തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ കെ എസ് യു പ്രവര്‍ത്തകനും എംഎ കേരള സ്റ്റഡീസ് വിദ്യാര്‍ഥിയുമായ സാന്‍ ജോസിനു നേരെ വീണ്ടും ഭീഷണി. സാന്‍ ജോസിനോട് അടുപ്പമുള്ള വിദ്യാര്‍ഥികളോടാണു ക്ലാസിലെത്തിയാല്‍ കൈകാര്യം ചെയ്യും എന്ന തരത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. അതേ സമയം സാന്‍ ജോസിനു ക്യാംപസില്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി കെ എസ് യു നേതൃത്വം രംഗത്ത് വന്നു.

"അവന്‍ ഇങ്ങോട്ടു തന്നെ വരുമെന്ന് പറഞ്ഞേക്കണം. അഭിനയമൊക്കെ നിര്‍ത്താന്‍ പറഞ്ഞോ. കേസുമായി മുന്നോട്ടു പോവാനാണ് ഭാവമെങ്കില്‍ വച്ചേക്കില്ല" എന്ന തരത്തിലായിരുന്നു ഭീഷണി. ബുധനാഴ്ച മുതല്‍ താന്‍ ക്യാംപസില്‍ പഠനത്തിനു പോകുമെന്നു സാന്‍ ജോസ് പറഞ്ഞു.

ക്യാംപസില്‍ ഇടിമുറിയില്ലെന്ന റജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്നാണു സാന്‍ ജോസ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കും. ഇടതുപക്ഷ അധ്യാപക സംഘടനയിലെ ഉന്നതരെ ഉള്‍പ്പെടുത്തിയാണ് റജിസ്ട്രാര്‍ അന്വേഷണ സമിതി രൂപീകരിച്ചതെന്നും സാന്‍ ജോസ് ചൂണ്ടിക്കാട്ടി. അന്വേഷണ സമിതിയുടെ തലപ്പത്തുണ്ടായിരുന്ന അധ്യാപകനു ഇന്നലെ ഉന്നത പദവി ലഭിച്ചത് ഉപകാരസ്മരണയാണെന്ന് കെഎസ്യു ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനം വിളിക്കാനും സംഘടനയില്‍ ആലോചനയുണ്ട്.

കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റലില്‍ കഴിയുന്ന അന്തേവാസികളുടെ കൃത്യമായ കണക്കെടുക്കണമെന്നും സാന്‍ ജോസ് വൈസ് ചാന്‍സലര്‍ക്ക് കൊടുക്കുന്ന കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ക്യാംപസില്‍ ഇടിമുറിയില്ലെന്ന് എസ്എഫ്‌ഐയും അന്വേഷണ സമിതി റിപ്പോര്‍ട്ടും പറയുമ്പോള്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ പലരും പുറമെ പറയാന്‍ തയാറാകുന്നില്ല. തനിക്ക് ക്യാംപസില്‍ നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി ഒരു ആദിവാസി യുവാവും ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പ്രതികള്‍ക്ക് ഉടന്‍ നോട്ടിസ് അയയ്ക്കുമെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ആയതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെ ആവശ്യമില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികളെല്ലാം ക്യാംപസിലെ എസ്എഫ്‌ഐ പരിപാടികളില്‍ സജീവമാണ്.