മാനന്തവാടി: സമീപകാല വിവാദങ്ങൾ ആലത്തൂരിൽ വിജയിച്ച മന്ത്രി കെ. രാധാകൃഷ്ണൻ രാജിവെച്ചൊഴിയുമ്പോഴുള്ള സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തുന്നതിൽ നിർണ്ണായകമാകും. സിപിഎമ്മിൽ സീനിയോറിട്ടി ഇക്കാര്യത്തിൽ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. മന്ത്രിയാകാനുള്ള പട്ടികയിൽ മാനന്തവാടി എംഎ‍ൽഎ. ഒ.ആർ. കേളുവിനു മുൻഗണന ലഭിക്കും.

ലോക കേരളസഭയുടെ നാലാംസമ്മേളനം 15 വരെ തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഇതിനുശേഷം മന്ത്രി രാധാകൃഷ്ണൻ രാജിവെക്കും. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം ചേർന്നിരുന്നു. 18, 19, 20 തീയതികളിൽ സിപിഎം. സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. ഇതിനുശേഷം ഒ.ആർ. കേളുവിനെ മന്ത്രിയാക്കാനുള്ള ഔദ്യോഗികതീരുമാനം പ്രഖ്യാപിക്കും. വയനാട്ടിൽനിന്ന് ഇതുവരെ സിപിഎമ്മിനു മന്ത്രിയുണ്ടായിട്ടില്ലെന്നതും ഒ.ആർ. കേളുവിനു മുൻഗണന നൽകുന്നു.

പാർട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എംഎ‍ൽഎ.യായ പരിഗണനയുമാണ് ഒ.ആർ. കേളുവിനുള്ള മുൻതൂക്കം. സിപിഎം. സംസ്ഥാനകമ്മിറ്റിയംഗം കൂടിയാണ്. ഇതും കേളുവിന് അനുകൂല ഘടകമാണ്. പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒ.ആർ. കേളു മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള കെ.എം. സച്ചിൻദേവ്, എ. രാജ, കെ. ശാന്തകുമാരി, പി.വി. ശ്രീനിജൻ, പി.പി. സുമോദ്, എം.എസ്. അരുൺകുമാർ, ഒ.എസ്. അംബിക എന്നിവരാണ് സാധ്യതയുള്ള മറ്റുള്ളവർ. മന്ത്രി മുഹമ്മദ് റിയാസിന് സച്ചിൻ ദേവിനെ മന്ത്രിയാക്കണെന്ന അഭിപ്രായമുണ്ട്.

പട്ടികയിൽ രണ്ടുതവണ എംൽഎയായതും ഒ.ആർ. കേളു മാത്രമാണ്. കേളുവിനു ഇനി മത്സരിക്കാനും സാധിക്കില്ല. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ ശോഭിച്ച ശേഷമാണ് സിറ്റിങ് എംഎ‍ൽഎ.യും മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തി ഒ.ആർ. കേളു സഭയിലെത്തിയത്. രണ്ടാം തവണയും വിജയം നേടി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് കേളുവിന്റെ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുള്ള മറ്റു ദലിത് എംഎൽഎമാർ പാർട്ടിയിലില്ല. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. ഇതോടെ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും. ഒന്നാം പിണറായി സർക്കാരിലും വയനാട്ടിൽനിന്നു മന്ത്രി ഉണ്ടായിരുന്നില്ല.

പട്ടിക ജാതിയിൽനിന്നു തന്നെ മന്ത്രി മതിയെന്ന തീരുമാനമുണ്ടായാൽ മാത്രമേ കേളുവിനു പകരം മറ്റു പേരുകൾ പരിഗണനയിൽ വരികയുള്ളൂ. 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ പട്ടിക വർഗ വിഭാഗത്തിൽനിന്നു പി.കെ.ജയലക്ഷ്മി യുഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്നു. വയനാട് ജില്ലയിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000ൽ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടർന്ന് 2005ലും 2010ലുമായി 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് 2015ൽ തിരുനെല്ലി ഡിവിഷനിൽനിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോൽപിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.