്ലുവിളി കൂടി നേരിടുകായണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവായിരുന്നു റൈസി. ഇറാൻ ജുഡീഷ്യറിയിലും മതനേതൃത്വത്തിലും ആഴത്തിൽ ബന്ധങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇതിന്റെ പേരിൽ ആഭ്യന്തരമായി കടുത്ത എതിർപ്പും അദ്ദേഹം നേരിടേണ്ടി വന്നു. ഇറാൻ മതപൊലീസിന്റെ കാർക്കശ്യത്തിനെതിരെ വലിയ പ്രക്ഷോഭം തന്നെയാണ് നേരിടേണ്ടി വന്നത്.

മതപൊലീസിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട മഹ്‌സ അമിനിക്ക് വേണ്ടി യുവത്വം തെരുവിൽ ഇറങ്ങഇയതോടെ ഇറാൻ ഭരണകൂടം ശരിക്കും വിറച്ചു. തലമൂടുന്ന ശിരോവസ്ത്രം ധരിക്കാത്ത കുറ്റത്തിനാണ് അമിനിയെ പിടികൂടിയത്. മതപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തലയ്ക്കടിയേറ്റാണ് 22-കാരിയായ അമിനി കൊല്ലപ്പെട്ടത്. ഇതോടെ വലിയ പ്രക്ഷോഭം നേരിട്ടു. തെരുവിലിറങ്ങിയ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ കീറിയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചു. മാസങ്ങൾനീണ്ട പ്രക്ഷോഭത്തിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 551 പേരാണ് കൊല്ലപ്പെട്ടത്. 2000 പേരെ അറസ്റ്റുചെയ്തിരുന്നു.

മഹ്‌സ അമിനിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യൂറോപ്യൻ യൂണിയനും രംഗത്തെത്തുകയും ചെയ്തു. മനുഷ്യാവകാശങ്ങൾക്കായി പോരാടുന്ന ഇറാനിലെ ജനങ്ങൾക്കൊപ്പമാണ് അമേരിക്കയെന്ന് ബൈഡൻ പറഞ്ഞു. എന്നാൽ ഇതിനെയൊക്ക അടിച്ചമർത്തൽ ശൈലിയിലാണ ഇറാൻ പ്രസിഡന്റ് നേരിട്ടത്. മതകാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന കാർക്കശ്യക്കാരനായിരുന്നു അദ്ദേഹം.

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഏറ്റവും വലിയ ശിയ തീർത്ഥാടന കേന്ദ്രവുമായ മശ്ഹദിൽ 1960ലാണ് റൈസിയുടെ ജനനം. അഞ്ചു വയസ്സായിരിക്കെ പിതാവ് മരിച്ച റൈസി 1979ൽ ആയത്തുല്ല റൂഹുല്ലാ ഖുമൈനി നയിച്ച ഇസ്‌ലാമിക വിപ്ലവത്തിൽ പങ്കാളിയായി. 25ാം വയസ്സിൽ ടെഹ്‌റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു.

1988ൽ എല്ലാ രാഷ്ട്രീയ എതിർപ്പുകളും അവസാനിപ്പിച്ച് എതിരാളികൾക്ക് കൂട്ട മരണം വിധിച്ച നാല് ജഡ്ജിമാരിൽ ഒരാളായിയിരുന്നതും ഇബ്രാഹിം റൈസിയായിരുന്നു. എന്നാൽ, മരണശിക്ഷ വിധിച്ചവരിൽ താനില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നീട് ജുഡീഷ്യറി ഉപമേധാവിയായ അദ്ദേഹം 2014ൽ ഇറാൻ പ്രോസിക്യൂട്ടർ പദവിയിലെത്തി. രണ്ടുവർഷം കഴിഞ്ഞ് രാജ്യത്തെ ഏറ്റവും ശക്തമായ മതസ്ഥാപനമായ ആസ്താനെ ഖുദ്‌സ് റിസവിയുടെ തലപ്പത്ത് ആയത്തുല്ല ഖമേനി അദ്ദേഹത്തെ നിയമിച്ചു.

2017 ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2019ൽ ജുഡീഷ്യറി മേധാവി പദവിയും തേടിയെത്തിയ റൈസി രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റുമായി. വൈകാതെ, അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിർണയിക്കാനുള്ള വിദഗ്ധ സഭയുടെ ഉപ ചെയർമാൻ പദവിയിലും റൈസി നിയമിതനായി.

യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യക്ക് ആയുധങ്ങളടക്കം നൽകി ഇബ്രാഹിം റൈസി പൂർണ പിന്തുണ നൽകുന്നത് യൂറോപ്പിനെ പ്രകോപിപ്പിച്ചിരുന്നു. അമേരിക്ക ഉപരോധമേർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിൽ റഈസിയുണ്ടായിരുന്നു. 2019ൽ ഡോണൾഡ് ട്രംപ് ആണ് റൈസിക്ക് വിലക്കേർപ്പെടുത്തിയത്. ഏറ്റവും ഒടുവിൽ ഇസ്രയേലിലേക്ക് മിസൈൽ അടച്ച് ഇറാൻ പ്രകോപനം തീർത്തത് ലോകത്തെ മുഴുവൻ ചൊടിപ്പിച്ചിരുന്നു. ഇതിനിടെയിലും ഇന്ത്യയുമായി ഊഷ്മള ബന്ധമാണ് റൈസി പുലർത്തിയത്. ഇന്ത്യയുമായി തുറമുഖ കരാർ അടക്കം നിലവിൽ വന്നത് അടുത്തിടെയാണ്.

ഹെലികോപ്ടർ അപകടത്തിൽ ഇഹ്രാബിം റെയ്‌സ് കൊല്ലപ്പെട്ടതോടെ ഇറാന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്റ് ചെയർമാൻ കോലിവാൻഡും അറിയിച്ചു. ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ, ഈസ്റ്റേൺ അസർബൈജാൻ ഗവർണർ മലേക് റഹ്മതി, തബ്‌റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാർഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുക്‌ബാർ ഇറാന്റെ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. പ്രത്യേക കൗൺസിലായിരിക്കും ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു.

12 മണിക്കൂറിലധികമായി നാൽപതിലേറെ സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് ഹെലികോപ്ടർ കണ്ടെത്താനായത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റർ ഇറക്കിയെന്നും വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്‌റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.