തിരുവനന്തപുരം: രാജ്യസഭ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം സജീവമാകുമ്പോള്‍ പുതിയ ഫോര്‍മുലയും തയ്യാര്‍. രാജ്യസഭാ സീറ്റ് സിപിഐയും സിപിഎമ്മും കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടു കൊടുക്കില്ല. സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും രംഗത്തെത്തിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെ കുറിച്ച് സിപിഎം ചിന്തിക്കുന്നുണ്ട്. രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കുന്നത് ആലോചിക്കുന്നതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2027 ല്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാമെന്നും സിപിഎം ഉറപ്പു നല്‍കിയേക്കും. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുമ്പ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കുള്ള പദവിയാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം. ഫലത്തില്‍ കേരളാ കോണ്‍ഗ്രസിന് ഒരു കാബിനറ്റ് പദവി കൂടി കിട്ടും. നിലവില്‍ മന്ത്രിയും ഇടതു മുന്നണിയുടെ വിപ്പും കേരളാ കോണ്‍ഗ്രസ് എമ്മിന് സ്ഥാനമായുണ്ട്. ഇതിനൊപ്പമാണ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ പദവിയിലെ വാഗ്ദാനം. ഇടതു മുന്നണിയില്‍ എന്‍സിപിയും ആര്‍ജെഡിയും രാജ്യസഭാ സീറ്റിന് വേണ്ടി സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പുതിയ നീക്കം നടത്തുന്നത്. എന്‍സിപിക്കും ആര്‍ജെഡിക്കും ഒരു കാരണവശാലും രാജ്യസാഭാ സീറ്റ് നല്‍കില്ല.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ ഒഴിവാക്കിയേക്കുമെന്നാണ് എക്സ്പ്രസ് സൂചിപ്പിക്കുന്നത്. അതേസമയം സീറ്റ് കൂടിയേ തീരു എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ മധ്യതിരുവിതാംകൂറില്‍ പാര്‍ട്ടിയുടെ സാധ്യത കൂടുതല്‍ പരുങ്ങലിലാകും. കൂടാതെ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന വാദം കേരള കോണ്‍ഗ്രസില്‍ കൂടുതല്‍ ശക്തമാകുമെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്നാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടായതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടിരുന്നു. ജോസ് കെ മാണിയെ കൂടെ കൂട്ടാന്‍ യുഡിഎഫ് വീണ്ടും ശ്രമം നടത്തുന്നുണ്ട്.

മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ജൂലൈയില്‍ ഒഴിവ് വരുന്നത്. ഇതില്‍ ഒന്നും നിലവില്‍ യുഡിഎഫിനുള്ളതല്ല. മൂന്നാം ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന് മുസ്ലീം ലീഗിന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് അടുത്ത തവണത്തെ ഒഴിവാണെന്നാണ് അനൗദ്യോഗിക ധാരണ. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഒഴിവില്‍ കോണ്‍ഗ്രസിന് മത്സരിക്കാം. നിലവില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും രാജ്യസഭയില്‍ ഓരോ അംഗങ്ങളാണുള്ളത്. അതുകൊണ്ടാണ് ഇത്തവണ നറുക്ക് കോണ്‍ഗ്രസിനും അടുത്ത തവണ മുസ്ലീം ലീഗിനും നല്‍കാനുള്ള ധാരണ. എന്നാല്‍ ഇടതുപക്ഷത്തെ പൊട്ടിത്തെറികള്‍ പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക.

ജോസ് കെ മാണിയും ബിനോയ് വിശ്വവും എളമരം കരിമുമാണ് ജൂലൈ ഒന്നിന് വിരമിക്കുന്നവര്‍. ഇതില്‍ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിക്ക് രാജ്യസഭയില്‍ വീണ്ടും പോയേ പറ്റൂവെന്ന നിലപാടിലാണ്. സിപിഐയുടെ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വത്തിന്റെ ഒഴിവ് സിപിഐയും വിട്ടു കൊടുക്കില്ല. ദേശീയ സാഹചര്യത്തില്‍ സിപിഎമ്മും വിട്ടൂവീഴ്ച കാട്ടില്ല. അതിനാല്‍ ഈ തര്‍ക്കം ഇടതുപക്ഷത്ത് പൊട്ടിത്തെറിയാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്. ലോക്സഭയില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായാല്‍ ഈ തര്‍ക്കം രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പോലും വഴിയൊരുക്കും. അതുകൊണ്ട് തന്നെ കാത്തിരുന്ന് തീരുമാനത്തിനാകും കോണ്‍ഗ്രസ് ശ്രമിക്കുക. ഇതു മനസ്സിലാക്കിയാണ് സിപിഎം ഇടപെടല്‍.

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയാണ് രാജ്യസഭയിലെ പാര്‍ട്ടിയുടെ അംഗം. ഈ പദവിയുമായാണ് കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയിലേക്ക് വന്നത്. ഇതിനൊപ്പം ലോക്സഭാ എംപിയും ഇടതുപക്ഷത്തേക്ക് കൂറുമാറുമ്പോള്‍ കേരളാ കോണ്‍ഗ്രസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കോട്ടയം ലോക്സഭാ സീറ്റിനൊപ്പം രാജ്യസഭാ സീറ്റും കേരളാ കോണ്‍ഗ്രസിന് മാറ്റിവയ്ക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പിണറായി വിജയനുമായി ജോസ് കെ മാണിയ്ക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയന്റെ നിലപാട് അനുകൂലമാകുമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇതിനിടെയാണ് പുതിയ ചര്‍ച്ചകള്‍.

എളമരം കരിമും ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യസഭാ അംഗമാണ്. ഈ ഒഴിവില്‍ രാജ്യസഭയിലെത്താന്‍ എംഎ ബേബി അടക്കം ആഗ്രഹിക്കുന്നുണ്ട്. ജോണ്‍ ബ്രിട്ടാസും വി ശിവദാസനും എഎ റഹിമുമാണ് സിപിഎമ്മിന്റെ മറ്റ് രാജ്യസഭാ അംഗങ്ങള്‍. ദേശീയ രാഷ്ട്രീയത്തില്‍ നിറയാന്‍ രാജ്യസഭയില്‍ നിലവിലുള്ള നാല് അംഗങ്ങളെ സിപിഎമ്മിനും അനിവാര്യതയാണെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്. ലോക്സഭയില്‍ സിപിഎമ്മിന് സീറ്റ് കൂടിയാല്‍ ഇത് അനിവാര്യതയാകും. അല്ലെങ്കിലും രാജ്യസഭയിലെങ്കിലും പരമാവധി ശബ്ദമുയര്‍ത്തി ദേശീയ ശ്രദ്ധയില്‍ നില്‍ക്കാന്‍ സിപിഎം ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുണ്ടെന്നതാണ് വസ്തുത.